![](https://dailyindianherald.com/wp-content/uploads/2016/05/KERLAM-POLING.png)
തിരുവനന്തപുരം: വികസന മുദ്രാവാക്യമുയര്‍ത്തി വീണ്ടുമൊരുഊഴത്തിന് കാത്ത് യുഡിഎഫും, 100 ന് മേലെ സീറ്റുകളോടെ ഭരണം പിടിക്കുമെന്ന് അവകാശവാദത്തില്‍ ഇടതുമുന്നണിയും താമര വിരുയുമ്പോള്‍ കൂട്ടത്തോടെയായിരിക്കുമെന്ന സ്വപ്‌നത്തില്‍ എന്‍ഡിഎയും കാത്തിരിക്കുമ്പോള്‍ നാളെ കേരളം വിധിയെഴുതും. പുറത്ത് വന്ന സര്‍വ്വേഫലങ്ങല്‍ ഭൂരിപക്ഷവും ഇടതുമുന്നണിയ്ക്കനുകൂലമായാണ് പ്രവചനമെങ്കിലും അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ കരുതുന്നത്.
വെള്ളാപ്പള്ളി ബിജെപി കൂട്ടുകെട്ടില്‍ കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും നേടാന്‍ കഴിയുമെന്ന ഉറപ്പിലാണ് ബിജെപി നേതൃത്വം. വെള്ളാപ്പളളി കുട്ടുകെട്ടില്‍ ഈഴവ വോട്ടുകളുടെ ചോര്‍ച്ച ഏത് മുന്നണിയ്ക്കാണ് കോട്ടമുണ്ടാക്കുക എന്നതായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുക. സര്‍ക്കാരിനെതിരായ വികാരമാണ് ഇടതുമുന്നണിയ്ക്ക് പ്രതീക്ഷ നല്‍കുന്നതെങ്കില്‍ വോട്ട് ബാങ്കില്‍ ചോര്‍ച്ച സംഭവിച്ചാല്‍ കോണ്‍ഗ്രസ് മുന്നണിയ്ക്ക് അനുകൂലമാകും.
പരസ്യപ്രചരണം അവസാനിപ്പിച്ച് സ്ഥാനാര്‍ത്ഥികള്‍ നിശബ്ദമായ നീക്കങ്ങളിലാണ്. നാളെ രാവിലെ ഏഴിനാണ് പോളിങ്ആരംഭിക്കുക. വൈകിട്ട് ആറുവരെയാണ് പോളിങ്. ആറിന് ക്യൂവില്‍ നില്‍ക്കുന്നവരെല്ലാം വോട്ട് ചെയ്തശേഷമേ പോളിങ് അവസാനിക്കൂ.
തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ ബിഎല്‍ഒമാര്‍ വഴി വിതരണംചെയ്ത ഫോട്ടോപതിച്ച വോട്ടര്‍സ്‌ളിപ്പോ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. കൂടാതെ, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, തൊഴിലുറപ്പുപദ്ധതി തൊഴില്‍കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍കാര്‍ഡ്, സഹകരണബാങ്കില്‍നിന്ന് ഒഴികെയുള്ള ഫോട്ടോ പതിച്ച ബാങ്ക് പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫോട്ടോ പതിച്ച സര്‍വീസ് കാര്‍ഡ് തുടങ്ങിയവയടക്കം 10 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാലും മതി. സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി 21,498 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 148 ഓക്‌സിലറി ബൂത്തും ഉണ്ടാകും. കൂടുതല്‍ ബൂത്ത് മലപ്പുറത്താണ് 2248. കുറവ് വയനാട്ടിലാണ് 470 എണ്ണം. എല്ലാ ജീവനക്കാരും വനിതകളായ സ്ത്രീസൌഹൃദ പോളിങ് സ്റ്റേഷനുകളുമുണ്ട്. ഒന്നരലക്ഷത്തോളം ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. 3142 ബൂത്തില്‍ വെബ്കാസ്റ്റിങ് ഉണ്ടാകും.
25,808 വോട്ടിങ്യന്ത്രങ്ങളും സജ്ജീകരിച്ചു. യന്ത്രത്തിലെ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ഉണ്ടാകും. 2,60,19,284 വോട്ടര്‍മാരുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 2.32 കോടിയായിരുന്നു. ഇക്കുറി സ്ത്രീവോട്ടര്‍മാരുടെ എണ്ണം 1,35,08,693 ആണ്. പുരുഷന്മാരുടെ എണ്ണം 1,25,10,589. 87,138 സര്‍വീസ് വോട്ടര്‍മാരുണ്ട്. ആറന്മുളയിലാണ് കൂടുതല്‍ വോട്ടര്‍മാര്‍ 2,26,324. വോട്ടര്‍മാരില്‍ 1,20,621 പേര്‍ സ്ത്രീകളാണ്.
140 മണ്ഡലത്തിലായി 1203 സ്ഥാനാര്‍ഥികളുണ്ട്. 109 പേര്‍ വനിതകള്‍. പൂഞ്ഞാറിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍– 17 പേര്‍. ഇവിടെ രണ്ട് ബാലറ്റിയൂണിറ്റ് ഉപയോഗിക്കും. നാല് സ്ഥാനാര്‍ഥി വീതം മത്സരിക്കുന്ന പയ്യന്നൂര്‍, നിലമ്പൂര്‍, കോങ്ങാട്, തരൂര്‍ എന്നിവിടങ്ങളിലാണ് കുറവ്.