സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ ഇനി കൊച്ചിയുടെ ആകാശത്തു കൂടി പറപറക്കും. മെട്രോയ്ക്കു ആവശ്യമായ അന്തിമ സുരക്ഷാ അനുമതിയും ലഭിച്ചതോടെയാണ് കൊച്ചി മെട്രോ ഇനി ആകാശത്തേയ്ക്കു കുതിച്ചുയരാനൊരുങ്ങുന്നത്. കേന്ദ്ര മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ യാത്രാനുമതിയായി. കഴിഞ്ഞ ആഴ്ച നടത്തിയ സുരക്ഷാ പരിശോധന തൃപ്തികരമായതിനെത്തുടർന്നാണിത്. സർക്കാർ തീയതി തീരുമാനിച്ചാൽ വൈഡൂര്യ പച്ചനിറത്തിൽ കൊച്ചിയുടെ ആകാശപാതയിൽ മെട്രോ കുതിച്ചു പായും.
രാജ്യത്തെ മികച്ച മെട്രോയാണ് ഇതെന്നു വിലയിരുത്തി ഇന്നലെ വൈകിട്ടോടെയാണ് അനുമതി പത്രം കെ.എം.ആർ.എൽ. അധികൃതർക്കു കമ്മിഷണർ കൈമാറിയത്. മൂന്നു ദിവസമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചെറിയ പോരായ്മകൾ പരിഹരിക്കാൻ ഒരാഴ്ച അനുവദിച്ചിട്ടുണ്ട്. ഇനി ഉദ്ഘാടനത്തീയതി കുറിക്കുകയേ വേണ്ടു. അടുത്തമാസം പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണു ശ്രമം. സുരക്ഷാകാര്യങ്ങളിൽ കമ്മിഷണർ പൂർണതൃപ്തി പ്രകടിപ്പിച്ചു. മെട്രോ സ്റ്റേഷനുകളിലെ സൗകര്യങ്ങളും ഭംഗിയും തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ആദ്യമായി മെട്രോയിൽ പരീക്ഷിക്കുന്ന കമ്യൂണിക്കേഷൻ ബേസിഡ് സിഗ്നലിങ് സംവിധാനത്തിലാണ് ചില പോരായ്മകൾ കണ്ടെത്തിയത്. സ്റ്റേഷനുകളിലെ അനൗൺസ്മെന്റ് സംവിധാനത്തിലും അപാകത കണ്ടെത്തിയിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ആദ്യഘട്ട സർവീസ് തുടങ്ങുന്ന ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലാണ് സംഘം പരിശോധന നടത്തിയത്.