
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്ത് സീറ്റ് ലക്ഷ്യമിടുന്ന ബിജെപിക്കു കനത്ത തിരിച്ചടിയായി എൻഡിഎ മുന്നണി തകരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കു കേരളത്തിൽ നേട്ടമുണ്ടാക്കാൻ കൂട്ടു നിന്ന എസ്.എൻഡിപിയാണ് മുന്നണി വിടാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസ് മുന്നണി വിട്ടാൽ ഇത് കേരളത്തിൽ എൻഡിഎയുടെ തകർച്ച പൂർണമാക്കും. ബിഡിജെഎസിനു പിന്നാലെ സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയും എൻഡിഎ വിടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ രംഗത്തെത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന എൻഡിഎ കൂട്ടായ്മ ഇപ്പോഴില്ലെന്നും വെള്ളാപള്ളി വ്യക്തമാക്കി.
കഴിഞ്ഞതവണ ചെങ്ങന്നുരിൽ ബിജെപി വലിയതോതിൽ നേട്ടമുണ്ടാക്കിയിരുന്നു 42 ആയിരം വോട്ടാണ് കഴിഞ്ഞതവണ നേടിയത്. ചെങ്ങന്നൂരിൽ ബിജെപിയോ കോൺഗ്രസോ ജയിച്ചാൽ ഒരുനേട്ടവും ഉണ്ടാകാനില്ലെന്നും ഭരിക്കുന്ന പാർട്ടി ജയിച്ചാൽ വൻ നേട്ടങ്ങൾ സ്ഥലത്തുണ്ടാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂസ് 18 ചാനലിനോടാണ് ഇക്കാര്യം വെള്ളാപള്ളി വ്യക്തമാക്കിത്. കഴിഞ്ഞ കുറച്ചു നാളുകളായി ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയാണ്.
കൂടാതെ ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ ചേർന്ന ആദിവാസി നേതാവ് സി. കെ ജാനുവും മുന്നണി വിടാൻ ഒരുങ്ങുകയാണ്. ദേശീയ പട്ടികജാതി, പട്ടിക വർഗ കമ്മീഷനിലോ, കേന്ദ്ര സർക്കാരിന്റെ ബോർഡ്, കോർപ്പറേഷനുകളിലോ അംഗത്വം നൽകുമെന്നായിരുന്നു ബിജെപി നേതൃത്വം ജാനുവിന് നൽകിയ വാക്ക്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും ജാനുവിന് നൽകിയ വാഗ്ദാനം ഒന്നും പാലിച്ചിട്ടില്ല.
ആദിവാസികളുടെടെജീവിതത്തിൽ മാറ്റം വരുത്താൻ ആണ് ജാനു എൻഡിഎയിൽ ചേർന്നത്. എന്നാൽ
സഖ്യത്തിൽ ചേരുന്ന സമയത്ത് എൻഡിഎ നൽകിയ ഒരു വാക്കു പോലും പാലിക്കാത്തതിനാലാണ് സഖ്യം വിടുന്നത്. മുത്തങ്ങാ സമരത്തിന്റെ വാർഷിക ദിവസം എൻഡിഎ വിട്ട് പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് ജനാധിപത്യ രാഷ്ട്രീയ സഭയുടെ തീരുമാനം