തിരുവനന്തപുരം: ഒന്നാംഘട്ടതദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ പലയിടത്തും കൈയേറ്റവും കൂട്ടത്തല്ലും നടന്നു. അങ്ങിങ്ങ് അക്രമവുമുണ്ടായി. പരിയാരം പഞ്ചായത്തില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വെബ്കാസ്റ്റിങ് യന്ത്രം തകരാറിലാക്കിയതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെനേരം തടസ്സപ്പെട്ടു. പരിയാരത്തെ അഞ്ച്, ആറ് വാര്‍ഡുകളിലാണ് പോളിങ് തടസ്സപ്പെട്ടത്. തലോറയിലും എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വെബ്കാസ്റ്റിങ് യന്ത്രത്തിന്റെ കേബിള്‍ മുറിച്ചുമാറ്റി. തളിപ്പറമ്പിലും തലശ്ശേരിയിലും സി.പി.എം., മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തളിപ്പറമ്പില്‍ ആറ് ബൈക്കുകള്‍ തകര്‍ത്തു.
കാസര്‍കോട് കോടോംബേളൂര്‍ പഞ്ചായത്തിലെ ചുള്ളിക്കരയില്‍ സി.പി.എം. കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ഓഫീസായ പ്രിയദര്‍ശിനിമന്ദിരം തകര്‍ന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായിരുന്ന സജി പ്ലാച്ചേരിയുടെ കാര്‍ അക്രമികള്‍ തകര്‍ത്തു. മടിക്കൈയില്‍ സി.പി.എം.ബി.ജെ.പി. ഏറ്റുമുട്ടലലില്‍ അഞ്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കണ്ണൂരില്‍ മൂന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്കുനേരെ അക്രമമുണ്ടായി. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വാര്‍ഡിലെ പി.വി.രേഷ്മ, ചൊക്ലി പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പി.പി.വസന്ത, പയ്യന്നൂര്‍ ബ്ലോക്കിലെ പെരിന്തട്ട ഡിവിഷനിലെ വി.ജെ.ഷിജോ എന്നിവര്‍ക്കുനേരെയാണ് അക്രമമുണ്ടായത്. ഇതില്‍ വസന്തയുടെമേല്‍ ബൂത്തിനുള്ളില്‍നിന്നുതന്നെ ചെളിവെള്ളം കോരിയൊഴിച്ചു.
കണ്ണൂരില്‍ ഒട്ടേറെ യു.ഡി.എഫ്. ബൂത്ത് ഏജന്റുമാര്‍ക്കുനേരെയും അക്രമമുണ്ടായി. എരമംകുറ്റൂര്‍ പഞ്ചായത്തിലെ മാതമംഗലത്ത് യു.ഡി.എഫ്. ബൂത്ത് ഏജന്റിനെയും വനിതാ സ്ഥാനാര്‍ത്ഥിയെയും ബൂത്തില്‍നിന്ന് ബലമായി ഇറക്കിവിട്ടു. യു.ഡി.എഫ്. ഏജന്റിനെ വാഹനത്തില്‍ ഇടതുപ്രവര്‍ത്തകര്‍ കടത്തിക്കൊണ്ടുപോകുകയും ചെയ്തു.
കോഴിക്കോട്ടും വോട്ടെടുപ്പിനിടെ ചിലയിടങ്ങളില്‍ അക്രമമുണ്ടായി. ജനാധിപത്യവേദി ജില്ലാ കണ്‍വീനര്‍ സി.ലാല്‍ കിഷോറിന് മര്‍ദ്ദനമേറ്റു. കഴുത്തിലും കാലിലും പരിക്കേറ്റ ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടുചെയ്ത് തിരിച്ചെത്തിയ ലാലിനെ സി.പി.എം. പ്രവര്‍ത്തകര്‍ വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. എസ്.എഫ്.ഐ. നേതാവും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ലാല്‍ കിഷോര്‍, ടി.പി.ചന്ദ്രശേഖരന്‍ വധത്തിനുശേഷം ജനാധിപത്യവേദി രൂപവത്കരിക്കുകയായിരുന്നു.
വോട്ടെടുപ്പിനുശേഷം സ്ഥാനാര്‍ഥിയെ ബൂത്തില്‍ പ്രവേശിക്കാന്‍ പോലീസ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് സി.പി.എം. പ്രവര്‍ത്തകര്‍ കോഴിക്കോട്‌വയനാട് റോഡ് ഉപരോധിച്ചു. കല്ലായിയില്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ എല്‍.ഡി.എഫ്. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നടക്കാവില്‍ വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സി.പി.എം. പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതി സംഘര്‍ഷത്തിന് കാരണമായി. കോഴിക്കോട്‌വയനാട് ദേശീയപാത സി.പി.എം. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വയനാട് മാനന്തവാടി ആറാട്ടുതറയില്‍ ഏറ്റുമുട്ടിയ കോണ്‍ഗ്രസ്‌സി.പി.എം. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി.
തിരുവനന്തപുരം ജില്ലയില്‍ പാങ്ങപ്പാറയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. ഇതിനെതിരെ ഏതാനും സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് ആനാട്ട് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു. കൊല്ലം തെന്മലയില്‍ സി.പി.എം., ആര്‍.എസ്.പി. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തൃക്കോവില്‍വട്ടത്ത് കോണ്‍ഗ്രസ്‌സി.പി.ഐ. സംഘര്‍ഷത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇടുക്കി ജില്ലയില്‍ കാര്യമായ അക്രമമുണ്ടായില്ല.