ബംഗളൂരു: സംഗീതക്ലാസില്‍ പോയി മടങ്ങുകയായിരുന്ന 12 വയസുകാരനെ തട്ടിയെടുത്ത നാലംഗ സംഘം കുട്ടിയെ വിട്ടുകൊടുക്കാന്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ. കര്‍ണാടകയിലെ കലബുറഗി ജില്ലയിലാണ് സംഭവം.
മോചനദ്രവ്യമായി അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളും മോചനദ്രവ്യമായി സ്വീകരിക്കാന്‍ തയ്യാറെന്ന് അറിയിപ്പും നല്‍കി. ദേവകുമാറെന്ന വിദ്യാര്‍ത്ഥിയെ ഓട്ടോയിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. അടുത്തുള്ള ആശുപത്രിയിലേക്കുള്ള വഴി ചോദിച്ചെത്തിയ സംഘം, വഴി കാട്ടാനെന്ന പേരില്‍ കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. കര്‍ണാടകയിലെ വ്യവസായ മേഖലകളിലൊന്നായ കപാനൂറിലേക്കാണ് ഇവര്‍ കുട്ടിയെ കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ ചോദിച്ചറിഞ്ഞ സംഘം, 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്യുകയായിരുന്നു.
500, 1000 രൂപാ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിന്റെ പശ്ചാത്തലത്തില്‍, മോചനദ്രവ്യം നല്‍കുന്നതില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കു നേരിട്ടേക്കാവുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയ സംഘം, അസാധുവാക്കിയ നോട്ടുകളും മോചനദ്രവ്യമായി സ്വീകരിക്കാന്‍ തയാറാണെന്ന് അറിയിച്ചു. എന്തായാലും പൊലീസ് സംഭവത്തില്‍ ഇടപെട്ടതോടെ മോചനദ്രവ്യം കൂടാതെ തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്കു തിരിച്ചുകിട്ടി. മാത്രമല്ല, തട്ടിപ്പുസംഘത്തില്‍പ്പെട്ട നാലുപേരെയും പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു