കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കേണ്‍ഗ്രസും ലീഗും ജീവനക്കാരുടെ നിയമനത്തിന്റെ പേരില്‍ അഴിമതി നടത്തുന്നുവെന്ന ആരോപണം സിപിഎമ്മിന് തിരിച്ചടിയായി. പ്രമുഖ സിപിഎം നേതാക്കളുടെ മക്കള്‍ക്ക് വിമാനത്താവളത്തില്‍ ജോലി ലഭിച്ച വിവരങ്ങള്‍ പുറത്തായതോടെയാണ് സിപിഎം പ്രതികൂട്ടിലായത്.
ഫസല്‍ വധക്കേസില്‍ എറണാകുളത്ത് കഴിയുന്ന കാരായി രാജന്റെ മകള്‍ക്ക് കിയാലില്‍ ജോലി ലഭിച്ചിരുന്നു. അഡ്മിനിസ്ട്രറ്റീവ് വിഭാഗത്തിലായിരുന്നു ജോലി. വിവാദങ്ങള്‍ ഉയര്‍ന്നതോടെ കാരായി രാജന്റെ മകള്‍ ജോലിയില്‍ നിന്നും രാജി വച്ചു.
മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും പ്രമുഖ സിപിഎം നേതാവുമായ കെ.ഭാസ്‌ക്കരന്റേയും മുന്‍ എം.എല്‍. എ, കെ.കെ ശൈലജയുടേയും മകന്‍ കെ.കെ. ലസിതിനും കിയാലില്‍ ജോലി ലഭിച്ചിട്ടുണ്ട്. കിയാലില്‍ ഇലക്ട്രോണിക്ക് എഞ്ചിനീയറാണ് ലസിത്. യു.ഡി.എഫിനു നേരെ നിയമന അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് സിപിഎംനേതാക്കളുടെ മക്കള്‍ക്ക് ജോലി ലഭിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അതുവരെ കോണ്‍ഗ്രസ്സും യു.ഡി.എഫും ഇക്കാര്യം പുറത്തു വിട്ടിരുന്നില്ല.
കഴിവും യോഗ്യതയും ഉള്ളതു കൊണ്ടാണ് തന്റെ മകന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി ലഭിച്ചതെന്നും നിയമനം സുതാര്യമാണെന്നും അദ്ദേഹം പ്രസ്താവന ഇറക്കുകയും ചെയ്തു. ഇത് സിപിഎം നെ അങ്കലാപ്പിലാക്കിയിരിക്കയാണ്. അഴിമതി ആരോപണം ഉന്നയിച്ച പാര്‍ട്ടിയിലെ പ്രമുഖ നേതാവു തന്നെ നിയമനം സുതാര്യമാണെന്ന് പ്രസ്താവന ഇറക്കിയത് പാര്‍ട്ടിയുടെ കഴിഞ്ഞ ദിവസംവരെയുള്ള നിലപാടില്‍ നിന്നും പിറകോട്ടു പോകലാണെന്ന് ആരോപിക്കപ്പെടുന്നു.. വിമാനത്താവള നിയമനത്തില്‍ അഴിമതി ആരോപിച്ച സിപിഎം. നേതൃത്വം മാപ്പു പറയണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കയാണ്.
അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള 109 തസ്തികകളിലേക്ക് 1,58,128 പേരാണ് അപേക്ഷിച്ചിട്ടുള്ളത് നിയമനം നടത്തുന്നതിന് കിറ്റ് കോയെയാണ് കിയാല്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയ ശേഷം റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നടത്തുമെന്ന് അധികൃതര്‍ പറയുന്നു. ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്കാണ് ഏറെയും അപേക്ഷകര്‍. വിമാനത്താവളത്തിനു വേണ്ടി കുടിയൊഴിഞ്ഞ കുടുംബങ്ങള്‍ക്ക് ജൂനിയര്‍ അസിസ്റ്റന്റ് തസ്തിക സംവരണം ചെയ്തിട്ടുണ്ട്.