സ്വന്തം ലേഖകൻ
മരങ്ങാട്ടുപിള്ളി: ക്രിമിനൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മരങ്ങാട്ടുപിള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും നടത്തി.
വന്യജീവികളോടുപോലും ഇടപെടാൻ അറിയാത്ത ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയാക്കി, ഒരു തലമുറയെ ഗുണ്ടായിസത്തിലേയ്ക്ക് നയിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് ആരോപിച്ചു.
പിണറായി സർക്കാർ തന്നെ അന്വേഷിച്ചു വ്യാജമെന്ന് സാക്ഷ്യപ്പെടുത്തിയ, കെ. എം. മാണിക്കെതിരായ അഴിമതി ആരോപണത്തിന്റെ പേരിൽ നിയമസഭ തല്ലിപ്പൊളിച്ച ക്രിമിനൽ മന്ത്രിയെ സംരക്ഷിക്കാനുള്ള സിപിഎം തീരുമാനത്തിന് കേരളാ കോൺഗ്രസ് ചാമരം വീശുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ജില്ലാ കെ എസ് യു പ്രസിഡന്റ് ജോർജ് പയസ് പറഞ്ഞു.
അധികാരത്തിനുവേണ്ടി ഏതറ്റം വരെയും അധഃപതിക്കാമെന്ന് അവർ ഓരോ ദിവസവും തെളിയിക്കുകയാണ്. സർക്കാരിന്റെ വക്കീൽ സുപ്രീംകോടതിയിൽ പറഞ്ഞതുപോലെ കെ എം മാണി കള്ളനാണോ എന്ന് പൊതുസമൂഹത്തോട് പറയാൻ കേരളാ കോൺഗ്രസിന് ബാധ്യതയുണ്ട്.
മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് സാബു തെങ്ങുംപള്ളി, കെ വി മാത്യു, മാത്തുക്കുട്ടി പുളിക്കിയിൽ, ബെന്നി കുറുങ്കണ്ണി, ജോസ് ജോസഫ് പി, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, സണ്ണി വടക്കേടം, കെ ആർ ഹരിക്കുട്ടൻ, സണ്ണി മുളയോലിൽ, സിബു മാണി, ജോയി പുളിക്കൻ, ചന്ദ്രൻ മലയിൽ, അലൻ പാവയ്ക്കൽ, ബെന്നി ആളോത്ത്, റോബിൻ സി കുര്യൻ, ജിസ് നേച്ചിമ്യാലിൽ, നോബിൾ, തുടങ്ങിയവർ നേതൃത്വം നൽകി