സ്വന്തം ലേഖകൻ
മലപ്പുറം: ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിന് പാർട്ടി പദവിയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വനിത ലീഗ് സംസ്ഥാന അദ്ധ്യക്ഷയെ കേന്ദ്ര സർക്കാർ ന്യൂനപക്ഷ കമ്മിഷൻ അംഗമാക്കാൻ നടപടി സ്വീകരിച്ചേക്കുമെന്ന് അഭ്യൂഹം.
ഖമറുന്നീസ അൻവറിനെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗം, അതല്ലെങ്കിൽ സർക്കാറിന്റെ കീഴിലെ മറ്റേതെങ്കിലും വിഭാഗത്തിലേക്കോ പരിഗണിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
ഖമറുന്നീസയെ പോലെ കേരളത്തിലെ ഏറ്റവും വലിയ മുസ്ലീം സമുദായ പാർട്ടിയുടെ വനിതാ വിഭാഗം പ്രസിഡന്റ് ബിജെപി പാളയത്തിലെത്തിയാൽ രാജ്യവ്യാപകമായി തന്നെ അത് വലിയ പ്രചരണമാക്കി മാറ്റി ന്യൂനപക്ഷങ്ങളിൽ പ്രതിപക്ഷം ആരോപിക്കുന്ന ‘ഭീതിയകറ്റാൻ ‘ സാധിക്കുമെന്ന പ്രതീക്ഷയിലാണത്രെ ബിജെപി നേതൃത്യം.
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും എംപിമാരെ പ്രതീക്ഷിക്കുന്ന ബിജെപി, ഖമറുന്നീസ പാർട്ടിയോട് കൂടുതൽ സഹകരിക്കുകയാണെങ്കിൽ അത് തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ്.
വനിതാ നേതാവാണെന്നതിനാൽ പദവികൾ നൽകുന്നതിന് മറ്റു വലിയ തടസ്സമുണ്ടാകില്ലെന്നതും ബിജെപിയുടെ നീക്കങ്ങൾക്ക് പിന്നിലുണ്ട്.
ബിജെപിയിലേക്ക് ഖമറുന്നീസ കടന്നു വന്നാൽ, ഇത്തവണയല്ലങ്കിലും മോദിയുടെ രണ്ടാമൂഴത്തിൽ അവർക്ക് തീർച്ചയായും ബിജെപി പരിഗണന നൽകുമെന്ന് തന്നെയാണ് രാഷട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് സാമൂഹിക ക്ഷേമ ബോർഡ് ചെയർപേഴ്സണായിരുന്നു ഖമറുന്നീസ. രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തില സാമൂഹിക-സാംസ്‌കാരിക മേഖലകളില സജീവ സാന്നിധ്യം കൂടിയാണവർ.
തിരൂരിൽ ബിജെപി പരിപാടിയിൽ പങ്കെടുത്ത ഖമറുന്നീസ ബിജെപി കേരളത്തിൽ വളരെ വേഗത്തിൽ വളരുന്ന പാർട്ടിയാണെന്നും നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മക്കും ബിജെപിക്ക് ഏറെ ചെയ്യാനാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഈ പ്രസംഗം സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെയാണ് ലീഗ് നേതൃത്വം അവരെ തള്ളി പറഞ്ഞ് രംഗത്ത് വന്നത്. ബിജെപി പരിപാടിയിൽ പങ്കെടുത്തതിന് മാപ്പ് പറയാത്തതിനാലാണ് പാർട്ടി സ്ഥാനങ്ങളിൽ നിന്നും ലീഗ് ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം മുസ്ലീം ലീഗ് വനിതാ നേതാവിൽ നിന്നും ലഭിച്ച പ്രശംസ ഇപ്പോൾ തന്നെ ബിജെപി-ആർഎസ്എസ് പ്രവർത്തകർ വ്യാപകമായി പ്രചരണമാക്കി കഴിഞ്ഞിട്ടുണ്ട്. മാധ്യമങ്ങളും വലിയ പ്രാധാന്യം ഈ സംഭവത്തിന് കൊടുത്തതോടെ മുസ്ലീം ലീഗും യു ഡി എഫുമാണ് വെട്ടിലായിരിക്കുന്നത്.
കേരളത്തിൽ കോൺഗ്രസ്സിന്റെ പ്രധാന സഖ്യകക്ഷിയായ ലീഗിന്റെ വനിതാ പ്രസിഡന്റ് നൽകിയ അഭിനന്ദനം ദേശീയ തലത്തിൽ കോൺഗ്രസ്സിനെതിരെ ഉപയോഗിക്കാൻ ബിജെപിക്കും നല്ലൊരു ആയുധമാണ്.
ഖമറുന്നീസയുമായി ആശയ വിനിമയം നടത്താൻ ബിജെപിയുടെ മുതിർന്ന നേതാക്കൾ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.