ഒരു കാപ്പിക്കും ചായക്കും കൂടി ഹോട്ടലില്‍ ബില്ല് നല്‍കിയത് 78,650 രൂപ. വിമാനത്താവളങ്ങളിലും പല ഉയര്‍ന്ന ഹോട്ടലുകളിലും ഇത്തരത്തില്‍ ഉയര്‍ന്ന ബില്ലുകള്‍ നല്‍കുന്നതിന്റെ വാര്‍ത്തകള്‍ മുമ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഇത്രയും കടുത്ത ബില്ല് ആദ്യമായാണ് പലരും കാണുന്നത്. ബോളിവുഡ് ഹാസ്യ താരം കിക്കു ശര്‍ദയ്ക്കാണ് ഇത്തരമൊരു ബില്ല് ലഭിച്ചിരിക്കുന്നത്. ഒരു കപ്പിച്ചിനോയ്ക്കും ചായക്കും കൂടിയാണ് 78,650 രൂപ ഹോട്ടല്‍ ഈടാക്കിയത്. എന്നാല്‍, കിക്കു ശര്‍ദയ്ക്ക് ഇതില്‍ പരാതിയില്ല എന്നതാണ് രസകരം.
ആരെയും ഞെട്ടിക്കുന്ന ഭീമമായ ബില്ല് ലഭിച്ചിട്ടും തനിക്ക് പരാതിയില്ലെന്ന് കിക്കു പറഞ്ഞതിന് കാരണമാണ് ഈ സംഭവത്തിലെ വഴിത്തിരിവ്. കിക്കു ശര്‍ദ ബാലിയില്‍ അവധിയാഘോഷിക്കുകയാണ്. അതിനിടെയാണ് ഈ ഹോട്ടല്‍ ബില്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചത്. ഒരു കാപ്പിച്ചീനോക്കും ചായക്കും കൂടി വില 78,650. സംഭവം കണ്ടവര്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും കിക്കുവിന്റെ ട്വീറ്റ് വായിച്ചതോടെ കാര്യം മനസ്സിലായി. 78,650 എന്നത് ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണത്. രൂപ എന്ന് തന്നെയാണ് ഇന്‍ഡോനേഷ്യന്‍ കറന്‍സിയുടെ പേര്. ഒരു ഇന്ത്യന്‍ രൂപ ഇന്‍ഡോനേഷ്യയില്‍ ഏകദേശം 197 രൂപയാണ്. അതായത് 78650 ഇന്‍ഡോനേഷ്യന്‍ രൂപ എന്നാല്‍ ഏകദേശം 400 ഇന്ത്യന്‍ രൂപ.
‘ഒരു കാപ്പിച്ചീനോക്കും കാപ്പിക്കും കൂടി വില 78,650. പക്ഷേ എനിക്ക് പരാതിയൊന്നുമില്ല. കാരണം ഞാന്‍ ബാലിയിലാണുള്ളത്. ഇന്തോനേഷ്യന്‍ കറന്‍സിയിലെ വിലയാണിത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 400 രൂപയാണ് ഇതിന്റെ വില’- കിക്കു ട്വീറ്റ് ചെയ്തു.
മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ രാഹുല്‍ രണ്ട് വാഴപ്പഴത്തിന് 442 രൂപ ഈടാക്കിയ വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഛണ്ഡീഗഡിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. പിന്നാലെ മുംബൈയിലെ മാരിയറ്റ് ഹോട്ടല്‍ രണ്ട് പുഴുങ്ങിയ മുട്ടക്ക് 1700 രൂപ ഈടാക്കിയതും വലിയ വാര്‍ത്തയായിരുന്നു.