ആലപ്പുഴ: മഴയും പ്രളയവും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചവർക്ക് ആശ്വാസത്തിന്‍റെ ഉടുപ്പുതുന്നി മൂന്നുപേർ. മായിത്തറ സെന്റ് മൈക്കിൾസ് കോളജിലെ ക്യാമ്പിലേക്കാണ് തയ്യൽ മെഷിനുകളുമായി അവർ എത്തിയത്. തറയകാട്ടിൽ ലിൻഡ തോമസ്, പള്ളിപ്പറമ്പ് മേഴ്‌സി ബാബു, ലിൻഡ ജോയി എന്നിവരാണ് മായിത്തറ സെന്റ് മൈക്കിൾസ് കോളജിലെ ക്യാമ്പിലേക്ക് എത്തിയത്. തങ്ങൾക്ക് അറിയാവുന്ന ജോലി കുറച്ചു പേർക്കെങ്കിലും ഉപകാരപ്പെടട്ടെയെന്ന് ആഗ്രഹിച്ചാണ് ഇവർ ക്യാമ്പിലേക്ക് എത്തിയത്. ക്യാമ്പിലെ അംഗങ്ങൾക്ക് ലഭിച്ച ഉടുപ്പും വസ്ത്രങ്ങളും അവർക്ക് അനുയോജ്യമായ വിധം പാകപ്പെടുത്തി നൽകുകയായിരുന്നു പ്രധാനജോലി. ഇവർ വന്നതറിഞ്ഞതോടെ ഏറെപ്പേർ ക്യാമ്പിലെ ഉപയോഗത്തിന് ലഭിച്ച വസ്ത്രങ്ങളുമായി സമീപിക്കാൻ തുടങ്ങി. പലർക്കും ക്യാമ്പിൽ ലഭിച്ച വസ്ത്രങ്ങൾ ശരീരപ്രകൃതിക്ക് യോജിക്കാത്തതും ഇറക്കം കൂടിയതും ചെറുതുമൊക്കെയായിരുന്നു.
ചുരിദാർ ഇടുന്നവർക്ക് അത് ഷേപ്പ് ചെയ്ത് നൽകി. വൈകുന്നേരമായതോടെ ഒരു മെഷീൻ കൂടി കൊണ്ടുവന്നു. ഏതാണ്ട് അഞ്ഞൂറോളം വസ്ത്രങ്ങളാണ് സൗജന്യമായി ഇവർ ക്യാമ്പ് അംഗങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാക്കി നൽകിയത്. കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷൻ പ്രവർത്തകരാണ് മൂന്നുപേരും. എടത്വ, കുട്ടനാട്, നെടുമുടി, പുളിങ്കുന്ന് പ്രദേശങ്ങളിൽ നിന്ന് പ്രളയ ഭീതിയിൽ വീടൊഴിഞ്ഞ് വന്ന ആളുകളാണ് ക്യാമ്പിലുള്ളത്. ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും സർക്കാർ സംവിധാനം വഴി കോളജിൽ എത്തിച്ചു. അയ്യായിരത്തോളം പേരാണ് ക്യാമ്പിലുള്ളത്.