മദ്യനയം വെറും തട്ടിപ്പായിരുന്നുവെന്ന് സീറോ മലബാര്‍ സഭ; ആദര്‍ശവാദികളുടെ രാഷ്ട്രീയ നാടകം; ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം പാളിയെന്നും കുറ്റപ്പെടുത്തല്‍

കൊച്ചി: സര്‍ക്കാരിന്റെ മദ്യനിരോധനം തട്ടിപ്പായിരുന്നുവെന്ന് സീറോ മലബാര്‍ സഭ. ബാര്‍ ഹോട്ടലുകള്‍ പൂട്ടിയപ്പോള്‍ ബിവറേജസ് പാര്‍ലറുകള്‍ വഴി മദ്യമൊഴുക്കി സര്‍ക്കാര്‍ കൊഴുത്തു തടിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യനിരോധനം പാളിപ്പോയെന്നും സീറോ മലബാര്‍ സഭ പറയുന്നു. സഭയുടെ മുഖപത്രമായ ലെയ്റ്റി വോയ്‌സിന്റെ മുഖപ്രസംഗത്തിലാണ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്.

മനുഷ്യമനസാക്ഷിയെ വിലയ്ക്കുവാങ്ങാന്‍ ചില കപട ആദര്‍ശവാദികള്‍ നടത്തിയ രാഷ്ട്രീയ നാടകമാണിത്. അതിനപ്പുറം വേണ്ടത് ബോധവല്‍ക്കരണ ശ്രമങ്ങളാണ്. ഇല്ലാത്ത നിരോധനം ഫലപ്രദമാകില്ല എന്ന് സര്‍ക്കാരിന്റെ മദ്യനയം തുറന്നുകാട്ടുന്നുണ്ട്. ബീഹാറിന്റെ സമ്പൂര്‍ണ്ണ മദ്യനയം കേരളം കണ്ടുപഠിക്കട്ടെ എന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാരിന്റെ ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം എന്ത് നേട്ടമുണ്ടാക്കിയെന്ന് വിലയിരുത്തണം. ജനങ്ങളുടെ കൈയ്യടി നേടുവാന്‍ മാത്രമുള്ള രാഷ്ട്രീയ ചവിട്ടുനാടകമായിരുന്നു ബാറുകള്‍ അടച്ചുപൂട്ടല്‍. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മദ്യനിരോധ പ്രഖ്യാപനവും നടപടികളും കൊണ്ട് എന്ത് നേടിയെന്നും സീറോ മലബാര്‍ സഭ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനു നേരെയും സീറോ മലബാര്‍ സഭ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നു. മദ്യനിരോധനത്തിനായി മുറവിളികൂട്ടിയ സമുദായങ്ങളുടെയും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും വായടപ്പിച്ച് മൂലയ്ക്കിരുത്താന്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ ആദര്‍ശത്തിന്റെ കപടവേഷധാനികള്‍ക്കായി. ഇതിന്റെ പേരില്‍ ചിലരെ ആദര്‍ശ സൂധീരന്‍മാരാക്കി എഴുന്നള്ളിച്ചതിന്റെ കുറ്റബോധവും പാപഭാരവും മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും ക്രൈസ്തവര്‍ ഉള്‍പ്പെട്ട വിവിധ സമുദായങ്ങള്‍ക്ക് ഉണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ബാറുകള്‍ പൂട്ടിയിട്ടും മദ്യവില്‍പന കുറഞ്ഞില്ല.

ഉപഭോഗത്തിലും കുറവില്ല. ബാറുകളില്‍ പോയി വിഷം വീശിയവര്‍ ഇന്ന് സര്‍ക്കാര്‍ വക മദ്യം വാങ്ങി വീടുകള്‍ ബാര്‍ ആക്കി. ബാറുകളില്‍ ഒരു പെഗ്ഗിലൊതുക്കിയവര്‍ വീടുകളില്‍ ഒരു ഫുള്ളിലേക്ക് മാറി. ഇതാണ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ബാക്കിപത്രം എന്നും ലെയ്റ്റി വോയ്‌സില്‍ പറയുന്നു.
ബാര്‍ കോഴ വിഷയത്തിലും സര്‍ക്കാരിനെയും യുഡിഎഫിനെയും കത്തോലിക്കാ സഭ പ്രതിക്കൂട്ടിലാക്കുന്നു. അഴിമതിപ്പണത്തിന്റെ വീതം വെയ്ക്കലില്‍ രൂപപ്പെട്ട അഭിപ്രായ ഭിന്നതയാണ് സര്‍ക്കാരിന്റെ മദ്യനിരോധനത്തിന്റെ പിന്നാമ്പുറം. ജനങ്ങളെ മദ്യത്തില്‍നിന്ന് മോചിപ്പിക്കലായിരുന്നില്ല സര്‍ക്കാരിന്റെ ലക്ഷ്യം. ലഹരി കുറഞ്ഞ ബിയര്‍ ഒഴിച്ചുകൊടുത്ത് സര്‍ക്കാര്‍ ഒരു സമൂഹത്തെ വന്‍ ലഹരിയുടെ അടിമകളാക്കി മാറ്റുന്നു. ഇതുവഴി സര്‍ക്കാര്‍ അറുംകൊലയാണ് നടത്തുന്നത്. നിയമം മൂലമല്ല, മനുഷ്യന്റെ മനസിലാണ് മാറ്റമുണ്ടാകേണ്ടത്. നിരന്തര ബോധവല്‍ക്കരണമാണ് വേണ്ടത് എന്നും സീറോ മലബാര്‍ സഭയുടെ മുഖപ്രസിദ്ധീകരണത്തില്‍ വിമര്‍ശിക്കുന്നു

Top