കൊച്ചി മെട്രോയുടെ പകുതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയപ്പോള്‍ 400 കോടി മിച്ചം പിടിച്ച് ഇ ശ്രീഝരന്‍; കമ്മീഷനും കൈക്കുലിയുമില്ലാതെ കൊച്ചി മെട്രോ

കൊച്ചി: മെട്രോമാന്‍ ഇ ശ്രീധരന്‍ വീണ്ടും കേരളത്തെ ഞെട്ടിയ്ക്കുകയാണ്. കൈക്കൂലിക്കാരും അഴിമതിക്കാരും കയ്യിട്ടുവാരിയിരുന്ന പാലം നിര്‍മ്മാണ മേഖലയില്‍ സര്‍ക്കാരിന് അടങ്കല്‍ തുടയില്‍ നിന്ന് കോടികള്‍ തിരികെ നല്‍കിയാണ് ശ്രീധരന്‍ മലയാളികളെ പാഠം പഠിപ്പിച്ചത്. കൊച്ചിയിലെ നിരവധി മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ഡല്‍ഹി മെട്രോ കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സര്‍ക്കാരിന് കോടികളുടെ വിഹിതം തിരിച്ചുനല്‍കി. കേരളത്തിലാദ്യമായിട്ടായിരിക്കും കരാറുകാര്‍ കോടികള്‍ സര്‍ക്കാരിന് തന്നെ തിരിച്ച് നല്‍കുന്നത്.

കൊച്ചി മെട്രോയൂടെ പകുതി പണികളേ ഇതുവരെ പൂര്‍ത്തിയായുള്ളൂ. അതിനിടെ തന്നെ കൊച്ചി മെട്രോ നിര്‍മ്മാണത്തിനു പ്രതീക്ഷിച്ചിരുന്ന ചെലവില്‍ നിന്ന് ഇതുവരെ 400 കോടി രൂപ മിച്ചമുണ്ടാക്കാനായെന്ന് ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വെളിപ്പെടുത്തുകയാണ്. നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ വലിയ ലാഭം കണ്ടെത്താന്‍ കഴിയും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗം മാര്‍ച്ച് അവസാനത്തോടെ കമ്മിഷന്‍ ചെയ്യാനാകും. മാര്‍ച്ചില്‍ത്തന്നെ മെട്രോ സര്‍വീസ് ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കൊച്ചി മെട്രോ നിര്‍മ്മാണം കേരളത്തിന് പുതിയ മാതൃകയാവുകയാണ്. കമ്മീഷന്‍ മോഹമില്ലെങ്കില്‍ എന്തും ഏതും വേഗത്തിലും നിലവാരത്തിലും യാഥാര്‍ത്ഥ്യമാക്കാമെന്ന വസ്തുതയാണ് വീണ്ടും വീണ്ടും ശ്രീധരന്‍ തെളിയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹി മെട്രോയുടെ അതേ സാങ്കേതികവിദ്യ തന്നെയാണു കൊച്ചി മെട്രോയിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഡല്‍ഹി മെട്രോ നിര്‍മ്മാണത്തില്‍ ലഭിച്ച സമാധാന അന്തരീക്ഷം കൊച്ചി മെട്രോയുടെ കാര്യത്തില്‍ ലഭിക്കുന്നില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി. കൊച്ചി മെട്രോ ഏറ്റെടുത്തതുമുതല്‍ കമ്മീഷന്‍ മോഹികളായ ഉദ്യോഗസ്ഥര്‍ ശ്രീധരനെ തുരത്താന്‍ രംഗത്തുണ്ടായിരുന്നു. മോണോ റെയില്‍ പദ്ധതികള്‍ ശ്രീധരന് കിട്ടാതിരിക്കാനും കളികള്‍ നടത്തി. ഇത് ഇപ്പോഴും തുടരുന്നുവെന്നാണ് ശ്രീധരന്‍ വാക്കുകളിലൂടെ നല്‍കുന്ന സൂചന. എങ്കിലും കരാര്‍ തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കി കൊച്ചി മെട്രോയെ വിസ്മയമാക്കി അഴിമതി രഹിത പ്രവര്‍ത്തനത്തിന്റെ പുതു മാതൃക സൃഷ്ടിക്കാന്‍ തന്നെയാണ് ശ്രീധരന്റെ ലക്ഷ്യം.

കൊച്ചി മെട്രോയില്‍ കരാറുകാരില്‍ നിന്നുണ്ടായ സഹകരണമാണു 400 കോടി രൂപ മിച്ചം പിടിക്കാന്‍ സഹായിച്ചതെന്ന് ഇ. ശ്രീധരന്‍ പറയുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ പദ്ധതിവിഹിതത്തില്‍ വലിയ ലാഭം കണ്ടെത്താനാകും. ഒന്നാം ഘട്ടമായി ആലുവ മുതല്‍ പേട്ട വരെയും രണ്ടാം ഘട്ടം പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുമാണ് തീരുമാനിച്ചിട്ടുള്ളത്. മൂന്നാം ഘട്ടം കൂടി അടിയന്തരമായി തുടങ്ങണം. മഹാരാജാസ് വരെ ആദ്യഘട്ട സര്‍വീസ് ആരംഭിക്കണമെന്ന് മെട്രോയെക്കുറിച്ച് കഴിഞ്ഞ മാസം നടന്ന അവലോകനയോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പാലാരിവട്ടം വരെ മാത്രമേ ഇപ്പോള്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നും ജൂണില്‍ മഹാരാജാസ് വരെ മെട്രോ ഓടിത്തുടങ്ങുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.

ഡി.എം.ആര്‍.സിയും കെ.എം.ആര്‍.എല്ലും തമ്മിലുള്ള കരാര്‍ ഈ ജൂണില്‍ അവസാനിക്കും. കരാര്‍ പുതുക്കലിനെപ്പറ്റി തീരുമാനിക്കേണ്ടത് കെ.എം.ആര്‍.എല്ലാണ്. വൈറ്റില മുതല്‍ പേട്ട വരെയുള്ള ഭാഗത്തേക്കുള്ള നിര്‍മ്മാണത്തിന് ഉടനെ പുതിയ ടെന്‍ഡര്‍ വിളിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. വൈറ്റില മുതല്‍ പേട്ട വരെയുള്ള ഭാഗത്തേക്കുള്ള നിര്‍മ്മാണത്തിനായി ആദ്യം വിളിച്ച ടെന്‍ഡറില്‍ ആരും പങ്കെടുത്തിരുന്നില്ല. രണ്ടാം ടെന്‍ഡറില്‍ ഒരു കമ്പനി മാത്രമാണു പങ്കെടുത്തത്. എന്നാല്‍ ഇവര്‍ മുന്നോട്ടുവച്ച തുക ഉയര്‍ന്നതായതിനാല്‍ ടെന്‍ഡര്‍ റദ്ദാക്കുകയായിരുന്നു.

Top