കേരളം രാഷ്ട്രപതി ഭരണത്തിലേയ്ക്ക് : കേന്ദ്ര ഗവർണ്ണറോട് റിപ്പോർട്ട് ആവശ്യപ്പെടും; പിണറായിയെയും ഡിജിപിയെയും ഗവർണർ വിളിച്ചു വരുത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി കാട്ടി ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസർക്കാരിനെ സമീപിക്കും. കണ്ണൂരിൽ നിന്നു തലസ്ഥാനത്തേയ്ക്കു അക്രമങ്ങൾ വ്യാപിച്ചതായി ചൂണ്ടിക്കാട്ടിയാണ് പ്രത്യേക സൈനിക അധികാര നിയമത്തോടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന നിർദേശം കേന്ദ്ര സർക്കാരിനു ബിജെപി സംസ്ഥാന നേതൃത്വം സമർപ്പിക്കുന്നത്. ബിജെപിയുടെ സംസ്ഥാനത്തെ ഏക എംഎൽഎയും, രണ്ട് എംപിമാരും, പഞ്ചായത്ത് തലം വരെയുള്ള എല്ലാ ജനപ്രതിനിധികളും ഒപ്പിട്ടാവും നിർദേശം സമർപ്പിക്കുക.
ഇതിന്റെ ആദ്യഘട്ടമായാണ് ഇന്നലെ ആർഎസ്എസ് നേതാവിന്റെ കൊലപാതകമുണ്ടായതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാന മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചതും നടപടികളെപ്പറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടതും. ഇതിനു പിന്നാലെ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും, പ്രധാനമന്ത്രിയുടെ ഓഫിസും സംസ്ഥാന ഗവർണർ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി.സദാശിവത്തെ ഫോണിൽ ബന്ധപ്പെട്ട് കർശന നടപടികൾ ഉറപ്പാക്കണമെന്നു നിർദേശവും നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെയും ഗവർണർ വീട്ടിലേയ്ക്കു വിളിച്ചു വരുത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആർഎസ്എസ് നേതാവ് രാജേഷ് കൊല്ലപ്പെട്ടത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങളെല്ലാം പൊലീസ് ഇതിനോടകം തന്നെ ശേഖരിച്ചിരുന്നു. ഈ റിപ്പോർട്ട് പൂർണമായും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിൽ സംസ്ഥാനം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ഉടനടി നടപടിയുണ്ടാകുമെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top