തിരുവനന്തപുരം : മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴക്കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏഴ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും,23 രേഖകള്‍ പരിശോധിച്ചതായും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യം കോടതി അംഗീകരിച്ചു. അടുത്തമാസം 30 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനും കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. കേസ് നവംബര്‍ 30 ന് പരിഗണിക്കുന്നതിനായി മാറ്റി.
അതേസമയം ബിജു രേമശിനെതിരെ നല്‍കിയ മാനനഷ്ടക്കേസിന്റെ തുക കുറക്കണമെന്നാവശ്യപ്പെട്ട് കെഎം മാണി തിരുവനന്തപുരം സബ്കോടതിയില്‍ അപേക്ഷ നല്‍കി.10 കോടി രൂപ എന്നത് 20 ലക്ഷമാക്കി കുറക്കണമെന്നാണ് മാണിയുടെ ആവശ്യം.
ബാര്‍കോഴക്കേസില്‍ കോടതി നിര്‍ദേശപ്രകാരമാണ് തുടരന്വേഷണം നടക്കുന്നത്. കേസിലെ രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്നും, അതിനാല്‍ എല്ലാ വിവരങ്ങളും അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ ഉദ്യേഗസ്ഥനായിരുന്ന എസ്.പി ആര്‍.സുകേശന്‍ കോടതിയെ അറിയിച്ചിരുന്നു. ശങ്കര്‍ റെഡ്ഡി മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചതായും ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടതുപോലെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതായും സുകേശന്‍ കോടതിയെ അരിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്