കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ ഗുണ്ടായിസത്തിന് സഹായം നല്‍കിയ എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. ശിവസേനയുടെ അതിക്രമം തടയുന്നതില്‍ വീഴ്ചവരുത്തിയതിനാണ് നടപടി. എട്ടുപൊലീസുകാരെ എ.ആര്‍.ക്യാംപിലേക്ക് സ്ഥലംമാറ്റി. ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വ്യാപതകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സിപിഎം ജില്ലാ സെക്രട്ടറിയും ഡി വൈ എഫ് ഐയും ശിവസേനയ്ക്ക് ഒത്താശ ചെയ്ത പോലീസിനെതിരെ രംഗത്ത് വന്നിരുന്നു.
ഒന്നിച്ചിരുന്ന യുവതീയുവാക്കളെ ചൂരലിനടിച്ചു വിരട്ടിയോടിച്ച സംഭവത്തില്‍ ആറു ശിവസേനാ പ്രവര്‍ത്തകരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. .ടി. ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്ന് സെന്‍ട്രല്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു.മറൈന്‍ ഡ്രൈവിലെ കുടചൂടി പ്രേമം നിര്‍ത്തലാക്കുക എന്ന ബാനറുമായെത്തി ഇരുപതോളം ശിവസേനാ പ്രവര്‍ത്തകരാണു മറൈന്‍ ഡ്രൈവ് നടപ്പാതയില്‍ സദാചാര ഗുണ്ടായിസം നടത്തിയത്.
കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും ചൂരല്‍ ചുഴറ്റിയും യുവതീയുവാക്കളെ വിരട്ടിയോടിച്ചത് സെന്‍ട്രല്‍ എസ്‌ഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കിയാണ്. എന്നാല്‍ പൊലീസ് ഇടപെട്ടില്ല. മാധ്യമങ്ങളെയടക്കം വിവരമറിയിച്ചശേഷമായിരുന്നു ശിവസേനയുടെ പ്രകടനം. കയ്യില്‍ ചൂരലും പിടിച്ചു പ്രകടനം വരുന്നതു കണ്ടിട്ടും പൊലീസ് ഇടപെട്ടില്ല.