തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ നിരോധനം തിരഞ്ഞെടുപ്പില്‍ ചൂടുള്ള ചര്‍ച്ചയാകുന്നതിനിടെ ഫൈവ് സ്റ്റാര്‍ ബാറുകളുടെ മറവില്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി.
ഇതോടെ സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി. മദ്യവര്‍ജനമാണു നയമെന്ന സിപിഐ(എം) നിലപാടിനെ പരിഹസിച്ചും മദ്യനിരോധനമാണു തങ്ങളുടെ നയമെന്നും കോണ്‍ഗ്രസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണു ബാറുകള്‍ക്കു ലൈസന്‍സ് നല്‍കിയുള്ള വാര്‍ത്ത പുറത്തുവന്നത്.
അതിനിടെ, ആറുഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് നല്‍കിയതു സ്വാഭാവികമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു ലൈസന്‍സ് നല്‍കുക എന്നതു സര്‍ക്കാരിന്റെ നയമെന്നാണു മുഖ്യമന്ത്രിയുടെ വാദം. ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം കഠിനംകുളം ലേക് പാലസിനും ചേര്‍ത്തല വസുന്ധര സരോവര്‍ റിസോര്‍ട്ടിനും കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലൈസന്‍സ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയം സുപ്രീംകോടതി ശരിവച്ചതിനുശേഷം ഇതിനുപുറമെയാണ് ആറ് ബാര്‍ ലൈസന്‍സുകള്‍കൂടി നല്‍കിയത്. മരടിലുള്ള ക്രൗണ്‍ പ്ലാസ, ആലുവ അത്താണിയിലെ ഹോട്ടല്‍ ഡയാന ഹൈറ്റ്‌സ്, ഹോട്ടല്‍ റമദ ആലപ്പി, തൃശൂരിലുള്ള ഹോട്ടല്‍ ജോയ്‌സ് പാലസ്, വൈത്തിരി വില്ലേജ് റിസോര്‍ട്ട്, സാജ് എര്‍ത്ത് റിസോര്‍ട്‌സ് എന്നിവയ്ക്കാണ് ബാര്‍ ലൈസന്‍സ് ലഭിച്ചത്. നാല് ഹോട്ടലുകള്‍ ത്രി സ്റ്റാറില്‍ നിന്ന് ഫൈവ് സ്റ്റാറിലേക്ക് അപ്‌ഗ്രേഡ് ചെയ്തതാണ്. ഇവയില്‍ സാജ് എര്‍ത്തിന് ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു.
അതിനിടെ, ബാര്‍ ലൈസന്‍സ് അനുവദിച്ച നടപടിയില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. മദ്യനിരോധനമാണു നയമെന്നു പ്രഖ്യാപിച്ച സര്‍ക്കാരിന്റെ ഈ നീക്കത്തിനു മറുപടി പറയണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.