കൊച്ചി മെട്രോയിലേത് ചോര്‍ച്ചയല്ല;മെട്രോയില്‍ കണ്ടത് എസിയില്‍ നിന്നുള്ള വെള്ളം

കൊച്ചി: കേരളത്തില്‍ പെയ്യുന്ന കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രെയിനിന്റെ ഉള്‍വശം ചോരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു. ട്രെയിനിനുള്ളിലെ എയര്‍ കണ്ടീഷണര്‍ ഫില്‍റ്ററിന്റെ തകരാറാണ് ഇതിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു.എയര്‍കണ്ടീഷണറില്‍ നിന്നുള്ള വെള്ളം പുറത്തേക്ക് പോകുന്ന കുഴല്‍ ട്രെയിനിന്റെ താഴെയാണ് ഘടിപ്പിച്ചിരിക്കുന്നത്. വളവുകളില്‍ കൂടി പോകുമ്പോള്‍ ഈ വെന്റ് തേര്‍ഡ് റെയിലില്‍ തട്ടി ജാമായതിനാല്‍ വെള്ളം പോകുന്നത് തടസപ്പെട്ടു. ഇത് എസിക്കുള്ളിലൂടെ ഒഴുകിയതാണ് ചോര്‍ച്ചയായി തെറ്റിദ്ധരിച്ചത്.
പ്രശ്‌നം കണ്ടെത്തിയ ട്രെയിന്‍ മുട്ടം യാര്‍ഡില്‍ എത്തിച്ചു. ട്രെയിനുകള്‍ നിര്‍മിച്ചു നല്‍കിയ അല്‍സ്റ്റോം കമ്പനി തന്നെയാണ് പ്രശ്‌നം പരിഹരിക്കുന്നത്. മറ്റു ട്രെയിനുകളിലും ഈ തകരാര്‍ വരാനിടയുള്ളതുകൊണ്ട് അവയും പരിശോധിക്കും. കൊച്ചി മെട്രോയ്ക്കായി നിര്‍മിച്ചു നല്‍കാനിരിക്കുന്ന ട്രെയിനുകളും ഈ പ്രശ്‌നം പരിഹരിച്ചേ നിര്‍മാണം പൂര്‍ത്തിയാക്കൂ എന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

Top