തിരുവനന്തപുരം: സദാചാര പോലീസിന്റെ വേട്ടയാടലിന് ഇരയായ യുവാവ് ജീവനൊടുക്കിയതിന്റെ വിഷമത്തിന് ആശ്വാസമേകുന്നൊരു വാര്‍ത്തയാണ് തിരുവനന്തപുരത്ത് നിന്ന് വരുന്നത്. തിരുവനന്തപുരത്ത് മ്യൂസിയം പോലീസിന്റെ സദാചാര ഗുണ്ടായിസത്തെ ഫേസബുക്ക് ലൈവിലൂടെ പുറത്തറിയിച്ച ആരതിയും വിഷ്ണുവും ഇന്ന് വിവാഹിതരായി. തിരുവനന്തപുരത്ത് വെള്ളയമ്പലത്തു ഇന്നു രാവിലെ പത്തിനായിരുന്നു വിവാഹാം. ചടങ്ങില്‍ ഇരുവരുടേയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
കഴിഞ്ഞ ദിവസം മ്യൂസിയം വളപ്പില്‍ ഇരിക്കുകയായിരുന്ന ആരതിയേയും വിഷ്ണുവിനെയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസ് ചമഞ്ഞ് തടഞ്ഞുവെക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടാണ് ഇരുവരും പ്രതികരിച്ചത്. സോഷ്യല്‍ മീഡയിയല്‍ ചര്‍ച്ചയായ വിഷയം ദേശീയ മാധ്യമങ്ങള്‍ വരെ കൈകാര്യം ചെയ്തിരുന്നു.
ഇതോടെ ഡിജിപിക്കു നിലപാട് വ്യക്തമാക്കേണ്ടി വന്നു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി ലോക്നാഥ് ബെഹ്ര ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എങ്കിലും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിനോട് ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും പറഞ്ഞു.
പിങ്ക് പൊലീസിനെ ഏറെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. സദാചാര പൊലീസിങ്ങിന് ഇരയായപ്പോല്‍ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ച കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ല. കൊല്ലം അഴീക്കലില്‍ സാദാചാര ക്രിമിനലുകള്‍ ആക്രമിച്ച ചെറുപ്പക്കാരന്‍ അനീഷ് ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തുവന്ന ദിവസമാണ് സദാചാര ഗുണ്ടായിസത്തിനെതിരെ ധീരമായ നിലപാടെടുത്ത ഇവരുടെ വിവാഹവും നടന്നത്. വിദ്യാര്‍ത്ഥിനിയാണ് ആരതി. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് വിഷ്ണു.