കണ്ണൂര്‍: നാഷണല്‍ ഹൈവേയിലെ മദ്യവില്‍പ്പനശാലകളുടെ വിലക്ക് നീങ്ങുന്നു. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ എന്‍എച്ച് 66ല്‍ മദ്യവില്‍പനശാലകള്‍ക്കാണ് തുറന്ന് പ്രവര്‍ത്തിക്കാനാകുന്നത്. ഈ ഭാഗത്തിനു ദേശീയപാത പദവിയില്ലെന്നു കാണിച്ചു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച ഹൈക്കോടതി, പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ എക്‌സൈസിനോടു നിര്‍ദേശിച്ചു.
ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ 173 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലാണു മദ്യശാലകള്‍ വീണ്ടും തുറക്കുക. ഈ പ്രദേശത്തെ റോഡിനു ദേശീയപാത പദവിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു ബാറുടമകള്‍ ഹൈക്കോടതിയുടെ അനുകൂലവിധി നേടിയത്. 2014 മാര്‍ച്ച് അഞ്ചിനു കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതയുടെ പദവിയില്‍നിന്നു ഈ പ്രദേശത്തെ ഒഴിവാക്കിയിരുന്നു. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗം മാനദണ്ഡങ്ങള്‍ നിലനിര്‍ത്തിയിട്ടില്ലെന്നതായിരുന്നു കാരണം.
എന്നാല്‍ ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചപ്പോള്‍ ഈ റോഡിന്റെ വശത്തെ ബാറുകളും ബീയര്‍, വൈന്‍ പാര്‍ലറുകളും അടപ്പിച്ചു. ഈ നടപടി നീതിപൂര്‍വകമല്ലെന്ന ബാറുടമകളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഈപാതയുടെ ഓരങ്ങളിലെ സ്ഥാപനങ്ങളില്‍ നിലവില്‍ മദ്യവില്‍പനയ്ക്കു ലൈസന്‍സ് ഉള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ അപേക്ഷ നല്‍കിയാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു കോടതി എക്‌സൈസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇതിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു ബാറും എട്ടു കള്ളുഷാപ്പുകളും പ്രവര്‍ത്തനാനുമതി തേടി എക്‌സൈസിനെ സമീപിച്ചുകഴിഞ്ഞു. കണ്ണൂര്‍–കുറ്റിപ്പുറം പാതയില്‍ സമാനമായ വിധി ബാറുടമകള്‍ നേടിയിരുന്നു. നാലുവരിയാക്കി വികസിപ്പിക്കുമ്പോള്‍ ചേര്‍ത്തല– തിരുവനന്തപുരം പാതയ്ക്കു കേന്ദ്രം പദവി തിരികെ നല്‍കിയേക്കാം. എന്നാല്‍ അതുവരെ മദ്യശാലകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ തടസമുണ്ടാകില്ല. ഈ വിധിയുടെ അടിസ്ഥാനത്തില്‍ മറ്റു സംസ്ഥാന, ദേശീയപാതകളുടെ നിലവാര പരിശോധനകളിലാണു ബാറുടമകള്‍.