കേരളത്തിലെ ഒരുവിഭാഗം കൊണ്ടാടിയ ചുംബനസമരം അതിന്റെ സ്വാഭാവിക പരിണാമഗുപ്തിയിലെത്തിയിരിക്കുന്നു. കേരളത്തിലുടനീളം രക്ഷിതാക്കളില്‍ വലിയ ആശങ്കയുളവാക്കിയ തെരുവ് ചുംബന സമരത്തിന് നേതൃത്വം നല്‍കിയവരെക്കുറിച്ചും ആ സമരത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും അവരെ പിന്തുണച്ച ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളെക്കുറിച്ചും യുവമോര്‍ച്ച അതിന്റെ നിലപാട് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കെണിയില്‍പ്പെടുത്തി പെണ്‍വാണിഭ സംഘത്തിനുവേണ്ടി റിക്രൂട്ട് ചെയ്യാന്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും എം.ബി രാജേഷ്, വി.ടി ബല്‍റാം തുടങ്ങിയ ജനപ്രതിനിധികളും, കപട സാംസ്‌കാരിക നായകന്മാരും ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് ഇന്ന് കേരളം തിരിച്ചറിയുന്നത്. ജനപക്ഷത്തു നിന്നുകൊണ്ട് ഈ കാപട്യത്തെയും ഗൂഢാലോചനയേയും തുറന്നുകാട്ടാന്‍ ശ്രമിച്ച യുവമോര്‍ച്ചയെയും അതിന്റെ നേതാക്കളെയും വര്‍ഗ്ഗീയ പട്ടം നല്‍കി കൂച്ചുവിലങ്ങിടാന്‍ ഇവരൊക്കെ കിണഞ്ഞു ശ്രമിച്ചത് ജനങ്ങള്‍ മറന്നിട്ടില്ല.ഡിവൈഎഫ്‌ഐ നേതാക്കളും ജനപ്രതിനിധികളും എം.ബി രാജേഷും, വി.ടി ബല്‍റാമും ജനങ്ങളോട് മറുപടി പറഞ്ഞേ മതിയാവൂ.
കോഴിക്കോട്ടുള്ള ഒരു ഹോട്ടലില്‍ ആണും പെണ്ണും ഒരുമിച്ചിരുന്നതിനെ യുവമോര്‍ച്ച എതിര്‍ത്തതിന്റെ പേരിലായിരുന്നു ചുംബനസമരം ആവിഷ്‌കരിക്കപ്പെട്ടതത്രെ- ഇതില്‍ പരാമര്‍ശിക്കപ്പെട്ട ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ഉച്ചക്ക് മൂന്ന് മണിക്കാണെന്നത് തെരുവ് ചുംബന സമരത്തില്‍ മയങ്ങിപ്പോയ കോഴിക്കോട്ടെ ചില മാധ്യമ തമ്പുരാക്കന്മാര്‍ക്കടക്കം എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. എന്നാല്‍ യുവമോര്‍ച്ചയുടെ സമരം രാവിലെ 11 മണിക്കും. ലൈംഗികചൂഷണം നടക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് രാവിലെ 11 മണിക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ – ചുംബനത്തിലേര്‍പ്പെട്ടതോ അടുത്തിരിക്കുന്നതോ ആയ ആരെയും കണ്ടിട്ടില്ല. ആരെയും ഭീഷണിപ്പെടുത്തിയിട്ടുമില്ല. അങ്ങനെ ഇതുവരെ ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.
2014 ഒക്‌ടോബര്‍ 23ന് രാവിലെ കോണ്‍ഗ്രസ്സ് ചാനലിലെ റിപ്പോര്‍ട്ടര്‍ ധനിത്ത് സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. കോഴിക്കോട് നാലാം ഗേറ്റിനടുത്ത് റോഡ് സൈഡില്‍ 25 പേര്‍ക്ക് ഇരിക്കാവുന്ന ഒരു കോഫീ ഷോപ്പും തൊട്ടപ്പുറത്ത് 100 മീറ്റര്‍ പുറക് വശത്തായി പാര്‍ക്കിംഗ് ഗ്രൗണ്ട് എന്ന് ബോര്‍ഡ് വച്ച് അഞ്ച് സെന്റ് സ്ഥലം നീല ഫഌക്‌സ് ബോര്‍ഡ് കൊണ്ട് മറച്ചുകെട്ടിയിരുന്നു. 10 രൂപയുടെ ഐസ്‌ക്രീം കപ്പിന് 150 രൂപ, 15 രൂപയുടെ കോഫിക്ക് 120 രൂപ. ഇത് വാങ്ങി ആര്‍ക്കും അവിടെ രാത്രി 12 മണിവരെ എന്തും ചെയ്യാം. അങ്ങനെ കോഴിക്കോട് നഗരത്തിലെ ഈ പാര്‍ക്കിംഗ് ഗ്രൗണ്ട് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന ആഭാസന്മാരുടെ ഇടയില്‍ കുപ്രസിദ്ധമായി. ഈ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ നാലുവശത്തും സിസി ടിവി ക്യാമറ സ്ഥാപിച്ച് പ്രണയത്തിന്റെ പേരില്‍ അപക്വമായ പ്രായത്തിലുള്ളവര്‍ കാട്ടികൂട്ടുന്ന പ്രവൃത്തികള്‍ സിസി ടിവി ക്യാമറയിലൂടെ പകര്‍ത്തി സ്വകാര്യ റൂമിലിരുന്ന് കണ്ട് രസിക്കുന്ന സ്ഥാപനമായിരുന്നു ഈ ഹോട്ടല്‍ എന്ന ആരോപണവും ഞങ്ങള്‍ ഉന്നയിച്ചിരുന്നു. അനധികൃത പാര്‍ക്കിംഗ് ഗ്രൗണ്ട് റസ്റ്റോറന്റാക്കാന്‍ നഗരസഭ അനുമതി കൊടുത്തിട്ടില്ല. ഇവിടെ സിസി ടിവി ക്യാമറ സ്ഥാപിക്കാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം കൊടുത്തത്. ഇത് നിയമാനുസൃതം പ്രവര്‍ത്തിച്ച റസ്റ്റോറന്റായിരുന്നെങ്കില്‍ എന്തിന് പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിച്ചുമാറ്റി നിങ്ങള്‍ തെളിവു നശിപ്പിച്ചു. എന്തിന് സിസി ടിവി ക്യാമറ എടുത്തുമാറ്റി ? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരമുണ്ടായിട്ടില്ല.
കോഴിക്കോട് ടൗണില്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യമുള്ള കള്ളക്കടത്തു- കളവുകേസ്സിലെ പ്രതികളായ പയ്യോളിക്കാരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഈ സ്ഥാപനമെന്നും അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതാണെങ്കില്‍ സൈബര്‍ സെല്ലിനോ, കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്കോ എന്തുകൊണ്ട് ഇത് പരിശോധിക്കാന്‍ ഇതുവരെ ഒരു പരാതി കൊടുത്തില്ല? എന്തുകൊണ്ട് ജയ്ഹിന്ദ് ടിവിക്കെതിരെ നിയമനടപടിക്ക് പോയില്ല? ഇവിടെയാണ് ഗൂഢാലോചനയുടെ തുടക്കം. ഇത്തരം സ്ഥാപനങ്ങളുടെ മറവില്‍ പണം വലിച്ചെറിഞ്ഞ് നടത്തുന്ന ലൈംഗികചൂഷണങ്ങളെയും ആഭാസത്തെയും ചോദ്യം ചെയ്യാന്‍ ആരുംതന്നെ മുന്നോട്ടുവരരുത് എന്ന് വലിയ ആവശ്യം മുന്‍നിര്‍ത്തിയാണ് ഗൂഢാലോചന നടന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പല ബിസിനസ്സ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഇത്തരം ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്ന വിവരം നേരത്തെ പോലീസ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.
ഡൗണ്‍ ടൗണ്‍ ഹോട്ടലിന്റെ ഉടമയുടെ അടുത്ത ബന്ധുവായ മാധ്യമപ്രവര്‍ത്തകനെ ഉപയോഗിച്ചാണ് പിന്നീട് വാര്‍ത്തകള്‍ പാകപ്പെടുത്തിയത്. ഒരു വിഭാഗം ദൃശ്യപത്രമാധ്യമങ്ങളെയും യുവജന രാഷ്ട്രീയ നേതാക്കളെയും കപട സാംസ്‌കാരിക നായകന്മാരെയും വിലക്കെടുത്ത,് ധീരമായ പോരാട്ടം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ വായടപ്പിക്കാന്‍ ശ്രമം നടന്നു. അതിന് പോലീസ് അധികാരികളും കൂട്ടുനിന്നത് വേദനാജനകമാണ്. 2014 ഫെബ്രുവരി 9ന് സിറ്റി പോലീസ് കമ്മീഷണറുടെ മൂക്കിനുതാഴെ കേരളഭവന്‍ ലോഡ്ജിന്റെ മൂന്ന് നില കെട്ടിടത്തില്‍ മുഴുവന്‍ റൂമുകളിലെയും ഫര്‍ണിച്ചറുകളും, ടിവി, കമ്പ്യൂട്ടര്‍ അടക്കം ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കള്‍ അടിച്ചുനുറുക്കിയത് ലോകം മുഴുവന്‍ കണ്ടതാണ്. കൈരളി ചാനല്‍ കേരളഭവന്‍ ലോഡ്ജില്‍ അനാശാസ്യം നടക്കുന്നു എന്ന് എക്‌സ്‌ക്ലൂസീവ് ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് എട്ട് ലക്ഷം രൂപ നഷ്ടമുണ്ടാക്കിയ ഡിവൈഎഫ്‌ഐ ഗുണ്ടായിസം ഉണ്ടായത്.
ഇത് ഏത് ഗുണ്ടായിസമാണെന്ന് യുവമോര്‍ച്ചയെ വിമര്‍ശിച്ച മാധ്യമ വിചാരണക്കാരും ഡിവൈഎഫ്‌ഐ നേതാക്കളും സാംസ്‌കാരിക നായകന്മാരും വ്യക്തമാക്കേണ്ടതാണ്. തിരുവനന്തപുരം കവടിയാറില്‍ ഡിവൈഎഫ്‌ഐ റസ്റ്റോറന്റ് അടിച്ചു തകര്‍ത്തപ്പോള്‍ ഇക്കൂട്ടര്‍ മൗനം പാലിച്ചു. കോഴിക്കോട് നഗരം വിട്ടുപോകാത്ത യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയെ 10 ദിവസത്തിനുശേഷം സഹോദരിയെ തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനു കൊണ്ടുപോകുന്നതിനിടെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കൊടുംഭീകരവാദിയെ പോലെ വളഞ്ഞിട്ട് പിടിച്ച് അറസ്റ്റു ചെയ്തു. എന്നുമാത്രമല്ല സഹോദരിയുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്നതരത്തില്‍ പോലീസ് നടപടി ഉണ്ടായി. മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത് കൂടെയുണ്ടായിരുന്ന 18 വയസ്സുകാരിയായ സഹോദരിയുടെ വിവരം പോലും വീട്ടുകാര്‍ക്ക് നല്‍കാന്‍ അനുവദിച്ചില്ല. അവസാനം നിസ്സാരമായ ഒരു വകുപ്പില്‍ 20 ദിവസത്തോളം ജയിലിലടച്ചു. ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴൊക്കെ രാജ്യം മുഴുവന്‍ ചുംബനസമരത്തിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നമാണെന്നും, വര്‍ഗ്ഗീയ പ്രശ്‌നമുണ്ടെന്നുമായിരുന്നു കോടതിയിലെ പോലീസിന്റെ റിപ്പോര്‍ട്ട്.
കണ്ണാടിച്ചില്ലുടച്ചെന്ന കാരണത്താല്‍ സമരം ചെയ്തവരെ ഭരണകൂടവും പോലീസും ഹോട്ടലുടമകളുടെ പണക്കൊഴുപ്പും ചേര്‍ന്ന് 20 ദിവസത്തോളം ജയിലിലടച്ചു. കണ്ണാടിക്കൂട്ടിലിരുന്നുകൊണ്ട് പെണ്‍കുട്ടികളുടെ ശരീരം പിച്ചിചീന്തിയ കാമവെറിയന്മാരെയും അവര്‍ക്ക് സംരക്ഷണം കൊടുത്തവരെയും തെരുവുകളില്‍ ചുംബനം നടത്താന്‍ അവരെ പ്രോത്സാഹിപ്പിച്ചവരെയും ഭരണകൂടം എന്തുചെയ്യുമെന്നറിയാന്‍ കേരളത്തിന് ആഗ്രഹമുണ്ട്. ചുംബനസമരത്തിന് ഡിവൈഎഫ്‌ഐ പിന്തുണ പ്രഖ്യാപിച്ചു എന്നു മാത്രമല്ല പതിനായിരക്കണക്കിന് നമ്മുടെ സഹോദരിമാരെ കോളേജ് ക്യാമ്പസിലൂടെ തെരുവുകളിലെ ചുംബനസമരത്തിലേക്ക് റിക്രൂട്ട് ചെയ്തുകൊടുത്തു. അവരുടെ ഫോണ്‍ നമ്പറുകളും, മെയില്‍ ഐഡിയും എല്ലാം പശുപാലന്റെയും കാമവെറിയന്മാരുടെയും കൈകളില്‍ എത്തിക്കുക വഴി ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലേക്ക് കെണിയൊരുക്കിക്കൊണ്ട് ചുംബനസമരമെന്ന വ്യാജേന നമ്മുടെ സഹോദരിമാരെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കേരളത്തിലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ തെറ്റില്ല.
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിടിയിലായ ചുംബനസമര നായിക എറണാകുളം ജില്ലയില്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌നു വേണ്ടി ഓണ്‍ലൈന്‍ വോട്ടുപിടിക്കുന്ന ഗ്രൂപ്പായ മെറയവമ്മിമ.രീാ എന്ന ഗ്രൂപ്പ് നിയന്ത്രിച്ചു. സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുമാണ് അവര്‍. കോഴിക്കോട്ട് തകര്‍ന്ന ഹോട്ടല്‍ കാണാന്‍ വരണമെന്ന് തന്റെ സുഹൃത്തായ ഹോട്ടല്‍ ഉടമ വിളിച്ചു പറഞ്ഞപ്പോഴാണ് താന്‍ ഹോട്ടലില്‍ പോയത് എന്നാണ് പെണ്‍വാണിഭ നേതാവ് പശുപാലന്‍ പറഞ്ഞത്. ഹോട്ടലില്‍ വച്ചാണ് തങ്ങള്‍ കിസ്സ് ഓഫ് ലവ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്നു രാഹുല്‍ വെളിപ്പെടുത്തി. അങ്ങനെയാണെങ്കില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ അന്വേഷണം തുടങ്ങേണ്ടത് ഹോട്ടലില്‍ വച്ച് തന്നെയാണ്.
രാഷ്ട്രീയമായി യുവമോര്‍ച്ചക്ക് എതിരെ ആയുധമായി ഉപയോഗിച്ച ഒരു സമരമാണ് തെരുവ് ചുംബന സമരം. സദാചാര പോലീസ് എന്ന വ്യവസ്ഥിതിയെ എതിര്‍ക്കുന്നുവെന്നാവകാശപ്പെട്ട് അതിനെതിരെ പുരോഗമന വാദികള്‍ എന്ന് ചമഞ്ഞ് നടക്കുന്നവര്‍ നടത്തിയ സാംസ്‌കാരിക വ്യഭിചാരം ആധുനിക സമരരീതി എന്ന് മുദ്രകുത്തപ്പെട്ടു. ഇടതും വലതും ഇത് കൊണ്ടാടുമ്പോള്‍ അതിന്റെ നായകര്‍ സമൂഹത്തില്‍ പിഞ്ചുബാലികമാരെ പോലും ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്നു. ഒരു സംഘടനയോടുള്ള എതിര്‍പ്പ് അവര്‍ക്ക് നീതി നിഷേധിക്കുന്നതിനുള്ള ന്യായീകരണമല്ല എന്ന സാമാന്യനീതി പോലും അവര്‍ പാലിച്ചില്ല. എന്നാല്‍ സത്യത്തിന്റെ മുഖം സ്വര്‍ണ്ണ പാത്രം കൊണ്ട് പോലും മൂടിവെക്കാന്‍ കഴിയില്ലെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു. യുവമോര്‍ച്ചയാണ് ശരി എന്ന് ഇന്ന് കേരളം തിരിച്ചറിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.