കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വ്വഹിക്കുമെന്ന് പിണറായി വിജയന്‍; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രാധാനമന്ത്രിയെ ഒഴിവാക്കിയെന്ന് വാര്‍ത്തകള്‍ സത്യമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്ത്. മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മെട്രോയുടെ ഉദ്ഘാടനതീയതി സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെട്രോ ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ മെട്രോ ഉദ്ഘാടനത്തിനായി സമയം മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസുമായി സര്‍ക്കാര്‍ നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്. മെയ് മുപ്പതിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നുള്ളത് തെറ്റായ വാര്‍ത്തയാണ് മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തില്ല എന്ന് പറഞ്ഞാല്‍ മാത്രമേ മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്നും അതുവരെ അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതിക്കായി സര്‍ക്കാര്‍ കാത്തിരിക്കുമെന്നും മെട്രോ ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത് പോലെ മെയ് 30 ന് ഉണ്ടാകില്ലെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ തീയതിയില്‍ ഉദ്ഘാടനം നടത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏപ്രില്‍ 11 ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കില്ലെന്നുമുള്ള കടകംപള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതോടെയാണ് മന്ത്രിയെ തിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്ത് വന്നത്. പ്രസ്താവന വിവാദമായതോടെ ഉദ്ഘാടന തീയതില്‍ കടുംപിടുത്തമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി

മെയ് 29 മുതല്‍ ജൂണ്‍ നാലുവരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. അതിനാല്‍ ഈ ദിവസങ്ങളില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കില്ലെന്ന് ആദ്യമേ വ്യക്തമായിരുന്നു. ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി മുപ്പതിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി പ്രഖ്യാപിച്ചത്.

ജൂണ്‍ അഞ്ച്, ആറ് തിയതികളില്‍ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ പ്രധാനമന്ത്രിക്കായി കാക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികദിനത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.ഉദ്ഘാടന തിയതി കേന്ദ്രനഗരവികസന മന്ത്രാലയത്തേയും കെഎംആര്‍എല്ലിനേയും അറിയിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

മോദിയെ കാക്കാതെ മെട്രോയുടെ ഉദ്ഘാടനം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ബിജെപിയെ ചൊടിപ്പിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും, സര്‍ക്കാരിന്റെ പിടിവാശിയാണ് ഉദ്ഘാടനം മെയ് 30 ന് തന്നെ നടത്താനുള്ള തീരുമാനമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനത്തിന്റെ തീയതി ഏപ്രില്‍ 19 നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണെന്നും മെയ് 29 മുതല്‍ ജൂണ്‍ 3 വരെ പ്രധാനമന്ത്രി ഇന്ത്യയില്‍ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചത് തികഞ്ഞ അല്‍പ്പത്തമാണെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുത്. ടീം ഇന്ത്യ എന്ന സ്പിരിററിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

അതേസമയം മെട്രോ ഉദ്ഘാടനവിവാദത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മെട്രോ ആര് ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അത് സര്‍ക്കാരിന്റെ അവകാശമാണ് അതില്‍ കൈ കടത്താന്‍ ഞങ്ങളില്ല ചെന്നിത്തല പറഞ്ഞു.

എന്നാല്‍ കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെവി തോമസിന്റെ നിലപാട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷമാക്കി കൊച്ചി മെട്രോ ഉദ്ഘാടനത്തെ മാറ്റരുതെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് കൊച്ചി മെട്രോ യഥാര്‍ഥ്യമാക്കിയതെന്നും എറണാകുളം എംപി കൂടിയായ കെവി തോമസ് ചൂണ്ടിക്കാട്ടി.

Top