രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌നയ്ക്ക് ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങും പാരാലിംപിക് താരം ദേവേന്ദ്ര ജജാരിയയും അര്‍ഹരായി.
അര്‍ജുന അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ മലയാളി താരങ്ങള്‍ക്കൊന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടില്ല. നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന ലഭിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും തഴയപ്പെട്ടു.
ജസ്റ്റിസ് സി കെ താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര വിജയികളെ തിരഞ്ഞെടുത്തത്. മലയാളി താരം പി ടി ഉഷ, ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് എന്നിവരും കമ്മിറ്റിയിലുണ്ട്. ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ സാധ്യാപട്ടികയില്‍ ഏഴു താരങ്ങളുണ്ടായിരുന്നു. പാരാലിംപിക് ഹൈജംപ് താരം മാരിയപ്പന്‍, ബോക്‌സിങ് താരം മനോജ് കുമാര്‍ എന്നിവരെയും ഖേല്‍രത്‌നയ്ക്കായി പരിഗണിച്ചിരുന്നു.
അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സില്‍ രണ്ടു തവണ രാജ്യത്തിനായി സ്വര്‍ണം നേടിയ പ്രകടനമാണ് ജജാരിയയെ പുരസ്‌കാരനേട്ടത്തിലേക്ക് നയിച്ചത്. ജാവ്‌ലിന്‍ ത്രോയിലാണ് താരം രാജ്യത്തിന് മെഡല്‍ സമ്മാനിച്ചത്. റിയോ പാരാലിംപിക്‌സിലും ഏതന്‍സ് പാരാലിംപിക്‌സിലുമായിരുന്നു ജജാരിയുടെ സുവര്‍ണനേട്ടം. രാജസ്ഥാന്‍ സ്വദേശിയാണ് അദ്ദേഹം.
അതേസമയം, ക്രിക്കറ്റ് താരം ചേതേശ്വര്‍ പുജാര, വനിതാ ക്രിക്കറ്റര്‍ ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി താരം ആരോക്യ രാജീവ്, എസ് വി സുനില്‍ എന്നിവരടക്കം 17 താരങ്ങള്‍ക്കു അര്‍ജുന അവാര്‍ഡ് ലഭിച്ചു.