തുറിച്ചു നോട്ടം പരാതിപ്പെട്ടതിനാലാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ മലയാളിയെ കൊന്നതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍

പുണെ: ഇന്‍ഫോസിസില്‍ സെക്യൂരിറ്റി ജീവനക്കാരനാല്‍ കൊലചെയ്യപ്പെട്ട രസിലയുടെ മരണത്തിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. തന്നെ നിരന്തരം തുറിച്ചു നോക്കിയതില്‍ പരാതിപ്പെടുമെന്നു പറഞ്ഞതിന്റെ വിരോധം തീര്‍ക്കാനാണുകൊല നടത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കി.. കൊല്ലപ്പെടുന്നതിന് തലേദിവസമുണ്ടായ വാക്ക് തര്‍ക്കവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് രസിലയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുണെ പൊലീസാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഓഫീസിലെ വാച്ച്മാനായ ബാബന്‍ സൈലിക്ക രസിലയെ തുറിച്ച് നോക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തലേദിവസം വാക്ക് തര്‍ക്കമുണ്ടായിരുന്നു. തന്നെ നിരന്തരം തുറിച്ച് നോക്കി ശല്യം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ രസില താക്കീത് ചെയ്യുകയും ഇനിയിത് ആവര്‍ത്തിച്ചാല്‍ പരാതിപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നു.

തന്റെ പ്രൊജക്ട് പൂര്‍ത്തിയാക്കാനായി അവധി ദിനമായ ഞായറാഴ്ച രസില ഓഫീസിലെത്തിയപ്പോള്‍ ഈ വാച്ച്മാനും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഓഫീസിലേക്ക് കാര്‍ഡ് സൈ്വപ് ചെയ്ത് രസീല പ്രവേശിച്ചപ്പോള്‍ ഇയാളും ഒപ്പം അകത്തേക്ക് കടന്നു. തന്നെപ്പറ്റി പരാതിപ്പെടരുതെന്ന് രസിലയോട് ഇയാള്‍ ആവശ്യപ്പെടുകയും പിന്നീടുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ രസിലയെ കമ്പ്യൂട്ടര്‍ കേബിള്‍ ഉപയോഗിച്ച് ഇയാള്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യലില്‍ പ്രതി സ്വയം കുറ്റം സമ്മതിച്ചെങ്കിലും കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തിന് പുണെ പൊലീസ് രൂപം നല്‍കിയിട്ടുണ്ട്. രസിലയുടെ ടീ ലീഡറും ഇന്‍ഫോസിസ് ജീവനക്കാരനുമായ അഭിജിത്ത് കോത്താരിയുടെ പരാതിയിലാണ് ഇപ്പോള്‍ പൊലീസ് പ്രതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മോണിങ് ഷിഫ്റ്റിലുള്ള സഹപ്രവര്‍ത്തക മൂന്ന് മണിക്ക് ഓഫീസില്‍ നിന്ന് പോയ ശേഷം ഓഫീസില്‍ രസില ഒറ്റയ്ക്കായിരുന്നുവെന്ന് കോത്താരിയുടെ പരാതിയില്‍ പറയുന്നു. ബാംഗ്ലൂരിലുള്ള മറ്റൊരു ടീമുമായി സഹകരിച്ചായിരുന്നു രസില ജോലി ചെയ്തിരുന്നത്. വൈകിട്ട് 6.20-ഓടെയാണ് കഴിഞ്ഞ ഒരു മണിക്കൂറായി തങ്ങള്‍ക്ക് രസിലയെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബാംഗ്ലൂര്‍ ഓഫീസില്‍ നിന്നും കോത്താരിയെ അറിയിക്കുന്നത്. ഈ സമയം വീട്ടിലായിരുന്ന കോത്താരി ഫോണിലൂടെ രസീലയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും കോള്‍ എടുത്തില്ല.

7.30-ഓടെ കോത്താരി കമ്പനിയിലേക്ക് വിളിച്ച് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. ഇത് പ്രകാരം ഓഫീസ് ക്യാബിനിലെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ വിളിച്ചപ്പോള്‍ ആണ് രസില കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞതെന്ന് കോത്താരി പറയുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ താന്‍ കാണുന്നത് കോണ്‍ഫറന്‍സ് റൂമിലെ ചോരയില്‍ കുളിച്ചു കിടക്കുന്ന രസിലയെയാണ്. രസിലയുടെ മുഖത്തും വായിലും ചോരയുണ്ടായിരുന്നുവെന്നും മഞ്ഞ നിറത്തിലുള്ള ലാന്‍ കേബിള്‍ ഉപയോഗിച്ചാണ് രസിലയെ കൊല്ലപ്പെടുത്തിയതെന്നും കോത്താരിയുടെ മൊഴിയില്‍ പറയുന്നു.

കമ്പനി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്നെ പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നു. മൂന്ന് മണിക്ക് ഓഫീസ് റൂമിലേക്ക് രസില ജോലിക്കായി പ്രവേശിക്കുന്നതും പിന്നെ അഞ്ച് മണിക്ക് ബ്രേക്ക് ടൈമില്‍ പുറത്തിറങ്ങുന്നതും സിസി ടിവി ദൃശ്യത്തില്‍ വ്യക്തമായിരുന്നു. ഈ സമയത്താണ് പ്രതി ഓഫീസ് റൂമിന് സമീപത്തേക്ക് വരുന്നതും ആദ്യമായി സിസിടിവിയില്‍ തെളിയുന്നത്. പിന്നീട് പലതവണ ഇയാള്‍ പ്രവേശനം വിലക്കപ്പെട്ട റൂമിലേക്ക് കടക്കുന്നതും പുറത്തു പോവുന്നതും ദൃശ്യങ്ങളിലുണ്ട്.

അഞ്ച് മണിയോടടുത്ത് രസിലയുടെ കൊലപാതകം നടന്നെങ്കിലും വിവരം പുറത്തു വരാന്‍ മണിക്കൂറുകള്‍ വൈകിയത് ഐടി കമ്പനികളിലെ വനിതാ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്‍ഫോസിസിനൊപ്പം തന്നെ കെട്ടിട്ടത്തിന്റെ സുരക്ഷാ ചുമതലയുള്ള ഏരിയല്‍ സെക്യൂരിറ്റി ഏജന്‍സിയും പ്രതിസ്ഥാനത്താണ്. പൂണെയിലേക്ക് പുറപ്പെട്ട രസിലയുടെ പിതാവടക്കമുള്ളവര്‍ അവിടെയെത്തി മൃതദേഹം കണ്ട ശേഷം മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുവാന്‍ പാടുള്ളൂവെന്ന് രസിലയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രസിലയുടെ മരണത്തില്‍ ഗൗരവകരമായ അന്വേഷണം വേണമെന്നും നീതി കിട്ടിയെന്ന് ഉറപ്പാക്കും വരെ പുണെയില്‍ തുടരുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

Top