തിരുവനന്തപുരം: കേരളത്തിലെ സവര്‍ണ യുവാര്‍ക്ക് വധുവിനെ കിട്ടാതായോ..ഈ അടുത്ത കാലത്തെ കല്ല്യാണ പരസ്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ അതാണ്. സ്വ ജാതിയില്‍ നിന്ന് പെണ്ണ് കിട്ടാതായതോടെ ജാതിയും ആര്‍ഭാടങ്ങളും ഉപേക്ഷിച്ച് കല്ല്യണം കഴിക്കാന്‍ പലരും തയ്യാറെടുക്കുകയാണ്. അതിന് തെളിവാണ് ഈ അടുത്ത ദിവസം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കല്ല്യാണ പരസ്യം.
‘നമ്പൂതിരി യുവാവ്, 39വയസ്സ്, സ്വകാര്യസ്ഥാപനത്തില്‍ ഉയര്‍ന്നജോലി, ജാതകവും ജാതിയും പ്രശ്നമല്ല, ഹിന്ദുസമുദായത്തില്‍ നിന്നുള്ള ആര്‍ക്കും അപേക്ഷിക്കാം’ ഇങ്ങനെയായിരുന്ന ആപരസ്യം.
അടുത്തകാലംവരെ കടുത്ത യാഥാസ്ഥികരും ജാതി വിട്ട് ഒന്നും ചെയ്യാന്‍ ശ്രമിക്കാത്തവരുമായ സവര്‍ണ സമുദായക്കാര്‍ ഇന്ന് ജാതി ഉപേക്ഷിക്കയാണ്. വിവാഹത്തിന് അനുയോജ്യയായ വധുവിനെ സ്വജാതിയില്‍നിന്ന് കിട്ടാതെ വരുമ്പോഴാണ് ഇവരില്‍ പലരും ‘വിപ്ളവകാരികളാവുന്നത’്.ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ളെന്നാണ് മാരേജ് ബ്യൂറോ നടത്തിപ്പികാരും പറയുന്നത്.നമ്പൂതിരി, നായര്‍ വിഭാഗങ്ങളിലും അതിന്റെ ഉപജാതികളായ വര്‍മ്മ, മോനോന്‍, അടിയോടി, തുടങ്ങിയ വിഭാഗങ്ങിലൊക്കെയുള്ള ചെറുപ്പക്കാര്‍ വധുവിനെ കിട്ടാതെ അവസാനം ജാതി പ്രശ്നമല്ളെന്ന് പറഞ്ഞ് പരസ്യം ചെയ്യാന്‍ തയാറാവുകയാണ്.
ഇങ്ങനെ അനാഥാലയങ്ങളില്‍നിന്ന്വരെ വിവാഹംചെയ്തവര്‍ ഈ സമുദായങ്ങളില്‍ നിരവധിയാണ്.സാമൂഹിക ക്ഷേമവകുപ്പിന്റെ കണക്കുകള്‍ പ്രകാരം തന്നെ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കേരളത്തിലെ അനാഥാലയങ്ങളില്‍നടന്ന് 200ലേറെ ഹൈന്ദവ വിവാഹങ്ങളില്‍ ഭൂരിഭാഗത്തിലും വരനായത്തെിയത് ബ്രാഹ്മണ-നായര്‍ സമുദായങ്ങളില്‍ പെട്ടവരാണ്. ഇതിന്റെ എത്രയേ ഇരട്ടിപേര്‍ അനാഥാലയങ്ങളില്‍നിന്ന് വധുവിനെ കണ്ടത്തൊനുള്ള ഫോര്‍മാലിറ്റികളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്.കേരളത്തിലെ അനാഥാലയങ്ങളില്‍ തിരക്ക് ഏറിയതോടെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവര്‍ നീങ്ങിയിരിക്കയാണ്.പാലക്കാടും-കോഴിക്കോടുമായി ഈയിടെ നടന്ന രണ്ടുവിവാഹങ്ങളില്‍ വധു ഒഡീഷക്കാരിയായിരുന്നു.
കേരളത്തിലെ സവര്‍ണ സമുദായത്തില്‍പെട്ട മധ്യവര്‍ഗ യുവാക്കള്‍ അനുഭവിക്കുന്ന വലിയൊരു സാമൂഹിക പ്രശ്നമായി ഇത് മാറിയിരിക്കയാണെന്നാണ് കോഴിക്കോട് സുമംഗല മാരേജ് ബ്യൂറോയിലെ അജിത്ത് പറയുന്നത്.’ പ്രധാനമായും ഈ സമുദായങ്ങളിലെ സ്ത്രീകള്‍ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയാണ് ഈ വിഷയത്തില്‍ ഏറ്റവും പ്രധാനഘടകമായി വന്നത്.സ്ത്രീകള്‍ നന്നായി പഠിച്ച് ഉയര്‍ന്ന ജോലിനേടുമ്പോള്‍ പുരുഷരില്‍ ഒരു വലിയവിഭാഗവും അവിടെതന്നെ നില്‍ക്കുകയാണ്. അങ്ങനെ വരുമ്പോള്‍ പരമ്പരാഗത തൊഴില്‍ ചെയ്തുവരുന്നവരും, വിദ്യാഭ്യാസപരമായും സാമ്പത്തികപരാമയും അല്‍പ്പം പിന്നോക്കം നില്‍ക്കുന്നവരും, വല്ലാതെ പിറകോട്ടടിക്കുന്നു’-അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം സമുദായങ്ങളില്‍ സര്‍ക്കാര്‍ ജോലിയടക്കമുള്ള സുരക്ഷിതമേഖലയെക്കുറിച്ചുള്ള കമ്പം ശക്തമായിരിക്കയാണെന്ന് കോഴിക്കോട്ടെ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റു ഫാമിലി കൗണ്‍സിലറുമായ ഡോ.ആശ ചൂണ്ടിക്കാട്ടുന്നു.’ കുടുംബങ്ങള്‍ സാമ്പത്തിക സുരക്ഷിതത്വം പ്രധാന വിഷയമായി എടുക്കുന്നതോടെ, സര്‍ക്കാര്‍ ജോലിയില്ലാത്ത നായര്‍ യുവാക്കള്‍ക്ക്ും മറ്റും അവിവാഹിതരായി മരിക്കേണ്ട അവസ്ഥ വരികയാണ്.ഇതോടൊപ്പം ജാതകം,പൊരുത്തം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ കൂടിയാവുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായി. നല്ല പ്രായത്തില്‍ മുഴുവന്‍ ജാതകപൊരുത്തം നോക്കി നടക്കുന്നവര്‍ 35 വയസ്സ് കഴിയുന്നതോടെയാണ് മടുത്ത് ജാതക വിരോധികളാവുന്നത്.അപ്പോഴേക്കും അവര്‍ വിവാഹ കമ്പോളത്തില്‍നിന്ന് ഏതാണ്ട് പുറത്താകുകയും ചെയ്യും.’- ഡോ.ആശ പറഞ്ഞു.
ബ്രാഹ്മണ സമുദായമൊക്കെ സ്വജാതി വിവാഹങ്ങള്‍ക്ക് കടുത്ത പ്രശ്നങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്.ഐ.ടി ഫീല്‍ഡിലേക്കും മറ്റുമായി എത്തുന്ന ഇവിടുത്തെ പെണ്‍കുട്ടികള്‍ സമുദായം നോക്കാതെ തങ്ങള്‍ക്ക്തുല്യ ജോലി സ്റ്റാറ്റസുള്ള ഒരാളെ വിവാഹംചെയ്ത് അവിടെതന്നെ സെറ്റില്‍ ചെയ്യുന്ന അവസ്ഥയുണ്ട്.ബുദ്ധിയും ഊര്‍ജവുമുള്ള യുവാക്കളും യുവതികളുമൊക്കെ പുറംനാട്ടിലേക്ക് വലിയ ശമ്പളമുള്ള ജോലിക്കായി പോവുന്നതോടെ കേരളത്തിലെ പല ബ്രാഹ്മണ തെരുവുകളും അഗ്രഹാരങ്ങളും ഇന്ന് വയോധികസദനങ്ങള്‍ക്ക് സമാനമായ അവസ്ഥയിലാണ്.
പാലക്കാട് കല്‍പ്പാത്തി തെരുവിലെ അഗ്രഹാരങ്ങളിലൊക്കെ നിങ്ങള്‍ക്ക് ഇപ്പോള്‍ വയോധികരെ മാത്രമേ കാണാന്‍ കഴിയൂ. അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം കൂടിയതോടെയാണ് കടുത്ത യഥാസ്ഥികരായ നമ്പൂതിരി സമുദായം പോലും ജാതിവിട്ടുള്ള വിവാഹത്തെകുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മുമ്പൊക്കെ ഇതേകാരണത്താല്‍ ഭ്രഷ്ടും, പടിയടച്ച് പിണ്ഡംവെക്കലും നടത്തിയവര്‍ക്ക് ഇപ്പോള്‍ മൗനത്തിലാണ്.ചൊവ്വാദോഷത്തിന്റെ പേരില്‍ ആയിരക്കണക്കിന് സ്ത്രീകളെ കണ്ണീരുകുടിപ്പിച്ചവര്‍ക്ക് ഇപ്പോള്‍ ജാതകംതന്നെ പ്രശ്നമല്ലാതായിരക്കുന്നു!
അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളം കാണുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമായിരിക്കും അവിവാഹിതരായ പുരഷന്മാരെന്ന് മനഃശാസ്ത്രജ്ഞന്‍ ഡോ.കെ.എസ് ഡേവിഡും നിരീക്ഷിക്കുന്നു. അനുദിനം മല്‍സരാധിഷ്ഠിതവും ആര്‍ക്കും ആരെയും നോക്കാന്‍ നേരവുമില്ലാത്ത ഈ ലോകത്ത് ഇങ്ങനെ ഒറ്റപ്പെട്ടുപോവുന്നവരുടെ അവസ്ഥ എന്താകുമെന്നും അദേഹം ചോദിക്കുന്നു.