മുംബൈ: വിജയ് മല്യയുടെ കിംഗ് ഫിഷര്‍ ലേലത്തില്‍ പിടിക്കാന്‍ ആരുമില്ല. ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുംബയിലെ ആസ്ഥാനമന്ദിരമായ കിംഗ്ഫിഷര്‍ ഹൗസിന്റെ ലേലം അഞ്ചാംവട്ടവും പരാജയപ്പെട്ടു. റിസര്‍വ് തുക 150 കോടി രൂപയില്‍ നിന്ന് 93.50 കോടി രൂപയിലേക്ക് വെട്ടിക്കുറച്ചിട്ടും ഇന്നലെയും ലേലത്തില്‍ ആരും പങ്കെടുത്തില്ല.
2016 മാര്‍ച്ചിലാണ് എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കിംഗ്ഫിഷര്‍ ഹൗസ് ആദ്യമായി ലേലത്തിനു വച്ചത്. തുടര്‍ന്ന്, റിസര്‍വ് തുക 135 കോടി രൂപയായി കുറച്ച് ആവര്‍ഷം ആഗസ്റ്റില്‍ നടത്തിയ ലേലവും പരാജയപ്പെട്ടു. മുംബയ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം 2,400 ചതുരശ്ര മീറ്ററിലാണ് കിംഗ്ഫിഷര്‍ ഹൗസ് സ്ഥിതിചെയ്യുന്നത്. നാല് നിലകളാണ് മന്ദിരത്തിനുള്ളത്. അഞ്ചാംനില പണിയാനുള്ള അനുമതിയുമുണ്ട്. ലേലം കൊള്ളുന്നവര്‍ക്ക് മന്ദിരത്തില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇതു സഹായകമാകും. എന്നിട്ടും, ലേലത്തില്‍ ആരും പങ്കെടുക്കുന്നില്ലെന്ന് ബാങ്കുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 115 കോടി രൂപയ്ക്കും ഈവര്‍ഷം മാര്‍ച്ചില്‍ 103.50 കോടി രൂപയ്ക്കും കിംഗ്ഫിഷര്‍ ലേലത്തിനു വച്ചെങ്കിലും ആരുമെത്തിയില്ല. തുടര്‍ന്നാണ്, റിസര്‍വ് തുക 93.50 കോടി രൂപയാക്കി ചുരുക്കി ഇന്നലെ വീണ്ടും ലേലം നടത്തിയത്. അതേസമയം, മല്യയുടെ ഗോവയിലെ ആഡംബര വസതിയായ കിംഗ്ഫിഷര്‍ വില്ല ഈവര്‍ഷം ഏപ്രിലില്‍ 73.01 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു. പലവട്ടം പരാജയപ്പെട്ട ലേലമാണ്, ഏപ്രിലില്‍ വിജയം കണ്ടത്. ബോളിവുഡ് താരവും ബിസിനസ് പ്രമുഖനുമായ സച്ചിന്‍ ജോഷിയാണ് വില്ല വാങ്ങിയത്.
എസ്.ബി.ഐ., പഞ്ചാബ് നാഷണല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിന് 9,000 കോടിയോളം രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.