വെടിക്കെട്ടപകടം സിബി ഐ തന്നെ വേണമെന്ന് സംസ്ഥാന സര്‍ക്കാരും; റവന്യൂ ആഭ്യന്തര വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷം

തിരുവനന്തപുരം: വെടിക്കെട്ട് ദുരന്തത്തെ കുറിച്ച് സിബി ഐ അന്വേഷണമാകാമെന്ന് ഹൈക്കോടതി നിരീക്ഷണത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും. ഇക്കാര്യം ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിക്കും. ദുരന്തത്തില്‍ അട്ടിമറിയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ റവന്യൂആഭ്യന്തര വകുപ്പുകള്‍ തമ്മിലെ തര്‍ക്കമായി സംഭവം മാറിയതിനാല്‍ സിബിഐ അന്വേഷിക്കട്ടേ എന്നാണ് സര്‍ക്കാര്‍ തീരുമാനം.

പുറ്റിങ്ങല്‍ ദുരന്തത്തിലെ നാശനഷ്ടങ്ങള്‍ മനസ്സിലാക്കാന്‍ മന്ത്രിസഭാ ഉപസമിതിയേയും നിശ്ചയിച്ചു. റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. ദുരന്തമുണ്ടാക്കിയ നാശനഷ്ടത്തിന്റെ കണക്കെടുക്കും. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള തീരുമാനം എടുക്കും. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെട്ട സിപിഎം പിബി അംഗം പിണറായി വിജയന്റെ പ്രസ്താവനയേയും മുഖ്യമന്ത്രി തള്ളി
പുല്ലുമേട് ദുരന്തം, തേക്കടി ദുരന്തം എന്നിവ ഇടത് സര്‍ക്കാരിന്റെ കാലത്തുണ്ടായതാണ്. അന്നും സുരക്ഷാ വീഴ്ചയുടെ പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍ ആരും ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെട്ടില്ല. അന്ന് എല്ലാവരും ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായം എത്തിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ന് പ്രതിപക്ഷം രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെടുന്നു. ഇത് ശരിയായ നടപടിയല്ലെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ഇക്കാര്യമാണ് വാര്‍ത്താ സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രി വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരന്തത്തില്‍ ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശമുള്ളതും കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്‍ സംഭവത്തില്‍ എന്‍ഐഎ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ക്ഷേത്ര ഭാരവാഹികളായ സുരേന്ദ്രനാഥപിള്ള, മുരുകന്‍ എന്നിവര്‍ കൂടി കീഴടങ്ങിയതോടെ കസ്റ്റഡിയിലായവര്‍ 13 ആയി. കസ്റ്റഡിയിലുള്ള രണ്ട് തമിഴ്‌നാട്ടുകാരടക്കം ആറ് തൊഴിലാളികളെ കേസില്‍ പ്രതിചേര്‍ക്കും. കമ്പക്കെട്ടിന്റെ മുഖ്യകരാറുകാരന്‍ കഴക്കൂട്ടം സുരേന്ദ്രന്റെ മക്കളായ ഉമേഷ്, ദീപു എന്നിവരെയും അറസ്റ്റ് ചെയ്യും. ഉമേഷ് തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തിലാണ്. കൊല്ലത്ത് ചികിത്സയിലായിരുന്ന ദീപു പൊലീസിനെ വെട്ടിച്ച് മുങ്ങിയിരിക്കുകയാണ്.

വിവാദങ്ങള്‍ ഒഴിവാക്കാന്‍ സിബിഐ അന്വേഷണമാണ് നല്ലതെന്നാണ് മന്ത്രിസഭയുടെ നിലപാട്. കമ്പക്കെട്ടിന് നിരോധനമേര്‍പ്പെടുത്തിയ അഡി. ജില്ലാ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് നടപ്പാക്കാതിരുന്ന കൊല്ലം കമ്മിഷണര്‍ പി. പ്രകാശിനെ തത്സ്ഥാനത്തുനിന്ന് മാറ്റുന്നതിന് മുന്നോടിയായി ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ കമ്മിഷണറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചാത്തന്നൂര്‍ അസി. കമ്മിഷണര്‍, പരവൂര്‍ സി.ഐ, എസ്.ഐ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാവും. വിഷയത്തില്‍ സര്‍ക്കാരിന് ആരേയും രക്ഷിക്കാനില്ലെന്ന സന്ദേശം നല്‍കാനാണ് ഇത്. അതിനിടെ പൊലീസിന്റെ വീഴ്ച സംബന്ധിച്ച് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും നിര്‍ണ്ണായകമാണ്. ഇതുകൊണ്ട് തന്നെ പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി എടുക്കേണ്ടി വരുമെന്നാണ് സൂചന.

Top