തിരുവനന്തപുരം: നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.എം.മാണിക്ക് സഭയുടെ ആദരം. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വമായ ദിവസമാണ് ഇന്നത്തേതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അഭിനന്ദന പ്രസംഗത്തില്‍ പറഞ്ഞു. സ്വന്തമായി പ്രത്യയശാസ്ത്രം സൃഷ്ടിച്ച വ്യക്തിയാണ് കെ.എം.മാണിയെന്നും സ്പീക്കര്‍ പറഞ്ഞു.
അപൂര്‍വ നേട്ടമാണ് കെ.എം.മാണി കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത ചരിത്രമാണിത്. ലോക പാര്‍ലമെന്ററി ചരിത്രത്തിലെ അപൂവ ബഹുമതിയാണ് മാണിയുടേതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം എംഎല്‍എയായി കെ.എം.മാണി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നു 50 വര്‍ഷം പൂര്‍ത്തിയാവുകയാണ്. പാലാ മണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി 13 വിജയങ്ങളിലൂടെയാണ് മാണി ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 1965ല്‍ ആണു കെ.എം.മാണി ആദ്യം പാലായില്‍ നിന്നു വിജയിച്ചത്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ സഭ ചേര്‍ന്നില്ല. 1967ലെ തിരഞ്ഞെടുപ്പിലും മാണി വിജയം ആവര്‍ത്തിച്ചു. മാര്‍ച്ച് 15ന് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായോ അല്ലാതെയോ സഭാംഗമായി ആരും കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല.