തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ സിനിമാതാരം മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം തുടരുന്നു. ചലച്ചിത്ര അക്കാദമിയില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി എസ് വെങ്കിടേശ്വരന്‍ രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നേരത്തെ നിവേദനം നല്‍കിയിരുന്നു.
ചലച്ചിത്രഅക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ അടക്കം ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും ഡബ്ല്യു.സി.സി അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും അടക്കം 107 പേരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. ഇതില്‍ സി.എസ്. വെങ്കിടേശ്വരനും ഒപ്പുവെച്ചിരുന്നു. ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ചടങ്ങാണ് കേരളത്തിലും വേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുഖ്യമന്ത്രിയാണ് പുരസ്‌കാരം നല്‍കേണ്ടത്. ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിക്കുന്നത് അനൗചിത്യവും, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെടുന്നു.