സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്കാണ് അവാര്‍ഡ് പ്രഖ്യാപനം. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക്ക് ഓഫ്, ഈമയൗ, അങ്കമാലി ഡയറീസ്, രക്ഷാധികാരി ബൈജു, പറവ തുടങ്ങിയ ചിത്രങ്ങളാണ് അവസാനവട്ട പട്ടികയില്‍ ഉള്ളത്. മികച്ച നടനുള്ള മത്സരത്തില്‍ മൂന്ന് പേര്‍ അവസാന റൗണ്ടിലെത്തിയതായാണ് സൂചന. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ടേക്ക് ഓഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ സുരാജ് വെഞ്ഞാറമൂട്, പാതി എന്ന ചിത്രത്തിലൂടെ ഇന്ദ്രന്‍സ് എന്നിവരാണ് അവസാന പട്ടികയിലുള്ളത്. മികച്ച നടിക്കുള്ള അവാര്‍ഡിനായി ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതി, മായാനദിയിലൂടെ ഐശ്വര്യ ലക്ഷ്മി, ഉദാഹരണം സുജാതയിലൂടെ മഞ്ജു വാര്യര്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലൂടെ നിമിഷ സജയന്‍ എന്നിവരും അവസാനഘട്ട പട്ടികയിലുണ്ട്. മുപ്പതോളം വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

Top