![](https://dailyindianherald.com/wp-content/uploads/2015/10/BAR-BRIBE-MANI-KM-e1443640629204.jpg)
കൊച്ചി: കോഴി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെഎം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. അന്വഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിജിലന്‍സ് അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് കെമാല്‍പാഷ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. കേസില്‍ മാണിക്കെതിരെ പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഖജനാവിന് നഷ്ടം വരുത്തിവെക്കാന്‍ ഗൂഢാലോചന നടത്തിയില്ലെന്ന മാണിയുടെ വാദം ഹൈകോടതി തള്ളി. കോഴി നികുതിക്ക് സ്റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണ്. വിജിലന്‍സ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കോടതിക്ക് ഇടപെടാനാവില്ല. കേസില്‍ കണ്ണും കാതും തുറന്നുള്ള അന്വേഷണം വേണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. മാണിയുടെ ഹരജിയെ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ എതിര്‍ത്തു.
ധനമന്ത്രിയായിരിക്കെ കോഴി നികുതിയില്‍ ഇളവ് നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് 150 കോടിയുടെ നഷ്ടം സംഭവിച്ചെന്നാണ് മാണിക്കെതിരായ ആരോപണം. 64 കോടിയുടെ നഷ്ടം ഉണ്ടായതായാണ് ഇതിനകം വിജിലന്‍സ് കണ്ടെത്തിയത്. പല ഘട്ടങ്ങളിലായി നികുതിയില്‍ വന്‍ ഇളവാണ് നല്‍കിയത്.
കൊച്ചിയും തൃശൂരും കേന്ദ്രമായ ബിസിനസ് ഗ്രൂപ്പുകള്‍ക്കാണ് മാണി വഴിവിട്ട് ആനുകൂല്യം നല്‍കിയത്. പുറമെ തമിഴ്നാട്ടില്‍നിന്നുള്ള കോഴിക്കച്ചവടക്കാര്‍ക്കും ധനമന്ത്രിയായിരിക്കെ മാണി പലപ്പോഴും ആനുകൂല്യങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.