![](https://dailyindianherald.com/wp-content/uploads/2016/03/king-cobra.png)
കണ്ണൂര്‍:പതിനെട്ട് ദിവസങ്ങള്‍ നീണ്ട ഉഗ്ര പോരാട്ടത്തിനൊടുവില്‍ രാജവെമ്പാല ഇണയെ സ്വന്തമാക്കി. ഇണയെ സ്വന്തമാക്കാന്‍ രാജവെമ്പാലകള്‍ പോരാട്ടത്തിലേര്‍പ്പെടുകയും ഒടുവില്‍ ജയിക്കുന്ന രാജവെമ്പാല ഇണക്കൊപ്പം കൂടുകയും ചെയ്യു. കഴിഞ്ഞ മൂന്നിനാണു കണ്ണൂര്‍ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ രാജവെമ്പാലകളുടെ യുദ്ധം ആരംഭിച്ചത്. കെട്ടിവരിഞ്ഞുള്ള പോരാട്ടത്തില്‍ പരസ്പരം കടിച്ചു വിഷം കളയില്ലെന്നതു രാജവെമ്പാലകളുടെ പ്രത്യേകതയാണ്. എന്നാല്‍ ഇവയുടെ ചീറ്റലിനുപോലും രാജകീയപ്രൗഢിയുണ്ട്. കാട്ടില്‍ മാത്രം നടക്കുന്ന ഈ അപൂര്‍വയുദ്ധം കാണാന്‍ നിരവധി സഞ്ചാരികളും നാഷണല്‍ ജ്യോഗ്രഫിക്, ഡിസ്‌കവറി ചാനല്‍ സംഘങ്ങളും പറശ്ശിനിക്കടവിലുണ്ടായിരുന്നു
പാമ്പുകളുടെ പ്രത്യുത്പാദനത്തിനായി കാട്ടിലെന്നപോലെ കൃത്രിമസാഹചര്യമൊരുക്കിയിരുന്നു. 20 25 വയസും അഞ്ചു മീറ്റര്‍ നീളവുമുള്ള രണ്ട് ആണ്‍രാജവെമ്പാലകളും 20 വയസും മൂന്നരമീറ്റര്‍ നീളവുമുള്ള ഒരു പെണ്‍രാജവെമ്പാലയുമാണ് ഇവിടെയുള്ളത്. ജനുവരിമാര്‍ച്ചാണു രാജവെമ്പാലകളുടെ ഇണചേരല്‍കാലം. അതിനാലാണ് ഈ സമയം പാര്‍ക്ക് അധികൃതര്‍ തെരഞ്ഞെടുത്തത്. പിലിക്കുളം ബയോളജിക്കല്‍ പാര്‍ക്കിലെ ഗൗരിശങ്കറാണു ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്. എതിരാളിയെ കീഴ്‌പ്പെടുത്തുന്ന വീരനാണു പെണ്‍രാജവെമ്പാലയുടെ ഇണയാവുക. പോരില്‍ തോറ്റവര്‍ അപമാനഭാരത്താല്‍ പലപ്പോഴും പെണ്ണിനെ കടിച്ചുകീറാന്‍ ശ്രമിക്കും. വിജയിക്കൊപ്പം ഇണചേരാന്‍ പെണ്‍രാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ.
ഇന്നലെ മുതല്‍ പെണ്‍രാജവെമ്പാല വിജയിയോട് അടുത്തിടപഴകാന്‍ തുടങ്ങി. ഏറെക്കുറെ പരാജിതനായ മറ്റേ രാജവെമ്പാല കൂടിനരികില്‍ മാറിക്കിടപ്പാണ്. എന്നാലും ഇടയ്ക്കിടെ ശൗര്യം വീണ്ടെടുക്കുമ്പോള്‍ യുദ്ധസന്നദ്ധനാകുന്നുമുണ്ട്. പരാജിതന്‍ യുദ്ധഭൂമിയില്‍നിന്നു മാറിപ്പോകാറാണു പതിവ്. എന്നാല്‍ കൂടായതിനാല്‍ അതിനു നിവൃത്തിയില്ല. ഇന്നുതന്നെ തോറ്റ രാജവെമ്പാലയെ കൂടുതല്‍ നാണംകെടുത്താതെ കൂട്ടില്‍നിന്നു മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.
യുദ്ധവിജയിയുമായുള്ള ഇണചേരലും അപൂര്‍വകാഴ്‌യാണ്. ഇണചേര്‍ന്നു കഴിഞ്ഞാല്‍ ഇലകള്‍ ചേര്‍ത്തുവച്ച് കൂടുണ്ടാക്കി ഒരേസമയം 30 ഃ50 മുട്ടകള്‍ രാജവെമ്പാല ഇടാറുണ്ട്. അതില്‍ 90 ദിവസത്തോളം പെണ്‍പാമ്പ് അടയിരിക്കും. കണ്ണെത്തുന്ന ദൂരത്ത് ആണ്‍പാമ്പ് കാവലുണ്ടാകും. ഇക്കാലമത്രയും പെണ്‍പാമ്പ് ഭക്ഷണമുപേക്ഷിക്കും. എന്നാല്‍ മുട്ട വിരിയുന്നതിനു മുമ്പു ഇലക്കൂടുപേക്ഷിച്ചു പോകുകയും ചെയ്ുയമെന്നു ഗവേഷകര്‍ പറയുന്നു.