തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങവേ കേരളം ഇനി ആരുഭരിക്കുമെന്ന കണക്കുകൂട്ടലുകളും പ്രവചനങ്ങളും മുറുകുന്നു. എഷ്യനെറ്റും കൈരളിയും നടത്തിയ പ്രീ പോള്‍ സര്‍വ്വേകളില്‍ കേരളത്തില്‍ ഇടതുഭരണമാണെന്നായിരുന്നു സര്‍വ്വേ ഫലം. സോളാര്‍ സരിത, ബാര്‍ അഴിമതി വിഷയങ്ങള്‍ കത്തി നിന്നപ്പോള്‍ നടത്തിയ സര്‍വ്വേകളില്‍ യുഡിഎഫിനെതിരായ താല്‍ക്കാലിക വികാരമാണ് പ്രതിഫലിച്ചെതെന്നാണ് തുടര്‍ സര്‍വ്വേകള്‍ കാണിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ പി ആര് കമ്പനി നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ വീണ്ടും യുഡിഎഫ് ഭരണത്തിനാണ് സാധ്യതയെന്നാണ് വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും രണ്ട് മാസത്തോളമുള്ളത് കോണ്‍ഗ്രസ് മുന്നണിക്കാണ് ഗുണം ചെയ്തതെന്ന് സര്‍വ്വേ വിലയിരുത്തുന്നു. സോളാര്‍ വിഷയത്തില്‍ കാര്യമായ എതിര്‍പ്പ് ഉമ്മന്‍ചാണ്ടിക്ക് തിരഞെടുപ്പില്‍ നേരിടേണ്ടിവരില്ലെന്നും സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
യുഡിഎഫ് മുന്നണി ഭരണം പിടിക്കാനുള്ള സീറ്റ് നേടുമെന്ന് പറയുന്ന സര്‍വ്വേ ബിജെപി കേരളത്തില്‍ മൂന്നിനും എട്ടിനും ഇടയില്‍ സീറ്റ് നേടുമെന്നും വെളിപ്പെടുത്തുന്നു. കോണ്‍ഗ്രസ് മുന്നണി 82 നും 90 ഇടയില്‍ സീറ്റു നേടുമെന്നും ഇടതുമുന്നണി 55 നും 60 ഇടയില്‍ സീറ്റു നേടുമെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു
ഈഴവ വോട്ടുകളിലെയും ഹൈന്ദവ ഏകികരണവും അപ്രതീക്ഷിതമായ അട്ടിമറിയിലേക്ക് കാര്യങ്ങള്‍ നീങ്ങുക എന്നാണ് സര്‍വ്വേ ചൂണ്ടികാട്ടുന്നത്. ഹിന്ദു വോട്ടുകളുടെ ചോര്‍ച്ച കാര്യമായി ബാധിക്കുക ഇടതുമുന്നയെ ആയിരിക്കും. ഇത് ബിജെപിക്കും ഒപ്പം കോണ്‍ഗ്രസിനും നേട്ടമായി മാറും. ന്യൂനപക്ഷ വോട്ടുകളില്‍ കാര്യമായി വിള്ളലുണ്ടാക്കാന്‍ ഇടതുമുന്നണിക്ക് കഴിയാതെ പോകുന്നതും കോണ്‍ഗ്രസിന് നേട്ടമായി മാറുന്നതായും സര്‍വ്വേ വിലയിരുത്തുന്നു. ഇടുക്കി മോഡല്‍ സ്ഥാനാര്ത്ഥികളുണ്ടായാലും മുസ്ലീം ക്യിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടില്‍ കാര്യമായ അട്ടിമറി നടക്കില്ലെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.
ബിജെപി വെള്ളാപ്പള്ളി മുന്നണിക്ക് എട്ടിനും മുന്നിനുമിടയിലെ സീറ്റുകളാണ് പ്രവചിക്കുന്നത്. ഇതില്‍ ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് മുന്നാമാതായി പോകുന്നത് ശ്രദ്ധേയമാണ്. കാസര്‍കോഡ് തിരുവനന്തപുരം ജില്ലകളിലാണ് ബിജെപി മുന്നണി സീറ്റുകള്‍ നേടുക. ഈഴവ വോട്ടുകള്‍ സിപിഎമ്മിന് കാര്യമായി തന്നെ നഷ്ടപെട്ടേക്കുമെന്ന് സര്‍വ്വേ ചൂണ്ടാകാട്ടുന്നു. കാസര്‍കോഡ് രണ്ടും തിരുവനന്തപുരത്ത് ഒരു സീറ്റും ബിജെപി നേടുമെന്നാണ് സര്‍വ്വേഫലം കാണിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഇടപെടലായിരിക്കും കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുക. പല മണ്ഡങ്ങളും പ്രവചനാതീതമാകുന്നതും ഇത് കൊണ്ട് തന്നെയായിരിക്കും. തിരഞെടുപ്പില്‍ വികസന കാര്യങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ ചര്‍ച്ചയാക്കി മാറ്റാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 40 ശതമാനത്തോളം പേര് ഇപ്പോഴും ഉമ്മന്‍ ചാണ്ടിയെ തന്നെയാണ് നിര്‍ദ്ദേശിക്കുന്നത്. വിഎം സുധീരനും ചെന്നിത്തലയും രണ്ടാം സ്ഥാനത്ത് പോലും എത്തുന്നില്ല. സ്ത്രീകളും യുവാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെ തന്നെയാണ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ വിഎസ് മുഖ്യമന്ത്രിയാകണമെന്ന് മുപ്പത് ശതമാനം പേരും ആവശ്യപ്പെടുന്നു. 22 % പിണറായിയേയും 5 % ശതമാനം ചെന്നിത്തലയേയും 2% ശതമാനം സുധീരനേയും ഒരു ശതമാനം കുമ്മനത്തേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിന്തുണയ്ക്കുന്നു. വിഎസ് അനുകൂല തരംഗം മുന്നണിക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന അവസ്ഥയും സര്‍വ്വേ പ്രവചിക്കുന്നു. വിഎസ് തരംഗത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തില്ലെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം.