ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കി കീര്‍ത്തി; ടൊവിനോ, ജയസൂര്യ, പൂര്‍ണ്ണിമ എന്നിവര്‍ക്ക് അഭിനന്ദന പ്രവാഹം

കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ അകപ്പെട്ട ദുരിതബാധിതര്‍ക്ക് സഹായവുമായി നടി കീര്‍ത്തി സുരേഷ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ കീര്‍ത്തി സംഭാവന നല്‍കി. ഇത് കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കുള്ള അവശ്യ വസ്തുക്കള്‍ക്കായി അഞ്ച് ലക്ഷം രൂപയും കീര്‍ത്തി നല്‍കുകയുണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും താരം സജീവമായി പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഗവ. സംസ്‌കൃത കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കീര്‍ത്തി പങ്കാളി ആയിരുന്നു.

അതേസമയം, കീര്‍ത്തിക്ക് പുറമേ മഞ്ജു വാര്യര്‍, ഐശ്വര്യ എന്നിവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. ദുരിതത്തിന്റെ വ്യാപ്തി വലുതാണെന്ന് മനസ്സിലായ സാഹചര്യത്തില്‍ അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സിനിമാ താരങ്ങള്‍. മലയാള സിനിമയില്‍ നിന്ന് ആദ്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായെത്തിയത് താരസംഘടനയായ ‘അമ്മ’യായിരുന്നു. ആദ്യഘട്ടമായി പത്ത് ലക്ഷം മാത്രം നല്‍കിയിരുന്ന ‘അമ്മ’യ്‌ക്കെതിരെ പലരും രംഗത്തെത്തിയിരുന്നു. അതിന് ശേഷമാണ് 40 ലക്ഷം നല്‍കിക്കൊണ്ട് സംഘടന എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘അന്‍പോട് കൊച്ചി’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സംഘവും നടത്തിയ പ്രവര്‍ത്തനം വളരെയധികം പ്രശംസനീയമാണ്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ ശേഖരിച്ച് എത്തിക്കുകയായിരുന്നു ഈ കൂട്ടായ്മ. ഈ കൂട്ടായ്മയോട് ചേര്‍ന്നായിരുന്നു മറ്റ് പല സിനിമാ താരങ്ങളും പ്രവര്‍ത്തിച്ചത്. കൊച്ചി, തമ്മനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നടന്‍ ജയസൂര്യ, ആസിഫ് അലി, നീരജ് മാധവ്, അജു വര്‍ഗ്ഗീസ്, ഷംന കാസിം തുടങ്ങിയവര്‍ പങ്കാളികളായി. ദുരിതം അധികം ബാധിക്കാത്തവരെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് നടന്‍ ജയസൂര്യ അറിയിച്ചു. കടവന്തറയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ എത്തിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റേയും അന്‍പോട് കൊച്ചിയുടേയും സഹകരണത്തിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സിനിമാ താരങ്ങളായ പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സരയൂ എന്നിവരും അന്‍പോട് കൊച്ചിയുടെ ഭാഗമാണ്. അതേസമയം, ഷൂട്ടിംഗിനിടെ കൈയ്ക്ക് പറ്റിയ അപകടം കാര്യമാക്കാതെ അമലാ പോളും പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിരുന്നു. കൂടാതെ ഉണ്ണി മുകുന്ദനും പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയിരുന്നു. ദുരിതം ബാധിച്ചവര്‍ക്ക് വസ്ത്രങ്ങള്‍ എത്തിച്ചുകൊടുക്കുകയായിരുന്നു ദിലീപ്. ദിലീപിന്റെ സ്വദേശം കൂടിയായ ആലുവയിലാണ് പ്രളയം ഏറ്റവും കൂടുതലായി ബാധിച്ചതും. നിറസാന്നിധ്യമായി നിന്നത് നടന്‍ ടൊവിനോ ആയിരുന്നു. ഇരിങ്ങാലക്കുട വീടിന് സമീപത്തുള്ള ക്യാംപില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുകയായിരുന്നു താരം ചെയ്തത്. നാട്ടുകാരോടൊപ്പം രാപ്പകലില്ലാതെ പണിയെടുക്കുകയാണ് താരം.

Top