തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന 31 പഞ്ചനക്ഷത്രബാറുകളിൽ 11 എണ്ണം അടച്ചു പൂട്ടി.ആകെ 815 ബിയർ, വൈൻ പാർലറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിൽ 557 എണ്ണത്തിനും താഴുവീണു.സംസ്ഥാനത്ത് പൂട്ടിയത് 1825 മദ്യശാലകളാണ്. സർക്കാർ ഉടമസ്ഥതയിലുള്ള 159 മദ്യവിൽപ്പന കേന്ദ്രങ്ങൾ, 1080 കള്ളുഷാപ്പുകൾ, 18 ക്ലബ്ബുകൾ എന്നിങ്ങനെയാണ് പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യേണ്ടത്. ബിവറേജസ് കോർപ്പറേഷന്റെ 272 കേന്ദ്രങ്ങളിൽ 180 എണ്ണം മാറ്റണം. 46 എണ്ണം മാറ്റിക്കഴിഞ്ഞു. 134 ഷോപ്പുകൾ നിലവിലുള്ള സ്ഥലത്ത് തുടരാനാകില്ല. ശനിയാഴ്ച മുതൽ 138 ഷോപ്പുകൾ മാത്രമേ പ്രവർത്തിപ്പിക്കാനാകൂ.
ഏപ്രിൽ ഒന്നു മുതൽ പുതിയ അബ്കാരി വർഷം ആരംഭിക്കുകയാണ്. ശനിയാഴ്ച ഡ്രൈ ഡേയാണ്. ഞായറാഴ്ച മുതൽ ഇവക്ക് നിലവിലെ ഹോട്ടലുകളിൽ പ്രവർത്തിക്കാനാകില്ല. ഇവ മാറ്റി മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നതും പ്രായോഗികമല്ല.ഇതോടെ ബാറുകളിലൂടെയുള്ള മദ്യവിൽപനയിൽ 35 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ത്രിസ്റ്റാർ ബാറുകളെ ഉമ്മൻ ചാണ്ടി സർക്കാർ നിരോധിച്ചത് മദ്യ നയത്തിന്റെ ഭാഗമായിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായുണ്ടായ ഇഗോയായിരുന്നു ഇതിന് കാരണം. മദ്യലോബിയുടെ വ്യാപകമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയ നടപടി. ഇതിൽ നിന്ന് തലയൂരാൻ ബാറുകൾക്ക് ആയില്ല. പലവിധ കോടതികളും കയറി ഇറങ്ങി. എന്നാൽ സർക്കാരുകൾക്ക് പിന്നോക്കം പോകാനായില്ല. അതിനിടെയാണ് പുതിയ പ്രശ്‌നമെത്തിയത്. പാതയോരത്തെ മദ്യശാലകൾ അടച്ചു പൂട്ടുക. ഈ വിധിക്ക് പലവിധ വ്യാഖ്യാനങ്ങളെത്തി. ബാറുകൾ പൂട്ടേണ്ടി വരില്ലെന്നായിരുന്നു പലരും നിർവ്വചിച്ചത്.
20,000 ത്തിൽ താഴെ ജനസാന്ദ്രതയുള്ള ഇടങ്ങളിൽ ചില്ലറ മദ്യവിൽപനശാലകളുടെ ദൂരപരിധി 220 മീറ്ററായി കുറച്ചെങ്കിലും കേരളത്തിൽ ഇതു ബാധകമാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ സാഹചര്യത്തിൽ മദ്യത്തിെൻറ ചില്ലറ വിപണനകേന്ദ്രങ്ങളുടെ കാര്യത്തിൽ വലിയ പ്രതീക്ഷയില്ലെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.എന്നാൽ എല്ലാം മാറ്റി മറിച്ച് സുപ്രീംകോടതി കാര്യങ്ങൾ വിശദീകരിച്ചു. ദേശീയ പാതയോരത്ത് മദ്യം വിളമ്പുന്ന സ്ഥാപനങ്ങൾ ഒന്നും വേണ്ട ഇതോടെ വെട്ടിലാകുന്നത് സർക്കാർ കൂടിയാണ്. സുപ്രീംകോടതി വിധിയനുസരിച്ച് ബാറുകൾ അടക്കം മാറ്റണം. എന്നാൽ പുതിയ സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചാൽ നാട്ടുകാരുടെ എതിർപ്പെത്തും. ദേശീയ പാതയോരത്ത് നിന്ന് മാറ്റിയ ബിവറേജസ് ഔട്‌ലെറ്റുകൾ പുതിയ സ്ഥലത്ത് തുറക്കാൻ സർക്കാരിന് കഴിയുന്നില്ല. അതിനിടെയാണ് എല്ലാ ബാറുകളും മദ്യശാലകളും പാതയോരത്ത് നിന്ന് മാറ്റാൻ ആവശ്യപ്പെടുന്നത്. വലിയ ക്രമസമാധാന പ്രശ്‌നമായി ഇത് മാറും.
അതേസമയം, ചില്ലറവിപണനകേന്ദ്രങ്ങളുടെ ലൈസൻസ് പഞ്ചായത്ത് അടിസ്ഥാനത്തിൽ നൽകുന്നത് മാറ്റി താലൂക്ക് അടിസ്ഥാനത്തിലാക്കാൻ നീക്കങ്ങൾ സജീവമാണ്. നേരത്തേ ഇതുസംബന്ധിച്ച് എക്സൈസ് വകുപ്പ് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ജനരോഷം ഭയന്ന് നടപ്പാക്കാനായിരുന്നില്ല. സുപ്രീംകോടതിയിൽനിന്ന് പ്രതികൂല വിധിയുണ്ടായ സാഹചര്യത്തിൽ ഇതുനടപ്പാക്കാൻ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം.
കൺസ്യൂമർഫെഡിന് 23 ഷോപ്പുകൾ മാത്രമേ പ്രവർത്തനാനുമതി ലഭിക്കുകയുള്ളൂ. വിധി കൺസ്യൂമർഫെഡിനെ സാരമായി ബാധിക്കില്ലെന്ന് എം.ഡി. എം. രാമനുണ്ണി പറഞ്ഞു. വിധി ബാധകമല്ലാത്ത 10 ഷോപ്പുകളും പുതിയ മാനദണ്ഡപ്രകാരം മാറ്റിയ 13 ഷോപ്പുകളും പ്രവർത്തിപ്പിക്കാം. മാറ്റേണ്ടിയിരുന്ന 29 ഷോപ്പുകളിൽ 27 എണ്ണത്തിന് പുതിയ സ്ഥലത്തേയ്ക്ക് ലൈസൻസ് കിട്ടി. 16 എണ്ണം മാറ്റി. എഴെണ്ണം മാറ്റുന്നതിന് നടപടികൾ തുടരുന്നു. പ്രതിഷേധം കാരണം ആറു സ്ഥലങ്ങളിൽ ഷോപ്പ് തുടങ്ങാനായിട്ടില്ല.
കോടതി വിധി ബാധകമായ മദ്യവിൽപ്പനശാലകൾ പൂട്ടാൻ എക്സൈസിന് നിർദ്ദേശം നൽകിയതായി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ പറഞ്ഞു. പൂട്ടേണ്ട മദ്യശാലകൾക്കു മുന്നിൽ സുരക്ഷ ഏർപ്പെടുത്തും. വിധിപകർപ്പ് കിട്ടിയശേഷം മാത്രമേ നടപടിയുണ്ടാകുകയുള്ളൂ എന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞു. ഫലത്തിൽ ത്രി സ്റ്റാർ ബാറുകൾ നിരോധിച്ചപ്പോഴേതിന് സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്തെ 75 ശതമാനം മദ്യവിൽപ്പന കേന്ദ്രങ്ങളും പൂട്ടേണ്ടി വരും. ഇതിൽ എത്രയെണ്ണം മാറ്റി സ്ഥാപിക്കാനാകുമെന്നതും സംശയകരമാണ്. അത്രയേറെ പൊതുജന എതിർ്പ്പ് സജീവമാകും.