തിരുവനന്തപുരം: പ്രളയബാധിതർക്കായി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളുടെ നിലവാരത്തെ അഭിനന്ദിച്ച് യുനിസെഫും മറ്റ് ഏജന്‍സികളും. മികച്ച നിലവാരവും വൃത്തിയും സുരക്ഷയും ഉള്ളതാണ് ദുരിതാശ്വാസ ക്യാമ്പുകൾ എന്നാണ് യുനിസെഫ് വിലയിരുത്തി. ക്യാമ്പുകള്‍ മികച്ചതാണ് എന്ന നിലപാടാണ് രാജ്യാന്തര ഏജന്‍സികളെ ഏകോപിപ്പിക്കുന്ന ഏജന്‍സി സ്ഫിയറും കത്തോലിക്കാ സഭയുടെ സന്നദ്ധ സംഘടനയായ കാരിതാസും സ്വീകരിച്ചത്.
ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, നടത്തിപ്പുകാരുടെ സമീപനം, ശുചിത്വം, ഭക്ഷണനിലവാരം, ആരോഗ്യ പരിപാലനം, സുരക്ഷ തുടങ്ങിയവ മികച്ചതാണ്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സന്തോഷം നല്‍കാനും കഴിയുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും പ്രവര്‍ത്തനം മാതൃകാപരമാണ്.
മറ്റുള്ളവര്‍ക്ക് ഇതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും ചേര്‍ത്തല എസ്എന്‍ കോളജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച യുനിസെഫ് അംഗം ബങ്കു ബിഹാരി സര്‍ക്കാര്‍ സന്ദര്‍ശക ഡയറിയില്‍ എഴുതി. ക്യാമ്പുകളുടെ സംഘാടനം മികച്ചതാണെന്ന അഭിപ്രായമാണ് രാജ്യാന്തര ഏജന്‍സികളുടെ ഏകോപന ചുമതലയുള്ള സ്ഫിയറും സ്വീകരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളുടെ നിലവാരം മികച്ചതാണെന്ന് കത്തോലിക്കാ സഭയുടെ രാജ്യാന്തര സന്നദ്ധ സംഘടനയായ കാരിത്താസും പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനമാണ് ബന്ധപ്പെട്ട ഏജന്‍സികളുടെ വിദഗ്ധര്‍ പരിശോധിക്കുന്നത്. പ്രളയ ബാധിതരുടെ പുനരധിവാസ കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികളും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും കാര്യത്തില്‍ കുറവുണ്ടെങ്കില്‍ ബന്ധപ്പെട്ട വിദഗ്ധരുടെ സേവനം ലഭ്യമാക്കും. കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണത്തിന് സഹകരിക്കുമെന്നും സ്ഫിയര്‍, കാരിത്താസ് പ്രതിനിധികള്‍ വ്യക്തമാക്കി.