തിരുവനന്തപുരം: കേരളത്തിലെ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) നിലവില്‍ വന്നു. തിരുവനന്തപുരത്ത് താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലിയാണ് എന്‍ഡിഎ പ്രഖ്യാപനം നടത്തിയത്. യോഗത്തിനു ശേഷം എന്‍ഡിഎ കേരള ഘടകത്തിന്റെ നയ രേഖ പ്രകാശനം ചെയ്തു.
പത്തിന കര്‍മപരിപാടികള്‍ ഉള്‍ക്കൊള്ളുന്നതാണ് നയരേഖ. ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിലൂന്നിയ നയ പരിപാടികളാണു പ്രഖ്യാപിച്ചത്. മുഴുവന്‍ ഭൂരഹിതര്‍ക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ ഭൂമി. രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കും. പത്താംക്ലാസ് യോഗ്യതയുള്ള മുഴുവന്‍ ആദിവാസി യുവാക്കള്‍ക്കും സര്‍ക്കാര്‍ ജോലി. ആയിരം ക്ഷീരഗ്രാമങ്ങളും സ്റ്റാര്‍ട്ട്അപുകളും തുടങ്ങും. മദ്യഉപഭോഗം നിയന്ത്രിക്കും. പുതിയ ബാറുകള്‍ അനുവദിക്കില്ല. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പാരര്പ്പിട പദ്ധതി തുടങ്ങും എന്നിവയാണ് നയരേഖയിലെ പ്രധാനവാഗ്ദാനങ്ങള്.
ആദിവാസി ഗോത്ര മഹാസഭാ നേതാവ് സി.കെ. ജാനുവിന്റെ എന്‍ഡിഎ പ്രവേശനവും ഇന്ന് നടന്നു. പത്ത് പാര്‍ട്ടികളാണ് എന്‍ഡിഎയിലുള്ളത്. ശക്തമായ ത്രികോണ മല്‍സരമാണ് കേരളത്തില്‍ നടക്കുന്നതെന്നു പറഞ്ഞ അരുണ്‍ ജയ്റ്റ്ലി, തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റം ഇത്തവണയും ആവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
ആദിവാസി വിഭാഗങ്ങളില്‍ നിന്നും അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ 1000 എന്‍ജിനീയര്‍മാര്‍, 500 അധ്യാപകര്‍, 100 ഡോക്ടര്‍മാര്‍, 50 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വാര്‍ത്തെടുക്കും. പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറക്കുകയും നഷ്ടത്തിലായവ ലാഭത്തിലാക്കുകയും ചെയ്യും. സ്വര്‍ണപ്പണിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍ എന്നിവര്‍ക്കു കാര്യക്ഷമമായ പ്രത്യേക ക്ഷേമ പദ്ധതികളുണ്ടാകും.