മലപ്പുറം : വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ.എന്‍.എ ഖാദര്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. പാണക്കാട് ചേര്‍ന്ന ലീഗ് പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി യുഎ ലത്തീഫ് ആണ് സ്ഥാനാര്‍ഥിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍പ്രഖ്യാപനം വന്നപ്പോള്‍ കെഎന്‍എ ഖാദറിനാണ് നറുക്കുവീണത്.മികച്ച ഭൂരിപക്ഷത്തോടെ വേങ്ങരയില്‍ ജയിക്കുമെന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കെഎന്‍എ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നുവോ എന്ന ചോദ്യത്തിന് എന്ത് തീരുമാനവും പ്രതീക്ഷിച്ചിരുന്നുവെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എന്ന നിലയിലാണ് പാണക്കാട് തങ്ങളെ ഇന്ന് രാവിലെ കണ്ടതെന്നും അതിന് മറ്റൊരു ഭാഷ്യം നല്‍കേണ്ടതില്ലെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.
അതേസമയം അഡ്വ.യു.എ.ലത്തീഫ് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ലത്തീഫിന്റെ പേര് മാറി മറിഞ്ഞത് അവസാന നിമിഷത്തിലാണ്. കെഎന്‍എ ഖാദറിന്റെ സമ്മര്‍ദം ഫലിക്കുകയായിരുന്നെന്നാണ് സൂചന. ഇന്ന് ചേര്‍ന്ന യോഗത്തിന് മുമ്പ് കെഎന്‍എ ഖാദര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ഖാദര്‍ ആവശ്യപ്പെട്ടത്. തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്താണെങ്കിലും അത് അംഗീകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ് സ്ഥാനാര്‍ത്ഥിയായി എന്നത് മാധ്യമസൃഷ്ടിയാണെന്നും പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
വള്ളിക്കുന്ന് മുന്‍ എംഎല്‍എയാണ് ഖാദര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഖാദര്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഖാദറിനെ പരിഗണിച്ചത്. കെഎന്‍എ ഖാദര്‍ മല്‍സരിച്ചാല്‍ മതിയെന്ന് അവസാന നിമിഷം ഹൈദരലി തങ്ങള്‍ തീരുമാനിച്ചു. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ തീരുമാനമെടുത്തത്. ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഖാദറിന് വേണ്ടി വാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വേങ്ങര തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സീനിയര്‍ നേതാവിനെ എല്‍എഡിഎഫ് കളത്തിലിറക്കിയ സാഹചര്യത്തില്‍ പരിചയസമ്പന്നനായ കെ.എന്‍.എ ഖാദര്‍ മത്സരിക്കുന്നതാണ് ഉചിതമെന്ന് ബഷീര്‍ പറഞ്ഞതായാണ് വിവരം.
ദീര്‍ഘകാലം മഞ്ചേരി നഗരസഭാ ചെയര്‍മാനായിരുന്ന യുഎ ലത്തീഫ് സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞദിവസം പാണക്കാട്ടെത്തി ഹൈദരലി തങ്ങളെ കണ്ടിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തെ പാണക്കാട്ടെ തറവാട്ടിലേക്ക് വീണ്ടും വിളിച്ചുവരുത്തിയിരുന്നു. ഇതോടെ ലത്തീഫ് തന്നെയാകും സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.കെഎന്‍എ ഖാദറിന് പുറമെ സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരായിരുന്നു സാധ്യതാ പട്ടികയിലുണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു.പാര്‍ട്ടി നേതൃത്വമെടുക്കുന്ന തീരുമാനം അംഗീകരിക്കുന്നതാണ് മുസ്ലീംലീഗിലെ രീതിയെന്നും വേങ്ങരയില്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷമുറപ്പിക്കാന്‍ പ്രയത്‌നിക്കുമെന്നും യു.എ.ലത്തീഫ് പ്രതികരിച്ചു.