സ്വന്തം ലേഖകൻ
കൊച്ചി: മെട്രോയിൽ ആദ്യ ദിനം നാട്ടുകാർക്കു യാത്രയൊരുക്കി കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ പുലിവാല് പിടിച്ചു. കൊച്ചി മെട്രോയിൽ കയറി കറങ്ങിയ മലയാളി തനിക്കൊണം കാട്ടി. പേപ്പറുകൾ വിൻഡ് ഗ്ലാസിനിടയിൽ കുത്തിക്കയറ്റുകയും, ഭിത്തിയിൽ പോറൽ വീഴ്ത്തുകയും, ട്രെയിനിനുള്ളിൽ പേപ്പർ വലിച്ചു കീറി ഇടുകയും ചെയ്തിട്ടുണ്ട്. വിൻഡ് ഗ്ലാസിനിടയിൽ പേപ്പർ കുത്തിത്തിരുകിയ യുവാവിനെ കണ്ടെത്താൻ കൊച്ചി മെട്രോ അധികൃതർ പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോറയിൽ ഉദ്ഘാടനം ചെയ്ത ശേഷം തിങ്കളാഴ്ച മുതലാണ് യാത്രക്കാർക്കു യാത്ര ചെയ്യാൻ സൗകര്യം ഒരുക്കി നൽകിയത്. ഇതേ തുടർന്നു ഇന്നലെ മുതൽ മെട്രോയിൽ യാത്ര ചെയ്യാൻ വൻ തിരിക്കായിരുന്നു. മെട്രോയിൽ യാത്ര ചെയ്യുന്നതിനു വൻ സുരക്ഷാ സംവിധാനങ്ങളും നിർദേശങ്ങളുമാണ് ഒരുക്കി വച്ചിരുന്നത്. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് ഇന്നലെ മലയാളികൾ മെട്രോ ട്രെയിനിലേയ്ക്കു ഇടിച്ചു കയറിയത്.
ആദ്യ ദിനം ഉച്ചവരെയുള്ള മെട്രോയാത്ര കഴിഞ്ഞപ്പോൾ തന്നെ മലയാളിയുടെ തനിസ്വഭാവം പുറത്തു വന്നു തുടങ്ങി. മെട്രോ ട്രെയിനിനുള്ളിൽ പേപ്പറുകളും ചവറുകളും വലിച്ചെറിഞ്ഞ ശേഷമാണ് മലയാളികളിൽ പലരും ട്രെയിനിൽ നിന്നു മടങ്ങിയത്. രണ്ടോ മൂന്നോ സ്ഥലത്ത് സൈഡ് ഗ്ലാസിന്റെ റബർ ട്യൂബുകൾക്കിടയിൽ പേപ്പർ കുത്തിത്തിരുകാനും പ്രബുദ്ധരായ മലയാളി യാത്രക്കാർ മറന്നില്ല. മെട്രോ ട്രെയിനുകളിൽ ചെയ്യരുതാത്ത കാര്യങ്ങളുടെ പട്ടിക തന്നെ സ്റ്റേഷനുകളിൽ തയ്യാറാക്കി വച്ചിട്ടുണ്ട്. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് ആദ്യ ദിനം തന്നെ മലയാളികൾ ട്രെയിനുള്ളിൽ വൃത്തികേടാക്കികിയിരിക്കുന്നത്.
ഇതിനിടെ ട്രെയിനുള്ളിൽ പേപ്പർ ഉപേക്ഷിച്ചവരെയും ട്രെയിൻ വൃത്തികേടാക്കിയവരെയും കണ്ടെത്തി കർശന നടപടിയെടുക്കുന്നതിനു കൊച്ചി മെട്രോ റയിൽ കോർപ്പറേഷൻ അധികൃതരും നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിസിടിവി പരിശോധന നടത്തി പ്രതികളെ കണ്ടെത്തി നോട്ടീസ് അയക്കും.