തിരുവനന്തപുരം: എസ്എസ്എല്‍എസിയെന്ന കടമ്പകടക്കാന്‍ ആയിരങ്ങള്‍ കാത്തിരിപ്പും പഠിപ്പുമായി പരീക്ഷയെഴുതുമ്പോള്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് തമാശ കളി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ എസ് എസ് എല്‍ സി പരീക്ഷ കുത്തഴിയും വിധമാക്കിയട്ടും അതിന്റെ ഗൗരവം മനസിലാക്കാതെയാണ് സര്‍ക്കാരും വകുപ്പ് മന്ത്രിയും പെരുമാറുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിലൂടെ സിപിഎം ബുദ്ധികേന്ദ്രമായി മാറിയ സി രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ കേരളമേറെ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ എസ് എസ്എല്‍സി പരീക്ഷ പോലും മാന്യമായി നടത്താന്‍ കഴിയാത്ത വിധം പരാജയപ്പെട്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
പത്താംക്ലാസിലെ ഏറ്റവും വലിയ തലവേദന കണക്കുപരീക്ഷയാണ്. ഇതു മാറിയെന്ന് ആശ്വസിച്ച് കുട്ടികള്‍ ഇരിക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഇരുട്ടടി. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. അതായത് കുട്ടികള്‍ ഇനിയും പുസ്തകമെടുക്കണം. പലരും പരീക്ഷ കഴിഞ്ഞ് അവധി ആഘോഷിക്കാന്‍ കേരളവും വിട്ടു. അവരെല്ലാം ഇനി തിരിച്ചു വരണം. വീണ്ടും സമ്മര്‍ദ്ദത്തിലേക്ക് കടക്കണം.
കേരളത്തിലെ പത്താംക്ലാസ് പരീക്ഷാ നടത്തിപ്പിലെ ഏറ്റവും വലിയ വീഴ്ചയായിരുന്നു ഇത്തവണത്തേത്. എസ്എസ്എല്‍സി കണക്ക് പരീക്ഷയെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. ചോദ്യപേപ്പര്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയ പാനലിലെ ഒരു അദ്ധ്യാപകന്‍ തയാറാക്കിയ ചോദ്യങ്ങള്‍ അതേ പോലെ മലപ്പുറത്തെ ഒരു ട്യൂഷന്‍ സെന്ററിന് ചോര്‍ത്തി നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ആതായത് ഒരു ഉത്തരവാദിത്ത ബോധവുമില്ലാതെ ചോദ്യപേപ്പര്‍ തയ്യാറാക്കി. ഇതിന് വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും തന്നെയാണ് ഉത്തരവാദികള്‍. എന്നാല്‍ പീഡനം കുട്ടികള്‍ക്കും.
13 ചോദ്യങ്ങളാണ് ഇങ്ങനെ എസ്എസ്എല്‍സി ചോദ്യപേപ്പറിലും ട്യൂഷന്‍ സെന്ററിന് മുന്‍കൂട്ടി നല്‍കിയ ചോദ്യാവലിയിലും ഒരുപോലെ വന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നസ്ഥിതിക്ക് പുനഃപരീക്ഷ നടത്താതിരുന്നാല്‍ കേസുമായി കോടതിയില്‍ ആരെങ്കിലും എത്തിയാല്‍ അത് സര്‍ക്കാരിന് തിരിച്ചടിയായേക്കാം എന്ന വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചത്. കുട്ടികളുടെ ഭാഗത്ത് നിന്നുകൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറയുന്നു. ഒരാഴ്ച സമയം പോലും മുന്നിലില്ലാതിരിക്കെ പുതിയ ചോദ്യപേപ്പര്‍ തയാറാക്കി അടിയന്തരമായി വീണ്ടും അച്ചടിച്ച് എല്ലാ പരീക്ഷ സെന്ററിലും എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്. പക്ഷേ അതിലും വെല്ലുവിളിയാണ് കുട്ടികള്‍ക്ക് മുമ്പിലുള്ളത്. പഠനത്തില്‍ മിടുക്കരായവര്‍ക്ക് പ്രശ്നമല്ല. എന്നാല്‍ ജയിക്കാന്‍ വേണ്ടി മാത്രം പഠിക്കുന്ന കുട്ടികള്‍ക്ക് വലിയ മാനസിക സംഘര്‍ഷമാണ് ഇത് നല്‍കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്ത അദ്ധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറയുന്നു. ചോദ്യം ചോര്‍ന്നത് അന്വേഷിക്കാന്‍ ഉന്നതതല സമിതിയേയും നിയോഗിച്ചിട്ടുണ്ട്. സംശയത്തിന്റെ നിഴലിലായ അദ്ധ്യാപകന് മലപ്പുറത്തെ ട്യൂഷന്‍ സെന്ററുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ പഠിച്ച 38 വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് കിട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് കിട്ടിയതിന് നല്‍കിയ സ്വീകരണത്തില്‍ ഈ അദ്ധ്യാപകനും സ്വീകരണം നല്‍കുകയുണ്ടായി. ഇതൊന്നും മനസ്സിലാക്കാതെ ചോദ്യ പേപ്പര്‍ ഉണ്ടാക്കാന്‍ ഈ അദ്ധ്യാപകനെ തന്നെ നിയോഗിച്ചവര്‍ക്കെതിരെ ഒരു നടപടിയും ഇല്ല. മന്ത്രി രാജിവച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.
അതിനിടെ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവത്തില്‍ സര്‍ക്കാരിനേയും ഇടതുപക്ഷ യുവജനസംഘടനകളേയും വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് രംഗത്തുവന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം താന്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ തീരെ ചെറിയ പാളിച്ചകള്‍ പോലും ഊതിപെരുപ്പിച്ച് കരിങ്കൊടി കാണിക്കാനും, സമരം നടത്താനും മുന്നിട്ടു നിന്ന ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാത്തത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അബ്ദുറബ്ബ് കുറ്റപ്പെടുത്തി.
ചെറിയ തോതിലുള്ള പാളിച്ചകള്‍ എല്ലാ കാലത്തും പരീക്ഷ നടത്തിപ്പില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഗുരുതരമായ ഒരു പിഴവ് ചരിത്രത്തിലാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍എസി പരീക്ഷയ്ക്കൊപ്പം നടന്ന ഹയര്‍സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയെക്കുറിച്ചും ഇത്തരമൊരു ആരോപണം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ കുറ്റക്കാരായിട്ടുള്ളവരെ മാതൃകപരമായി ശിക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും തയ്യാറാവണം. ഒരേ പരീക്ഷ രണ്ട് തവണ എഴുത്തുക എന്നത് കുട്ടികളെ സംബന്ധിച്ച് വലിയ മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതായിരുന്നു – അബ്ദുറബ്ബ് പറഞ്ഞു.