കോഴിക്കോട്: താമരശേരിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 11പേരെ കാണാതായി. നാലോളം വീടുകള്‍ മണ്ണിനടയിലായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. താമരശേരി കരിഞ്ചോല സ്വദേശികളായ ഹസൻ, അബ്ദുൾ റഹ്മാൻ എന്നിവരേയും കുടുബാംഗങ്ങളേയുമാണ് കാണാതായത്. ഹസന്റ കുടുംബത്തിലെ ഏഴ് പേരും, അബ്ദുൾ റഹ്മാന്റ കുടുംബത്തിലെ നാല് പേരും മണ്ണിനടിയിൽ പെട്ടതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. നാല് വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ടെങ്കിലും രണ്ട് വീടുകളില്‍ മാത്രമാണ് ആളുകള്‍ ഉണ്ടായിരുന്നതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ഇക്കാര്യത്തില്‍ സ്ഥീരീകരണമായിട്ടില്ല.
കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര‍്ത്തനം മന്ദഗതിയിലാണ്. പ്രദേശത്ത് വീണ്ടും ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം കരിഞ്ചോലയിൽ ഉരുള്‍പ്പൊട്ടലില്‍ ഒരു കുട്ടി മരിച്ചു. കരിഞ്ചോല സ്വദേശി അബ്ദുൾ സലീമിന്റെ മകൾ ദിൽന (9)ആണ് മരിച്ചത് . പരിക്കേറ്റ് നിരവധി പേർ ചികിത്സയിലാണ് . പുല്ലൂരാംപാറയിൽ ഏഴ് വീടുകൾ വെളളത്തിനടിയിലായി. ബാലുശ്ശേരി മങ്കയത്ത് നിരവധി വീടുകൾ തകർന്നു . എടവണ്ണയിൽ ഏക്കറുകണക്കിന് കൃഷിയും നശിച്ചിട്ടുണ്ട്.