കൊച്ചി:
കാക്കനാട് എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലഹരിമരുന്ന് സംഘത്തിനിടയില്‍ ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.ഒരു കിലോയിലധികം എംഡിഎംഎയുമായി പിടിയിലായ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
പ്രതികളെ ജാമ്യത്തിലിറക്കാനും സംഘം ലഹരി കടത്തിന് ഉപയോഗിച്ച നായയെ ഏറ്റെടുക്കാനും എത്തിയത് സുസ്മിത ഫിലിപ്പാണ്. ലഹരി വ്യാപാരത്തിന്റെ കൊച്ചിയിലെ മുഖ്യകണ്ണിയാണ് സുസ്മിതയെന്ന് എക്‌സൈസ് പറഞ്ഞു. ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന സുസ്മിത ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ എക്‌സൈസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. പിടിയിലായ പ്രതികള്‍ക്കും എംഡിഎംഎ ഉപയോഗിക്കുന്ന സിനിമാക്കാര്‍ക്കും ഇടയിലെ കണ്ണിയാണ് ഇവരെന്ന സംശയം.
കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും ഓഗസ്റ്റിലാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയിലായത്. 1.86 കിലോ ഗ്രാം ലഹരിയാണ് ഇവരില്‍ നിന്നും മൊത്തം പിടിച്ചെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍ നിന്ന് ഒരുകിലോയിലധികം എംഡിഎംഎ കൂടി പിടിച്ചെടുത്തിരുന്നു. കേസിന് പിന്നില്‍ വന്‍ ലഹരി ഇടപാട് റാക്കറ്റ് ഉണ്ടെന്നാണ് എക്‌സൈസിന്റെ വിലയിരുത്തല്‍.