സോള്‍: ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാം (45) മലേഷ്യയില്‍ വധിക്കപ്പെട്ടതായി ദക്ഷിണ കൊറിയയിലെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്വാലലംപുര്‍ വിമാനത്താവളത്തില്‍ ഉത്തര കൊറിയയുടെ ചാരസംഘടനയിലെ രണ്ടു യുവതികള്‍ വിഷസൂചികള്‍ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. കൃത്യത്തിനുശേഷം രണ്ടു യുവതികളും ടാക്സിയില്‍ രക്ഷപ്പെട്ടതായും ദക്ഷിണ കൊറിയന്‍ ടിവി പറയുന്നു. എന്നാല്‍, നാമിന്റെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഉത്തര കൊറിയന്‍ ഏകാധിപതിയായിരുന്ന അന്തരിച്ച കിം ജോങ് ഇല്ലിന്റെ മൂത്ത മകനാണു കിം ജോങ് നാം. അനന്തരാവകാശിയാകുമെന്ന് ഒരിക്കല്‍ കരുതിയിരുന്നുവെങ്കിലും 2001ല്‍ വ്യാജ പാസ്പോര്‍ട്ടില്‍ ജപ്പാനില്‍ പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദം എല്ലാം മാറ്റി മറിച്ചു. പിതാവിന്റെ മരണശേഷം നാമിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് ഉന്‍ 2011 ഡിസംബറിലാണ് ഉത്തര കൊറിയയുടെ ഭരണാധികാരിയായത്. നാമുമായി അടുപ്പത്തിലായിരുന്ന അമ്മാവന്‍ ചാങ് സോങ് തേയിയെ 2013 ഡിസംബറില്‍ കിം ജോങ് ഉന്‍ വഞ്ചനാക്കുറ്റം ചുമത്തി വധിച്ചു. തനിക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം വകവരുത്തുന്നതായിരുന്നു കിംജോങിന്റെ ശൈലി.
ഉത്തര കൊറിയന്‍ ഭരണകൂടവുമായി അകന്ന നാം ചൈനയുടെ പ്രവിശ്യയായ മക്കാവുവില്‍ പ്രവാസത്തിലായിരുന്നു. രാജ്യാന്തര ഉപരോധം അവഗണിച്ച് അണ്വായുധമിസൈല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയില്‍ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും വധശിക്ഷയ്ക്കു വിധിക്കുന്നതു പതിവാണ്. കിങ് ജോങ് ഉന്‍ എന്ന വ്യക്തിയുടെ ക്രൂരതകളും വ്യത്യസ്ഥമായ നടപടികളും എടുക്കുന്ന തീരുമാനങ്ങളും ലോകരാജ്യങ്ങള്‍ക്ക് തലവേദനയായിട്ടുണ്ട്. 2011 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന കിം ജോങ്-11 ന്റെ മരണത്തിന് ശേഷം അധികാരം കൈകളിലാക്കിയ വ്യക്തിയാണ് ഇദ്ദേഹം. അന്ന് അദ്ദേഹത്തിന് 25 വയസ്സ് പ്രായം മാത്രമായിരുന്നു. അധികാരം ഏറ്റതിന് ശേഷം രാജ്യത്ത് വ്യത്യസ്ഥമായ തീരുമാനങ്ങളും നിയമങ്ങളും നടപ്പിലാക്കി.
ലോക രാജ്യങ്ങള്‍ക്കെതിരെ മിസൈലുകളുടേയും ആറ്റംബോംബുകളുടേയും പരീക്ഷണങ്ങള്‍ നടത്തി ഭീഷണി മുഴക്കി. 2012 ല്‍ മിസൈലുകളുടെ പരീക്ഷണം നടത്തുകയും 2013 ല്‍ രാജ്യത്തിന്റെ മൂന്നാമത്തെ ന്യൂക്ലിയര്‍ പരീക്ഷണം നടത്തുകയും ചെയ്തത് കാരണം ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ രാജ്യത്തിന് നിരോധനം ഏര്‍പ്പെടുത്തി.കഴിഞ്ഞ ജനുവരിയില്‍ ഇദ്ദേഹം ആറ്റം ബോംബിനെക്കാളും 450 ഇരട്ടി പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുകയുണ്ടായി. ഐക്യ രാഷ്ട്ര സഭ ഉള്‍പ്പെടെ മറ്റ് ലോക രാജ്യങ്ങള്‍ സംഭവത്തെ അപലപിക്കുകയും ചെയ്തു. മറ്റ് രാജ്യങ്ങള്‍ എവിടേയും കാണാന്‍ സാധിക്കാത്ത ക്രൂരതകള്‍ നിറഞ്ഞ ശിക്ഷകളാണ് തടവുകാര്‍ക്ക് ഈ ഏകാധിപതി നല്‍കുന്നത്. നടുറോഡില്‍ വച്ചും , പൊതു സ്ഥലങ്ങളില്‍ വച്ചും തടവുകാരെ കെട്ടിയിട്ട് വെടിയുതിര്‍ത്തുകൊല്ലുന്നതാണ് ഇദ്ദേഹത്തിന്റെ ശിക്ഷകളില്‍ ഒന്ന്.
സ്വന്തം അമ്മാവനെ വരെ വേട്ടയാടിയ ഈ ഭരണാധികാരി ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ മുഴുവന്‍ പേരേയും തടങ്കലിലാക്കും നരക തുല്യമായ ക്യാമ്പിലാണ് പിന്നീട് ആ കുടുംബത്തിലെ മൂന്ന് തലമുറകള്‍ കഴിയേണ്ടത്. ഇന്ന് ഏകദേശം എണ്‍പതിനായിരം മുതല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ ജയിലില്‍ കഴിയുന്നു. 50 വര്‍ഷത്തിനുള്ളില്‍ ആയിരങ്ങളെ തൂക്കിലേറ്റിയും വെടിയുതിര്‍ത്തും കൊന്നൊടുക്കിയിട്ടുണ്ട്.