
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നടന്‍ അല്ലു അര്‍ജുനും അനുപമ പരമേശ്വരനും. തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ‘കേരളത്തിലെ ജനങ്ങള്‍ എനിക്ക് നല്‍കിയ പകരം വെയ്ക്കാനാവാത്ത സ്‌നേഹം കൊണ്ട് എന്റെ മനസ്സില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമാണുളളത്.
ഇപ്പോള്‍ ഉണ്ടായ നഷ്ടം വളരെ വലുതാണ് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തഞ്ച് ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്യുന്നു. എന്റെ പ്രാര്‍ഥനകള്‍ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമുണ്ടാവും.’ അല്ലു അര്‍ജുന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. അതേസമയം. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിന്റെ രേഖയടക്കം പങ്കുവെച്ചാണ് കേരളത്തിന് സഹായം അഭ്യര്‍ത്ഥിച്ച് അനുപമ രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കി. സിനിമ സാംസ്‌ക്കാരിക മേഖലയിലെ ഒട്ടേറെ പേര്‍ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.താരസംഘടനയായ അമ്മയുടെ പേരില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ കൈമാറിയിരുന്നു.
ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണിതെന്ന് ജഗദീഷ് പറഞ്ഞു. തമിഴ്‌നടന്‍മാരും സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. മലയാളി സുഹൃത്തുക്കളില്‍ നിന്നും കേരളത്തിലെ അവസ്ഥ ചോദിച്ചറിഞ്ഞതിന് ശേഷമാണ് പണം നല്‍കാന്‍ തീരുമാനിച്ചത്. നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ നല്‍കി.
വിജയ് ടി.വി യും 25 ലക്ഷം രൂപ നല്‍കിയിരുന്നു.തമിഴ്‌നാട്ടിലെ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ നടികര്‍ സംഘവും കേരളത്തിന് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്. തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപയും കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന.തമിഴ് താരസംഘടനായ നടികര്‍ സംഘവും സഹായവുമായി രംഗത്ത് വന്നിരുന്നു.ഇവരെ കൂടാതെ ജയറാം, പാര്‍വതി, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്കല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍, തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി.
അന്‍പോട് കൊച്ചി എന്ന കൂട്ടായ്മ ദുരിതബാധിതര്‍ക്കായി ആഹാരവും വസ്ത്രവുമടക്കമുള്ള അവശ്യ വസ്തുക്കള്‍ ശേഖരിച്ച് നല്‍കുന്നുണ്ട്. നടന്‍ ജയസൂര്യ ആലുവയിലെ ക്യാമ്പിലെത്തുകയും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിലെ കടുത്ത മഴയില്‍ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. ഉരുള്‍പൊട്ടലില്‍ മിക്കയിടങ്ങളിലും വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായി.