
കൊച്ചി: തിരക്കേറിയ നഗരപാതയുടെ തലക്കു മീതെ കൊച്ചി മെട്രോ ഒാടിത്തുടങ്ങി. കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രൊ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.മെട്രോ ട്രെയിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മെട്രോയില്‍ യാത്ര ചെയ്തു. രാവിലെ 11 മണിയോടെ പാലാരിവട്ടം സ്‌റ്റേഷനില്‍ എത്തിയ മോഡി സ്‌റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കൊച്ചി മെട്രോയില്‍ ഔദ്യോഗിക യാത്രയും നടത്തി. മൂന്നു സ്‌റ്റേഷന്‍ പിന്നിട്ടുള്ള പത്തടിപ്പാലം സ്‌റ്റേഷന്‍ വരെയായിരുന്നു യാത്ര. പത്തടിപ്പാലത്ത് എത്തി ഒരു മിനിറ്റിനു ശേഷം തിരിച്ച് യാത്ര ചെയ്തു. മിനിറ്റുകള്‍ക്കുള്ള പാലാരിവട്ടം സ്‌റ്റേഷനില്‍ എത്തി ഉദ്ഘാടന സമ്മേളനം നടക്കുന്ന കലൂര്‍ സ്‌റ്റേഡിയത്തില്‍ എത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഡി.എം.ആര്‍.സി ഉപദേശകന്‍ ഇ.ശ്രീധരന്‍, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഔദ്യോഗികയാത്രയില്‍ പങ്കാളികളായി.യാത്രയിലൂടെനീളം കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി ഇ.ശ്രീധരനുമായും ഏലിയാസ് ജോര്‍ജുമായി ചര്‍ച്ച ചെയ്തു. മെട്രോയില്‍ പ്രധാനമന്ത്രിയുടെ യാത്ര കാണാന്‍ ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളില്‍ നൂറുകണക്കിന് ജനങ്ങളാണ് കാത്തുനിന്നത്. ഇവരെയെല്ലാം കൈവീശി അഭിവാന്ദ്യം ചെയ്തായിരുന്നു യാത്ര.