അയ്മനം: കഴിഞ്ഞ അഞ്ചു വർഷം കേരളത്തിലെ സാധാരണക്കാർ അനുഭവിച്ച ദുരിതത്തിന് അറുതിവരുത്താനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നു കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയ്മനം കുടമാളൂർ പുളിഞ്ചുവട് ചേർന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചു വർഷം മുൻപ് കേരളത്തിലെ ജനത്തിന് ഒരു അബദ്ധം പറ്റി. യു.ഡി.എഫ് സർക്കാരിനെതിരെ നടത്തിയ നുണപ്രചരണങ്ങളിൽ വിശ്വസിച്ച് എൽ.ഡി.എഫിനെ അധികാരത്തിലെത്തിച്ചു. എന്നാൽ, അത് വലിയ അബദ്ധമായിരുന്നു എന്ന് ഇന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് ഇപ്പോൾ നാട് ഭരിക്കുന്നതെന്നു കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി പറഞ്ഞു.
കടലിനെപ്പോലും വിറ്റവർ, സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ തൊഴിൽ ഇല്ലാതാക്കുകയായിരുന്നു. നാടിന് വേണ്ടത് വികസനമാണ് എന്നു തിരിച്ചറിയാത്ത സർക്കാർ നാട് ഭരിക്കുന്നതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ ശാപമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ കാലത്ത് ലഭിച്ച വികസനമല്ലാതെ മറ്റൊന്നും ഇന്ന് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലില്ലെന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. അയ്മനം പഞ്ചായത്തിലെ തുറന്ന വാഹനത്തിലെ പ്രചാരണത്തിന് വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തെ അക്ഷരാർത്ഥത്തിൽ അവഗണിക്കുകയായിരുന്നു എൽ.ഡി.എഫ് ചെയ്തത്. കുടയംപടിയിൽ നിന്നും കുമരകത്തിനു പോകുന്നതിനുള്ള റോഡ് നോക്കിയാൽ മതി എന്താണ് അവഗണന എന്നു മനസിലാകാൻ. ഒരു തരത്തിലും സാധാരണക്കാരായ ആളുകളെ ജീവിക്കാൻ അനുവദിക്കില്ലെന്നു ഉറപ്പിച്ച സർക്കാരാണ് കഴിഞ്ഞ അഞ്ചു വർഷവും നാട് ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.