കേരളത്തിന്റെ സ്വപ്‌നം കൊച്ചി മെട്രോ ഇന്ന് ട്രാക്കിലേക്ക് ..രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോയില്‍ ഉദ്ഘാടനയാത്ര നടത്തും. തുടര്‍ന്ന് കലൂരില്‍ പ്രൗഢ ഗംഭീരമായ ഉത്ഘാടന ചടങ്ങുകളാണ് നടത്തുന്നത്. കനത്ത സുരക്ഷയാണ് നഗരത്തിലെങ്ങും ഒരുക്കിയിരിക്കുന്നത്.റോഡ് ഗതാഗതത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട് .
ഇന്ന് രാവിലെ പത്തേ കാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തിലെത്തും. 10.35ന് പാലാരിവട്ടത്ത് ഉത്ഘാടനം നിര്‍വഹിച്ച ശേഷം പത്തടിപ്പാലം വരെയും തിരിച്ചും ഉദ്ഘാടനയാത്ര. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ കൂടെയുണ്ടാകും.
തുടര്‍ന്ന് കലൂരിലെത്തി 11 മണിക്ക് മെട്രോ പദ്ധതി നാടിനു സമര്‍പ്പിക്കും. ക്ഷണിക്കപ്പെട്ട 3500ഓളം അതിഥികള്‍ക്ക് മാത്രമാണ് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഉദ്ഘാടന വേദിയുടെ സുരക്ഷാചുമതല എസ്പിജിക്കാണ്. 2000താളം പോലീസുകാരെയും വിവിധയിടങ്ങളില്‍ സുരക്ഷയൊരുക്കാനായി നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മടങ്ങും വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്.
മെട്രോ ഉദ്ഘാടനത്തിന് പുറമെ പി എന്‍ പണിക്കര്‍ ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന വായന മാസാചാരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പന്ത്രണ്ടേകാലിന് സെന്റ് തെരേസാസ് കോളേജില്‍ ആണ് ചടങ്ങ്. അവിടെ നിന്ന് വീണ്ടും നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 1.25ന് അദ്ദേഹം മടങ്ങും. ഉദ്ഘാടനത്തിന് ശേഷം ഫ്രഞ്ച് അംബാസഡര്‍ അടക്കമുള്ള വിശിഷ്ടാതിഥികള്‍ മെട്രോയില്‍ യാത്ര ചെയ്യും.
നാളെ നഗരത്തിലെയും പരിസരത്തെയും അനാഥാലയങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികള്‍ക്ക് സ്‌നേഹയാത്ര ഒരുക്കിയിട്ടുണ്ട്. മറ്റന്നാളാണ് പൊതുജനത്തിനായി മെട്രോ തുറന്നുകൊടുക്കുക. രാവിലെ ആറ് മുതല്‍ രാത്രി 10വരെയായിരിക്കും സര്‍വീസ് .