തൃക്കരിപ്പൂര്‍: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് ഇതുവരെ സമ്മാനത്തുക ലഭിച്ചിട്ടില്ല. കലോത്സവം കഴിഞ്ഞിട്ട് നേളേറെ ആയെങ്കിലും അധികാരികള്‍ അലംഭാവം കാണിക്കുന്നത് കാരണമാണ് സമ്മാനത്തുക ലഭിക്കാത്തതെന്നാണ് പരാതി. നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ജേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുമെന്നാണ് അറിയിച്ചിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ സമ്മാനത്തുക ചെക്കായി നല്‍കുകയായിരുന്നു.
എന്നാല്‍, പണം ബാങ്കുകളില്‍ അയക്കുന്നതിന് മുന്നോടിയായി കുട്ടികളില്‍നിന്ന് രസീതി ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. 232 ഇനങ്ങളിലായി 11,13,600 രൂപയാണ് സമ്മാനത്തുകയായി നല്‍കേണ്ടത്. എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്ന കുട്ടിക്ക് 2000 രൂപയാണ് സമ്മാനത്തുക. എ ഗ്രേഡോടെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 1600, 1200 എന്നിങ്ങനെയാണ് പ്രൈസ് മണി കൊടുക്കുന്നത്.
ഇതുസംബന്ധിച്ച് ഡി.പി.ഐ ഓഫിസില്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിട്ടില്‌ളെന്നും പറയുന്നു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍മൂലമാണ് സമ്മാനത്തുക പണമായി നല്‍കാതിരുന്നതെന്നാണ് വിശദീകരണം.