ന്യൂഡൽഹി: 63 ദിവസത്തിനുശേഷം രാജ്യത്ത് പുതിയ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 86,498 പേർക്ക്; 66 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് 13,03,702 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 97,907-ന്റെ കുറവ്. രാജ്യത്ത് ഇതുവരെ ആകെ രോഗമുക്തരുടെ എണ്ണം 2,73,41,462. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായത് 1,82,282 പേർ. തുടർച്ചയായ 26-ാം ദിവസവും പ്രതിദിന രോഗമുക്തർ പുതിയ പ്രതിദിന രോഗബാധിതരേക്കാൾ കൂടുതൽ.
രോഗമുക്തി നിരക്ക് വർധിച്ച് 94.29% ആയി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 5.94% ആണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.62%, തുടർച്ചയായ പതിനഞ്ചാം ദിവസവും പത്തു ശതമാനത്തിൽ താഴെ. പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു- ആകെ നടത്തിയത് 36.8 കോടി പരിശോധനകൾ. ദേശീയതലത്തിൽ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതിനകം നൽകിയത് 23.61 കോടി ഡോസ് വാക്സിൻ.