കൊച്ചി: കേന്ദ്ര സർക്കാരിന്റെ ജൽജീവൻ പദ്ധതിക്ക് കീഴിൽ കേരള വാട്ടർ അതോറിറ്റി നടപ്പാക്കുന്ന പ്രധാന കുടിവെള്ള വിതരണ പദ്ധതിക്ക് പിവിസി പൈപ്പുകൾക്ക് പകരം എച്ച്ഡിപിഇ പൈപ്പുകൾ ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള സ്മോൾ സ്‌കേൽ പിവിസി പൈപ്പ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (എകെഎസ്എസ്പിപിഎംഎ) ആവശ്യപ്പെട്ടു.
നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങുമ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എംഎസ്എംഇ യൂണിറ്റുകൾക്ക് മുൻഗണന നൽകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലിലും പർച്ചേസ് പ്രിഫറൻസ് പോളിസിയിലും പറയുന്നത്. ഇതിന് വിരുദ്ധമായാണ് വാട്ടർ അതോറിറ്റി സംസ്ഥാനത്തിന് പുറത്തുള്ള എച്ച്ഡിപിഇ പൈപ്പ് നിർമാതാക്കൾക്ക് ഗുണകരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കോവിഡ് 19 വ്യാപനം മൂലം തകർന്ന് കിടക്കുന്ന പിവിസി പൈപ്പ് നിർമാണ മേഖലയെ വാട്ടർ അതോറിറ്റിയുടെ ഈ നീക്കം കൂടുതൽ തകർച്ചയിലേക്ക് നയിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിവിസി പൈപ്പുകളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ് ഇതിന് കാരണമായി വാട്ടർ അതോറിറ്റി ചൂണ്ടിക്കാട്ടുന്ന കാരണം. എന്നാൽ ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ പിവിസി പൈപ്പ് നിർമാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ പിവിസി റേസിന് താൽകാലിക ക്ഷാമം അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ആവശ്യത്തിന് ലഭ്യമാണ്. പിന്നെ വിലയുടെ കാര്യം.
അസംസ്‌കൃത വസ്തുവിന് 100% വില വർധിച്ചപ്പോഴും പൈപ്പ് നിർമാതാക്കൾ വിവിധ ഘട്ടങ്ങളിലായി 45% മാത്രമാണ് വില വർധിപ്പിച്ചത്. എന്നിരുന്നാലും ഇപ്പോഴും എച്ച്ഡിപിഇ പൈപ്പിനെ അപേക്ഷിച്ച് പിവിസി പൈപ്പുകൾക്ക് വില കുറവാണ്. പിവിസി റേസിന്റെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ഇതിനായി അപ്പലേറ്റ് അതോറിറ്റി രൂപീകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
എച്ച്ഡിപിഇ പൈപ്പുകളെ അപേക്ഷിച്ച് പിവിസി പൈപ്പുകൾക്ക് ഭാരവും ഏറെ കുറവാണ്. അതുകൊണ്ട് തന്നെ വളരെ അനായാസമായി കൈകാര്യം ചെയ്യാനുമാകും. രണ്ട് പിവിസി പൈപ്പുകൾ സോൾവെന്റ് സിമെന്റ് ഉപയോഗിച്ച് ബന്ധപ്പിക്കാനും എളുപ്പമാണ്. കൂടാതെ അറ്റകുറ്റപ്പണികൾ നടത്താനും എളുപ്പമാണ്.
അതേസമയം എച്ച്ഡിപിഇ പൈപ്പുകൾ ബന്ധിപ്പിക്കാൻ വെൽഡ് ചെയ്യേണ്ടതായി വരുന്നു. ഇതിൽ വെള്ളം ലീക്കാകാനും സാധ്യത ഏറെയാണ്. ഇതിനൊക്കെ പുറമേ എച്ച്ഡിപിഇ പൈപ്പുകൾക്ക് എളുപ്പത്തിൽ തീപിടിക്കാനും സാധ്യതയുണ്ട്. അതേസമയം പിവിസി പൈപ്പുകൾ തീപിടിക്കുകയുമില്ല.
നിലവിൽ പിവിസി പൈപ്പുകളുടെ വിൽപനയിലൂടെ സംസ്ഥാന സർക്കാരിന് ജിഎസ്ടി ഇനത്തിൽ പ്രതിവർഷം 450 കോടി രൂപ ലഭിക്കുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ പദ്ധതിക്ക് ആവശ്യമായ പിവിസി പൈപ്പുകൾ ലഭ്യമാക്കാൻ സംസ്ഥാനത്തെ പിവിസി പൈപ്പ് നിർമാതാക്കൾക്ക് സാധിക്കും. എന്നാൽ കേരളത്തിൽ എച്ച്ഡിപിഇ പൈപ്പ് നിർമാണക്കമ്പനികൾ കുറവായതിനാൽ വാട്ടർ അതോറിറ്റിയുടെ പദ്ധതിക്ക് ആവശ്യമായ പൈപ്പുകൾ സംസ്ഥാനത്തിന് പുറത്ത് നിന്നും കൊണ്ടുവരേണ്ടതായി വരും. അതു കാരണം സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടമാകുകയും ചെയ്യും.
ഈ കാരണങ്ങൾ കണക്കിലെടുത്ത് വാട്ടർ അതോറിറ്റിയുടെ പദ്ധതിക്കായി പിവിസി പൈപ്പുകൾ തന്നെ ഉപയോഗിക്കണമെന്നും ഇവ നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങണമെന്നുമാണ് ഓൾ കേരള സ്മോൾ സ്‌കേൽ പിവിസി പൈപ്പ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്റെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കിൽ പിവിസി പൈപ്പ് നിർമാണ മേഖലയിൽ 450 കോടിയോളം രൂപയുടെ ഭീമമായ നഷ്ടമുണ്ടാകുകയും 15,000-ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുമെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇത് 150-ഓളം നിർമാണ യൂണിറ്റുകൾ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാക്കുമെന്നും അവർ വ്യക്തമാക്കി. എകെഎസ്എസ്പിപിഎംഎ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ജബ്ബാർ എം.എം, ജനറൽ സെക്രട്ടറി ഇഫ്സാൻ ഹസീബ്, ട്രഷറർ ജേക്കബ് ജോസ്, ജോയിന്റ് സെക്രട്ടറി കെ. മുരളിമോഹനൻ, മുൻ പ്രസിഡന്റ് എൻ. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.