ക്നാനായ സഭയിലെ സ്വവംശ വിവാഹ നിഷ്ഠയും പുറത്താക്കല്‍ നടപടിയും നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവും

കോട്ടയം :കോട്ടയം രൂപത -ക്നാനായ സഭയിലെ സ്വവംശ വിവാഹ നിഷ്ഠയും പുറത്താക്കല്‍ നടപടിയും നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവും ആണെന്ന് കോടതി.ക്‌നാനായ കത്തോലിക്ക സഭയില്‍ രക്തശുദ്ധിയുടെയും പാരമ്പര്യത്തിന്റെയും പേരില്‍ സഭാംഗങ്ങള്‍ക്ക് ഉരൂവിലക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. കോട്ടയം രൂപതയില്‍ പെട്ട ക്‌നാനായ കത്തോലിക്ക സഭയിലാണ് പ്രാകൃതമായ ഈ നിയമം ഇപ്പോഴും നടപ്പാക്കുന്നത്.ക്‌നാനായ കത്തോലിക്ക സഭ മറ്റ് കത്തോലിക്ക സഭയില്‍ നിന്നുള്ള വിവാഹബന്ധങ്ങള്‍ വിലക്കിയിട്ടുണ്ട്. വിശ്വാസികളുടെ രക്തശുദ്ധിയുടെ പേരിലാണ് ഈ നടപടിയെന്നാണ് സഭ വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം. ഇത് അനുസരിക്കാത്തവര്‍ക്ക് സഭ ജാതീയമായി ഭ്രഷ്ട് ഏര്‍പ്പെടുത്തുകയാണ്.

കുട്ടികളില്ലാത്ത ദമ്പതിമാര്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതും സഭ അംഗീകരിക്കുന്നില്ല. അവരെയും സഭ പുറത്താക്കുകയാണ്. സഭയില്‍ നിലനില്‍ക്കുന്ന ജാതി, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ വിവേചനം അവസാനിപ്പിക്കണമെന്നും ജനിച്ചുവളര്‍ന്ന ഇടവകയില്‍ നിന്ന് ഭ്രഷ്ട് കല്പിക്കുന്ന നടപടി നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ക്‌നാനായ കത്തോലിക്ക നവീകരണ സമിതി പല പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടില്‍ ക്നായിതോമായുടെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ കാനാ എന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ക്രൈസ്തവ കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഇവര്‍ എന്നു ഇവരുടെ ഐതിഹ്യം പറയുന്നു.19താം നൂറ്റാണ്ടു വരെ ഇവര്‍ വിവാഹം തങ്ങളുടെ സമുദായത്തില്‍ നിന്നുള്ളില്‍ മാത്രമേ നടത്തിയിരുന്നുള്ളു.സമുദായത്തിന്റെ ഭ്രഷ്ട്, മാനസീക പീഡനം, അപമാനം, ദത്തെടുത്ത കുട്ടികളെ സമുദയത്തിന് പുറത്താക്കല്‍ എന്നിവയൊക്കെ കോട്ടയം രൂപതയുടെ പുറംലോകമറിയാത്ത ക്രൂരമായ ആചാരങ്ങള്‍ ആണെന്ന് ബീന സെബാസ്റ്റിയന്‍ മംഗളത്തില്‍ എഴുതിയ ലേഖനത്തില്‍ തുറന്നു കാട്ടുന്നു.അനാചാരം പോലെ കോട്ടയം രൂപതയിലെ ഈ ക്രിസ്തീയ സമുദായത്തിന്റെ ജീവിതവും മതപരവുമായ അനാചാരങ്ങളെ തുറന്നെഴുതുന്ന ലേഖനത്തില്‍ സഭയുടെ മനുഷ്യാവകാശ ലംഘനത്തേയും വരച്ചു കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറോ മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം രൂപത അതിന്റെ അംഗങ്ങളോട് വിവാഹത്തിന്റെ പേരിലും മറ്റും പുലര്‍ത്തുന്ന വേര്‍തിരിവ് വിശ്വാസ സമൂഹത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിതുറക്കുന്നു. കോട്ടയം മുന്‍സിഫ് കോടതി മുതല്‍ ഹൈക്കോടതി വരെ നടത്തിയ വിധിന്യായങ്ങള്‍ സ്വവംശ ശുദ്ധി (എന്‍ഡോഗമി) സംബന്ധിച്ച രൂപതയുടെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. സ്വവംശവാദത്തിന്റെ പേരില്‍ സഭ നടത്തുന്ന ഇത്തരം പുറത്താക്കലുകള്‍ ശരിക്കും ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമല്ലേ? മനുഷ്യാവകാശ വിരുദ്ധമല്ലേ? ഇഷ്ടപ്പെട്ട ഇണയെ വിവാഹം കഴിച്ചതിന്റെ പേരില്‍ അംഗത്തെയും അവന്റെ പരമ്പരയേയും, അല്ലെങ്കില്‍ വിശ്വാസ ദമ്പതികള്‍ ദത്തെടുക്കുന്ന കുട്ടിയെ, രണ്ടാംകിട പൗരനായി കരുതുന്നത് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് നിരക്കുന്നതാണോ?

ക്നാനായ സഭയിലെ സ്വവംശ വിവാഹ നിഷ്ഠയുമായി ബന്ധപ്പെട്ട് ഹൈക്കോടതി അടുത്തകാലത്ത് നടത്തിയ ഉത്തരവ് സഭാ േനതൃത്വവും വിശ്വാസികളും പഠന വിഷയമാക്കേണ്ടിയിരിക്കുന്നു. കോട്ടയം കിഴക്കേ നട്ടാശ്ശേരി ഇടവകയില്‍ ഒറവണക്കുളത്തില്‍ ബിജു ഉതുപ്പിന്റെ വിവാഹക്കുറി അന്നത്തെ ഇടവക വികാരി ഫാ.ജോര്‍ജ് മഞ്ഞാങ്ങല്‍ നിഷേധിച്ചതോടെയാണ് കേസിന്റെ തുടക്കം. 1989ല്‍ കോട്ടയം മുന്‍സിഫ് കോടതിയില്‍ ബിജു ഉതുപ്പ് കേസ് കൊടുത്തു. ബിജുവിന് ഒരു മാസത്തിനകം കുറി കൊടുക്കാന്‍ വികാരിയോടും രൂപതാ അധ്യക്ഷനോട് നിര്‍ദേശിച്ചുകൊണ്ട് കോടതി 1990 നവംബര്‍ 24ന് വിധി പറയുകയുണ്ടായി.Kottayam_Valia_Palli02

വി.ബൈബിളിലെ തിരുവചനങ്ങള്‍, പൗരസ്ത്യ തിരുസംഘത്തിന്റെ കാനോന്‍ നിയമങ്ങള്‍, 12ാം പീയൂസ് മാര്‍പാപ്പയുടെ Motu Proprio എന്ന അപ്പസ്തോലിക്ലെറ്റര്‍, ഇന്ത്യന്‍ ഭരണഘടനയുടെ 25ാം വകുപ്പ്, കോട്ടയം രൂപതയുടെ സ്ഥാപന ബൂള്‍, സുപ്രീം കോടതിയുടെ വിധികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു വിധി. രൂപതയുടെ സ്വവംശ വിവാഹ നിഷ്ഠയും പുറത്താക്കല്‍ നടപടിയും നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും കോടതി നിരീക്ഷിച്ചു.

എന്നാല്‍ ഇത് ചോദ്യം ചെയ്ത് 2004ല്‍ രൂപത എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയ കോടതിയാകട്ടെ കീഴ്കോടതിയുടെ വിധി പൂര്‍ണ്ണമായും ശരിവച്ചുകൊണ്ട് 2008 ഡിസംബര്‍ 12ന് ഉത്തരവിറക്കി.

ഇതിനകം ബിജു ഉതുപ്പിന്റെ വിവാഹം അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ഇടപെട്ട് നടത്തുകയുണ്ടായി. ക്നാനായ സമുദായത്തില്‍ നിന്നുതന്നെയുള്ള പെണ്‍കുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നിട്ടും ബിജുവിന്റെ അമ്മയുടെ അമ്മ ലത്തീന്‍ സമുദായാംഗമായിരുന്നു എന്ന വാദം ഉന്നയിച്ചാണ് രൂപത വിവാഹക്കുറി നിഷേധിച്ചത്. ബിജുവിന്റെ മാതാപിതാക്കളുടെയും മൂത്ത രണ്ട് സഹോദരങ്ങളുടെയും വിവാഹത്തില്‍ രൂപതയ്ക്ക് ഈ പ്രശ്നമുണ്ടായിരുന്നില്ല എന്നോര്‍ക്കണം.

അതിനിടെ, ബിജു തന്റെ കുട്ടിയുടെ മാമോദീസ നടത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടും രൂപതാ നേതൃത്വത്തെ സമീപിച്ചു. എന്നാല്‍ കേസില്‍ അപ്പീല്‍ നല്‍കിയെന്നു പറഞ്ഞ നേതൃത്വം അതും നിഷേധിച്ചു. മാമോദീസ നടത്തിതരാന്‍ രൂപതയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു 2015ല്‍ കോട്ടയം മുന്‍സിഫ് കോടതിയില്‍ വീണ്ടും എത്തി. (ഒരു വിശ്വാസി തന്റെ മക്കളെ വിശ്വാസത്തില്‍ വളര്‍ത്താന്‍ പെടുന്ന പാടു നോക്കണേ..!) ഇതിനോട് ചേര്‍ന്ന 2015ല്‍ ക്നാനായ കത്തോലിക്കാ സംരക്ഷണ സമിതി എന്ന സംഘടനയും സ്വവംശ വിവഹനിഷ്ഠ ചോദ്യം ചെയ്ത് കോട്ടയം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. ഈ കേസുകള്‍ക്കെല്ലാം എതിരെ 2016ല്‍ രൂപത ഹൈക്കോടതിയില്‍ ആര്‍.എസ്.എ 64/2017 (ജി) പ്രകാരം അപ്പീല്‍ നല്‍കി. 30/1/2017ല്‍ അപ്പീല്‍ പരിഗണിച്ച ജസ്റ്റീസ് കെ.ഹരിലാല്‍ വാദം കേട്ടശേഷം തള്ളുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ് സഭയുടെയും സഭാ മക്കളുടേയും കണ്ണുതുറപ്പിക്കുന്നതായിരുന്നു. കീഴ്ക്കോടതിയുടെ എല്ലാ നിരീക്ഷണങ്ങളും ശരിവയ്ക്കുന്നതായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണവും.

കത്തോലിക്കാ സഭയില്‍ സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും ജാതിയ അടിസ്ഥാനത്തിലല്ല നിലനില്‍ക്കുന്നതെന്നും റീത്തുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും ഇവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലെന്നും കോടതി വ്യക്തമാക്കുന്നു. ക്രിസ്ത്യാനികള്‍ക്കിടയില്‍ ജാതീയ വേര്‍തിരിവ് ഇല്ലെന്ന് പറഞ്ഞ കോടതി, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്ന ദളിതര്‍ ആണെങ്കില്‍ പോലും അവര്‍ ജാതി വ്യവസ്ഥയില്‍ നിന്ന് മാറ്റപ്പെടുന്നുവെന്ന കാര്യവും ചൂണ്ടിക്കാട്ടി. ബൈബിള്‍ വചനങ്ങളും കാനോന്‍ നിയമവും ഭരണഘടനയും പത്താം പീയൂസ് മാര്‍പാപ്പ പുറപ്പെടുവിച്ച കോട്ടയം രൂപതയുടെ സ്ഥാപനബൂളും പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ അപ്പസ്തോലിക് ലെറ്ററും 1949ലെ പൗരസ്ത്യ തിരുസംഘത്തിന്റെ വിവാഹ കൂദാശ സംബന്ധിച്ച നിയമവും 1969ലെ സുപ്രീം കോടതി വിധിയും എല്ലാം നിര്‍വചിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി.എന്താണ് സ്വവംശ വിവാഹ നിഷ്ഠ വാദത്തിന്റെ അടിസ്ഥാനം.

എ.ഡി 345ല്‍ കേരളത്തില്‍ എത്തിയ തോമസ് കാന (ക്നായി തോമ്മ) എന്ന ജൂത ക്രിസ്ത്യന്‍ കച്ചവടക്കാരനൊപ്പം മിഡില്‍ ഈസ്റ്റില്‍ നിന്നും 72 കുടുംബങ്ങള്‍ കുടിയേറിയിരുന്നു. 400 ഓളം സ്ത്രീ പുരുഷന്മാരാണ് ക്നായി തോമ്മയ്ക്കൊപ്പം എത്തിയത്. ഇവരുടെ പരമ്പരയാണ് ഇന്നത്തെ ക്നാനായ സമുദായം എന്നാണ് വിശ്വാസം. തങ്ങളുടെ വംശീയ സ്വത്തയും രക്തശുദ്ധീയും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവാഹ നിഷ്ഠ കൊണ്ടുവന്നത്. മറ്റു കത്തോലിക്കാ വിഭാഗങ്ങളില്‍ നിന്നു ഭിന്നമായി വിവാഹം, മരണം, ജനനം എന്നിവയ്ക്കെല്ലാം പ്രത്യേക ആചാരങ്ങളും പാലിച്ചുപോരുന്നു. ക്നാനായ കത്തോലിക്കര്‍, ക്നാനായ യാക്കോബായ എന്നിങ്ങനെ സമുദായം രണ്ടായി വിഭജിക്കപ്പെട്ടുവെങ്കിലും ഇവര്‍ തമ്മിലുള്ള വിവാഹബന്ധം അനുവദനീയമാണ്.ഇനി വിവാഹനിഷ്ഠ പാലിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുംKOTTAYAM-KNYANAYA

സമൂഹത്തില്‍ നിന്നുള്ള പുറത്താക്കല്‍ (ഭ്രഷ് എന്ന് പറയുന്നതാകും കുറച്ചുകൂടി ഉചിതം) ആണ് ആ വ്യക്തി നേരിടുന്ന ഏറ്റവും വലിയ അപമാനം. സീറോ മലബാര്‍ സഭയിലെ മറ്റൊരു വിഭാഗത്തെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് ഒരു പക്ഷേ ഈ അവഗണന വളരെ കുറച്ചുമാത്രമേ നേരിടേണ്ടിവരികയുളളൂ. അവള്‍ ഭര്‍തൃവീട്ടുകാരോടും സമൂഹത്തോടും ലയിച്ചുചേരുന്നതോടെ അവഗണന നേരിടാനുള്ള സാഹചര്യം വളരെ കുറവാണ്. എന്നാല്‍, മറ്റു കത്തോലീക്കാ സമുദായത്തില്‍ നിന്ന് വിവാഹം കഴിക്കുന്ന പുരുഷന്മാരും അവരുടെ ഭാര്യമാരായി എത്തുന്നവരും അനുഭവിക്കുന്ന മാനസീക പീഡനവും അപമാനവും ചെറുതല്ലെന്ന് അത് അനുഭവിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു.

വിവാഹം പുരുഷന്റെ ഇടവകപള്ളിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന പാരമ്പര്യം നിഷേധിക്കപ്പെടുന്നു. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള മറ്റേതെങ്കിലും പള്ളിയിലേക്ക് വിവാഹത്തിനായി പേകോണ്ടിവരുന്നു. ഇത് സ്വമനസ്സാലെ പോകുന്നതല്ല, തനിക്ക് മറ്റൊരു കത്തോലിക്കാ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമാണെന്നും ഇതിനാല്‍ മറ്റൊരു പളളിയില്‍ വച്ച് വിവഹം നടത്താന്‍ അനുവദിക്കണമെന്നും സഭാ നേതൃത്വത്തിന്റെ അനുമതി പത്രം വാങ്ങിയുള്ള നടപടിയാണ്. ശരിക്കും പറഞ്ഞാല്‍ ഈ അനുമതി പത്രത്തോടെ അവന്‍ രൂപതയില്‍ നിന്നും പിരിഞ്ഞുപോയി എന്നു കരുതപ്പെടുന്നു. ഇവര്‍ക്കുണ്ടാകുന്ന മക്കളും ഇതോടെ രൂപതയില്‍ നിന്ന് പുറത്താക്കപ്പെടുന്നു.
സ്വവംശ വാദത്തിന്റെ തിക്തഫലം അനുവദിക്കുന്നത് വിവാഹ പ്രായം കഴിഞ്ഞിട്ടും സമുദായത്തിനുള്ളില്‍ നിന്ന് ചേര്‍ന്ന ഇണയെ കണ്ടെത്താന്‍ കഴിയാതെ പുരനിറഞ്ഞുനില്‍ക്കുന്ന ചെറുപ്പക്കാരാണ്. കുടുംബത്തിലെ കാര്‍ന്നോന്മാരുടെ കടുംപിടുത്തം മൂലം കെട്ടുപ്രായം കഴിഞ്ഞ് തെക്കുവടക്കു നടക്കാന്‍ വിധിക്കപ്പെട്ടവര്‍ നിരവധിയുണ്ട്. മകന്‍ മറ്റൊരു രൂപതയില്‍ പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയ വിവാഹത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തൂങ്ങിമരിച്ച രക്ഷിതാക്കള്‍ വരെ ഇവിടെയുണ്ട്. സ്വസമുദായത്തില്‍ നിന്നും പെണ്ണുകിട്ടാത്തതിന്റെ പേരില്‍ എന്‍ഡോഗമി വാദത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ചെറുപ്പക്കാര്‍ കോട്ടയം രൂപതയ്ക്ക് മുന്നില്‍ നടത്തിയ സമരവും മറക്കരുത്. എന്നാല്‍ എല്ലാ സമുദായത്തിലും പുരനിറഞ്ഞുനില്‍ക്കുന്നവര്‍ ഇല്ലേ എന്ന് മറുചോദ്യം ഉന്നയിക്കുന്നവരുണ്ട്. വംശശുദ്ധിയുടെ പേരില്‍ ഇത്തരമൊരു ത്യാഗം നടത്തുന്നവര്‍ മറ്റുക്രിസ്തീയ വിഭാഗങ്ങളില്‍ ഉണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

നാട്ടിലുള്ളവരല്ല, വിദേശത്തു കുടിയേറിയവരും അവര്‍ക്കു വേണ്ടി കുഴലൂതുന്നവരുമാണ് നിയമപോരാട്ടത്തിനു പിന്നിലെന്ന് പറയുന്നവരുമുണ്ട്. പ്രവാസ ജീവിതത്തിനിടെ ചെറുപ്പത്തിന്റെ ആവേശത്തില്‍ സഭാ പാരമ്പര്യം മറന്ന് ഇഷ്ടപ്പെട്ട വിവാഹം കഴിച്ചവര്‍ കാലം കഴിയുമ്പോള്‍ മാറിചിന്തിക്കുന്നുവെന്നും എങ്ങനെയെങ്കിലും തിരിച്ച് സമുദായത്തില്‍ കയറിപ്പറ്റാനുളള വ്യഗ്രതയാണ് ഇതിനു പിന്നിലെന്നുമാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പക്ഷം.ദത്തെടുക്കപ്പെടുന്ന കുട്ടികളാണ് അവഗണന നേരിടുന്ന മറ്റൊരു വിഭാഗം. മക്കളില്ലാത്ത ദമ്പതികള്‍ സ്വന്തം മകന്‍/മകള്‍ ആയി ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ ദമ്പതികള്‍ക്ക് അവരുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും ആ കുഞ്ഞിനെ വളര്‍ത്താന്‍ അവകാശമുണ്ട്. മാതാപിതാക്കളുടെ പാരമ്പര്യത്തിന് അവന്‍/അവള്‍ അര്‍ഹരാണ്. എന്നാല്‍ ക്നാനായ രൂപതയില്‍ ദത്തെടുക്കപ്പെടുന്ന കുട്ടി സമുദായത്തിന് പുറത്താണ് എന്ന കാര്യം വിസ്മരിക്കരുത്. അവന്റെ മാമ്മോദീസ മറ്റേതെങ്കിലും സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ വച്ചേ നടത്താന്‍ പറ്റൂ. അവന്റെ രജിസ്റ്റര്‍ പിന്നീട് അവിടെയായിരിക്കും. തുടര്‍ന്ന് അവന്റെ ജീവിതത്തിലെ എല്ലാ വിശ്വാസകാര്യങ്ങള്‍ക്കും മറ്റു പള്ളികളെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനു പുറമേയാണ് താന്‍ കുടുംബത്തിന്റെ രണ്ടാംകിട പൗരനാണെന്ന തോന്നലും സമുദായത്തില്‍ നിന്നുള്ള രണ്ടാംകിട പരിഗണനയും. അനാഥ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതാണ് ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തനം എന്നു പഠിപ്പിക്കുന്ന സഭ തന്നെയാണ് ഈ കൊടിയ അനീതിയും നടത്തുന്നതെന്ന് ഓര്‍ക്കണം.

അവഗണന നേരിടുന്ന മറ്റൊരു വിഭാഗമാണ് ‘ആദ്യത്തെ കുടിയിലെ കുട്ടികള്‍’. എന്നു വെച്ചാല്‍ ക്നാനായ യുവാവ് മറ്റൊരു രൂപതയില്‍ നിന്ന് വിവാഹം കഴിച്ച് പുറത്തുപോയി എന്നിരിക്കട്ടെ. അയാള്‍ക്ക് ആ ബന്ധത്തില്‍ മക്കളുണ്ട്. കുറച്ച് കഴിഞ്ഞ അയാളുടെ ഭാര്യ മരിച്ചുപോയി. എന്നാല്‍ സ്വന്തം സമുദായത്തില്‍ നിന്ന് രണ്ടാമതൊരു വിവാഹം കഴിക്കാന്‍ അയാള്‍ തീരുമാനിച്ചാല്‍ അയാളെ മാത്രം രൂപത സ്വീകരിക്കും. ആദ്യബന്ധത്തിലെ മക്കളെ തള്ളിപ്പറയും. ഫലത്തില്‍ രണ്ടാം ഭാര്യയും അവരുടെ മക്കളുമൊത്ത് കുടുംബനാഥന്‍ സ്വന്തം ഇടവകയിലേയും സമുദായത്തിലെയും ചടങ്ങുകളില്‍ പങ്കാളിയാകുമ്പോള്‍ അയാള്‍ക്ക് ആദ്യഭാര്യയില്‍ പിറന്ന മക്കള്‍ മറ്റൊരു പള്ളിയില്‍ പോകേണ്ടിവരുന്നു. ഒരു കുടുംബത്തില്‍ തന്നെ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏര്‍പ്പാട്. മക്കള്‍ തമ്മില്‍ വിവേചനവും ശത്രുതയും വളര്‍ത്താന്‍ മറ്റൊരു കാരണവും വേണ്ട. ഈ വിവേചനത്തിന്റെ പേരില്‍ നടന്ന കുടുംബവഴക്കിനിടെ അപ്പനെ മക്കള്‍ കത്തിയെടുത്ത് കുത്തിയ ചരിത്രവുമുണ്ട്.

കുടുംബത്തിലെ ബന്ധുക്കളുടെ കല്യാണം, മറ്റ് വിശേഷ ചടങ്ങുകളില്‍ എല്ലാം പുറത്തുപോയി വിവാഹം കഴിച്ചവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കാറില്ല. വിവാഹത്തിന് സാക്ഷിയാകുക, മാമോദീസയില്‍ തലതൊട്ടപ്പനാകുക തുടങ്ങിയ സ്ഥാനങ്ങള്‍ നിഷേധിക്കുന്നു. സ്വന്തം വീട്ടില്‍ നടക്കുന്ന കൂടാരയോഗങ്ങളില്‍ (കുടുംബയോഗം) പോലും ഇവരും മക്കളും മാറിനില്‍ക്കേണ്ട അവസ്ഥയാണ്. കുടുംബ സ്വത്തിന്റെ ഓഹരി വീതം വയ്പ്പില്‍ തന്നെ ഈ വിവേചനം പ്രകടമാണ്. ഇതുവഴി സഹോദരങ്ങള്‍ തമ്മിലും അവരുടെ ഭാര്യമാര്‍ തമ്മിലും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. ഇവയൊന്നും ഇല്ലാതെ മര്യാദയ്ക്ക് ജീവിക്കണമെങ്കില്‍ വംശീയത നിലനിര്‍ത്താനുള്ള ത്യാഗങ്ങള്‍ സഹിക്കണമെന്നാണ് രൂപതയുടെ നിലപാട്.

ഇനി സമുദായത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവനോട് അവസാന നിമിഷവും കിട്ടാവുന്ന പിരിവുകള്‍ പള്ളികള്‍ പിടിച്ചെടുക്കും. ചെന്നു ചേരുന്ന ഇടവകയും ‘വരുത്തനെ’ വെറുതെവിടില്ല.
ഇനി ചരിത്രം പരിശോധിച്ചാല്‍ ഈ വംശശുദ്ധി എന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് സംശയം തോന്നും. ഏ.ഡി 345ല്‍ ഇവിടെയെത്തിയ ക്നായി തോമ്മ ഇന്ത്യക്കാരിയെ വിവാഹം കഴിച്ചിരുന്നതായി പല ചരിത്ര രേഖകളിലും പറയുന്നുണ്ട്. അതുതന്നെ വംശശുദ്ധി എന്നൊന്നില്ല എന്നതിന്റെ പ്രധാന തെളിവാണ്. ഭാഷ, വേഷം, സംസ്‌കാരം, സാമുദായി ആചാരങ്ങള്‍ ഒന്നും മറ്റു കത്തോലിക്കാ രുപതകളില്‍ നിന്ന് വ്യത്യസ്തവുമല്ല. മൈലാഞ്ചി കല്യാണം, ചന്തംചാര്‍ത്ത് തുടങ്ങിയ ചില ആചാരങ്ങളാണ് ക്നാനായ വാദം ഉന്നയിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇത് പണ്ടുകാലങ്ങളില്‍ എല്ലാ സുറിയാനി സഭാമക്കളും ആചരിച്ചിരുന്നവയാണെന്നും കാലം മാറിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ടവയാണെന്നും കാണാം.

345 മുതല്‍ 1911 വരെ സഭാതലത്തില്‍ വംശശുദ്ധി ചിന്തയേ ഇല്ലായിരുന്നു. പിന്നീട് തെക്കുംഭാഗര്‍ക്ക് വേണ്ടി ഒരു രൂപത സൃഷ്ടിക്കപ്പെട്ടതോടെയാണ് ഈ ആശയം ഉയര്‍ന്നുവരുന്നത്. സീറോ മലബാര്‍ സഭയുടെ കീഴിലെ ചങ്ങനാശേരി രൂപതയ്ക്കൊപ്പമായിരുന്നു ആദ്യനാളുകളുകളില്‍ ക്നാനായ സമുദായവും. മാര്‍ മാത്യൂ മാക്കിയീല്‍ 14 വര്‍ഷത്തോളം ചങ്ങനാശേരി രൂപതുടെ മെത്രാനുമായിരുന്നു. അധികാരമോഹികള്‍ സഭയില്‍ കടന്നുകൂടിയതോടെ തെക്കുഭാഗരും വടക്കുംഭാഗരും തമ്മിലുള്ള അകല്‍ച്ച രൂക്ഷമാകുകയും ചെയ്തതോടെ പത്താം പീയൂസ് മാര്‍പാപ്പ പുതിയ രൂപതയ്ക്ക് അനുമതി നല്‍കി. ‘വിശ്വാസികളുടെ ആത്മീയ ഗുണവര്‍ധനവിനും ഭിന്നാഭിപ്രായക്കാരുടെ സമാധാനത്തിനും ആവശ്യപ്പെട്ട് ബോധ്യപ്പെട്ടതിനാല്‍ കോട്ടയത്ത് ഒരു വികാരിയാത്ത് സ്ഥാപിക്കാന്‍ നാം അനുവദിക്കുന്നു’എന്നാണ് അദ്ദേഹം ബൂളായില്‍ പറഞ്ഞിരിക്കുന്നത്. കോട്ടയം രൂപത തെക്കുംഭാഗര്‍ക്ക് മാത്രമാണെന്നും മറ്റു കത്തോലിക്കരെ ഉള്‍പ്പെടുത്തരുതെന്നോ വംശശുദ്ധി നിലനിര്‍ത്തണമെന്നോ അല്ലാത്തവരെ പുറത്താക്കണമെന്നോ ഒന്നും പറയുന്നില്ല. ചുരുക്കത്തില്‍ അധികാരമോഹികളായ ചിലര്‍ സ്ഥാനമാനങ്ങള്‍ക്കു വേണ്ടി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് എന്‍ഡോഗമി വാദം.

കോട്ടയം രൂപത മാര്‍പാപ്പയുടെയും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും കീഴിലാണെന്നതും മറ്റൊരു സത്യമാണ്.ചുരുക്കിപ്പറഞ്ഞാല്‍, ഒരു കുടുംബത്തില്‍ തന്നെ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുകയാണ് വംശനിഷ്ഠയിലൂടെ നടക്കുന്നത്. ക്രിസ്തു പഠിപ്പിച്ച പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഇവിടെ എവിടെയാണ് സഭ പാലിക്കുന്നത്. ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍’ എന്ന ക്രിസ്തുവചനത്തിന് എന്തുപ്രസക്തി.

കടപ്പാട് :മംഗളം

 

Top